| Monday, 17th October 2022, 9:08 am

പല സിനിമക്കും വേണ്ടി ചോദിച്ചിരുന്നു, റോഷാക്കില്‍ കാറിനെ ആ അവസ്ഥയില്‍ കണ്ടപ്പോള്‍ നെഞ്ചു തകര്‍ന്നുപോയി; മസ്താങ് ഉടമ അലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷാക്കില്‍ കഥാപാത്രങ്ങളെ പോലെ മുഴുനീള സാന്നിധ്യമുള്ള ഒന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലൂക്ക് ആന്റണിയുടെ കാര്‍. മരത്തിലിടിച്ച് മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ് ചിത്രത്തില്‍ കാര്‍ കടന്നുവരുന്നത്.

തുടക്കം മുതല്‍ അവസാനം വരെ ഈ നിലയില്‍ തുടരുന്ന കാറില്‍ ചില പ്രധാന രംഗങ്ങളും നടക്കുന്നുണ്ട്.കാറിനെ കുറിച്ചും സിനിമയില്‍ അത് ഉപയോഗിച്ച രീതിയെ കുറിച്ചും റിലീസിന് മുന്‍പ് നല്‍കിയ അഭിമുഖങ്ങളില്‍ മമ്മൂട്ടിയും സഞ്ജു ശിവരാമനും സംസാരിച്ചിരുന്നു.

അലന്‍ എന്നയാളുടേതാണ് മസ്താങ് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. കാറിനേക്കുറിച്ചും പല സിനിമകളിലേക്ക് കാര്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിനേക്കുറിച്ചും പറയുകയാണ് അലന്‍. റോഷാക്കിന് വേണ്ടി കൊടുക്കാനുള്ള കാരണം മമ്മൂക്കയാണെന്നും ബിഹൈന്‍വുഡ്‌സിനോട് അദ്ദേഹം പറഞ്ഞു.

”പതിനെട്ടാം പിറന്നാളിന് എന്റെ സഹോദരന്‍ സമ്മാനമായി തന്നതാണ് ഈ കാര്‍. ഒരുപാട് സിനിമകളില്‍ നിന്നും ഓഫര്‍ വന്നിട്ടും ഞാന്‍ ഈ കാര്‍ കൊടുത്തിട്ടില്ല. റോഷാക്കിന് വേണ്ടി കൊടുക്കാനുള്ള കാരണം മമ്മൂക്കയാണ്. മമ്മൂക്കയെ എനിക്ക് അത്രയും ഇഷ്ടമാണ്.

കാറിന്റെ ഇപ്പോഴത്തെ റെഡ് കളര്‍ അല്ല സിനിമയില്‍. ഡയറക്ടറിന് ഒരു ഷേഡി ഔട്ട് ലുക്ക് വേണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ബ്രൈറ്റ് കളറായ റെഡ് മാക് ഫിനിഷുള്ള ഗ്രേ കളറിലേക്ക് മാറ്റി.

സിനിമയുടെ ട്രെയിലറില്‍ കാണാന്‍ കഴിയും കുറച്ച് ഡാമേജൊക്കെ വരുത്തിയിട്ടുണ്ട്. അതൊക്കെ ആര്‍ട്ട് വര്‍ക്കാണ്. വണ്ടിയുടെ ഒറിജിനല്‍ പാര്‍ട്ടെല്ലാം നമ്മള്‍ റിമൂവ് ചെയ്ത് മാറ്റി, എന്നിട്ട് നമ്മുടെ ആര്‍ട്ട് ടീം ആ ഒരു ഒറിജിനാലിറ്റി കൊണ്ടുവരാന്‍ ശരിക്ക് കഷ്ടപ്പെട്ടു.

സിനിമയില്‍ നിങ്ങള്‍ക്ക് കാണാം ഗ്ലാസൊക്കെ പൊട്ടിക്കിടക്കുന്നത്. അതും ആര്‍ട്ട് വര്‍ക്കാണ്. അതിനെക്കുറിച്ച് ഡയറക്ടര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു. ആക്‌സിഡന്റ് സീനിന് വേണ്ടി ആര്‍ട്ട് വര്‍ക്ക് ചെയ്യുമെന്ന് പക്ഷേ പറഞ്ഞപ്പോള്‍ അത് മനസിലില്ലായിരുന്നു. വര്‍ക്ക് എല്ലാം കഴിഞ്ഞ് നേരിട്ട് കണ്ടപ്പോള്‍ നല്ല വിഷമം തോന്നി. വണ്ടി ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും വണ്ടിയെ ആ കണ്ടീഷനില്‍ കാണുമ്പോള്‍ സങ്കടം വരും എന്നാല്‍ അതു റിയലായിട്ട് സംഭവിച്ചതല്ലെന്ന് അറിയുന്നതുകൊണ്ട് മനസിന് ആശ്വാസം തോന്നി.

സാധാരണ റോഡിലൂടെ പോകുമ്പോള്‍ തന്നെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. സിനിമ ഇറങ്ങിയതോടെ കൂടുതല്‍ ആളുകള്‍ നോട്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്,” അലന്‍ പറഞ്ഞു.

തന്റെ കാര്‍ ആയിരുന്നെങ്കില്‍ ഒരിക്കലും ഈ സിനിമയ്ക്ക് വേണ്ടി കാര്‍ കൊടുക്കില്ലായിരുന്നെന്ന് മമ്മൂക്ക നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘അലന്‍ എന്നൊരു പയ്യന്റേതാണ് ആ വണ്ടി. സിനിമയോട് വലിയ പ്രാന്തുള്ള പയ്യനായതുകൊണ്ടാണ് അവന്‍ അത് കൊടുത്തത്. ഞാനായിരുന്നെങ്കില്‍ എന്റെ വണ്ടി കൊടുക്കില്ലായിരുന്നു. അമ്മാതിരി തെമ്മാടിത്തരമാണ് ആ വണ്ടിയോട് കാണിച്ചിട്ടുള്ളത്(ചിരിക്കുന്നു).

കാറിനൊന്നും പറ്റിയിട്ടില്ലാട്ടോ. സിനിമയില്‍ മരത്തിലിടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയില്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിക്കുന്നതും. ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാര്‍ട്സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി,’ മമ്മൂട്ടി പറഞ്ഞു.

content highlight: The Mustang was asked for several films, and the reason given to Rorschach was: Allen

We use cookies to give you the best possible experience. Learn more