ചിരഞ്ജീവി നായകനായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തെ പറ്റിയുള്ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കഥാപാത്രത്തിന്റെ പേര് തെറ്റായിട്ടാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വാര്‍ത്തയില്‍ കൊടുത്തിരിക്കുന്നത്.
‘സല്‍മാന്‍ ഖാന്റെ കഥാപാത്രമായ വേട്ടാവളിയന്‍ മസൂദ് ഭായി’ ( Salman Khan, saying that his character in the film — Vettavaliyan Masood Bhai) എന്നാണ് വാര്‍ത്തയില്‍ കൊടുത്തിരിക്കുന്നത്. മസൂദ് ഭായ് എന്നാണ് ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ കഥാപാത്രത്തിന്റെ പേര്.
ഗോഡ്ഫാദറിന്റെ വിജയത്തില്‍ സല്‍മാന് ചിരഞ്ജീവി നന്ദി പറഞ്ഞുവെന്ന വാര്‍ത്തയിലാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് തെറ്റ് പറ്റിയത്. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒക്ടോബര്‍ എട്ടിനാണ് ഈ വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ട്രോളുകള്‍ ഉയര്‍ന്നിട്ടും വാര്‍ത്ത ഇതുവരെ എഡിറ്റ് ചെയ്തിട്ടില്ല.
2019ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാനാണ് ചെയ്തത്. കൂടാതെ മഞ്ജു വാര്യര്‍ക്ക് പകരം നയന്‍താരയും ചിത്രത്തില്‍ അഭിനയിച്ചു.
മോഹന്‍ രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കെത്തിയത്. റിലീസ് ദിവസം മുതല്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ ആകെ നേടിയ ഗ്രോസ് 69.12 കോടിയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. നാലാം ദിനത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോര്‍ട്ട്.
Content Highlight: The name of Bollywood actor Salman Khan’s character in godfather has been wrongly given in the news of Hindustan Times