| Monday, 2nd October 2023, 11:48 pm

'മലപ്പുറത്തെ മുസ്‌ലിം സ്ത്രീയും തട്ടവും കമ്മ്യൂണിസവും'; നാസ്തിക സമ്മേളനത്തില്‍ കെ. അനില്‍കുമാര്‍ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാണെങ്കില്‍ ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സി.പി.ഐ.എം വിശ്വസിക്കുന്നില്ല എന്ന് കെ. അനില്‍ കുമാര്‍.

മുസ്‌ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് എസ്സന്‍സിനോടല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നതെന്നും നാസ്തിക സമ്മേളന വേദിയില്‍ അനില്‍കുമാര്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നുണ്ട്.

തട്ടം തലയില്‍ ഇടാന്‍ വന്നാല്‍ അത് വേണ്ട എന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും അഡ്വ. കെ. അനില്‍കുമാര്‍ പ്രസംഗത്തില്‍ പറയുന്നു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്’23- നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം.

ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തില്‍ കെ. അനില്‍കുമാര്‍ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം

ആളുകള്‍ എല്ലാം പട്ടിണി കിടക്കുന്ന സമൂഹം മത രഹിതമാണെങ്കില്‍ അത് പുരോഗമന സമൂഹം ആണെന്ന് സി.പി.ഐ.എം വിശ്വസിക്കുന്നില്ല.

കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫലമായി ഇന്ത്യ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് 1957ലെ വിദ്യാഭ്യാസ നിയമം മുതല്‍, 57ലെ ഭൂപരിഷ്‌കരണ നിയമം മുതല്‍ ഭൂമി കൊടുക്കാനും വിദ്യാഭ്യാസം കൊടുക്കാനും തുല്യ ജോലി വാങ്ങി കൊടുക്കാനും കൂലി വാങ്ങികൊടുക്കാനും പരിശ്രമിച്ചതിന്റെ ഭാഗമായി പട്ടിണി ഏറ്റവും കുറഞ്ഞ നാടായി കേരളത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി അടയാളപ്പെടുത്തിയ മുഖമുണ്ട്.

മുസ്‌ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് എസ്സന്‍സിനോട് അല്ല, മാര്‍സിസ്റ്റ് പാര്‍ട്ടിയോട് ആണ്. ഒരു യുക്തിവാദി പ്രസ്ഥാനത്തിന്റേയും പിന്തുണ കൊണ്ട് അല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുക എന്ന് പറയുന്നത് മുതലാളിയുടെ പണിയല്ല, കോര്‍പറേറിന്റെ പണിയല്ല. പട്ടിണി മാറ്റേണ്ടത് വര്‍ഗ്ഗ സമരത്തിന്റെ ഭാഗമായി തൊഴിലാളിയുടെ പണിയാണ്, കൃഷിക്കാരന്റെ പണിയാണ്.

ആ കൃഷിക്കാരന്‍ ദൈവത്തില്‍ വിശ്വസിക്കുന്നണ്ടാകും, മതത്തില്‍ വിശ്വസിക്കുന്നുണ്ടാകും അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണം ചെയ്യുന്നതിനെ എതിര്‍ക്കുക എന്നതാണ് ഞങ്ങളുടെ പൊളിറ്റിക്ക്സ്.

ഞങ്ങളുടെ ഒന്നാമത്തെ അജണ്ട എന്നുപറയുന്നത് ഇന്ന് കോര്‍പ്പറേറ്റ് നാടിനെ വിഴുങ്ങുമ്പോള്‍ അതിനെ എതിര്‍ക്കുന്ന സമരത്തിനാണ് ഞങ്ങള്‍ പ്രാധ്യാനം കൊടുക്കുന്നത്.

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ എങ്ങനെ നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. മലപ്പുറത്തെ വിദ്യാഭ്യാസം നോക്കു, അത് ഏതെങ്കിലും മത സംഘടന ഉണ്ടാക്കിയ വിദ്യാഭ്യാസം ആണോ.?

മലപ്പുറം ജില്ല രൂപീകരിക്കുകയും മലപ്പുറം ജില്ലയില്‍ വരുന്ന മാറ്റത്തിന്റെ ഭാഗമായി മലപ്പുറത്ത് വരുന്ന പുതിയ പെണ്കുട്ടികളെ കാണു നിങ്ങള്‍…!

തട്ടം തലയില്‍ ഇടാന്‍ വന്നാല്‍ അത് വേണ്ട എന്ന് പറയുന്ന പെണ്കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് ഈ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നത് ഭാഗമായി തന്നെയാണ്. വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് തന്നെ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് സ്വതന്ത്ര ചിന്ത വന്നതില്‍ ഈ പ്രസ്താനത്തിന്റെ പങ്ക് ചെറിയത് അല്ല.

ഇവിടെ ആര്‍.എസ്.എസ് വ്യാജ ഏകത്വം ഉണ്ടാക്കാന്‍ നോക്കുന്നു. ഇന്ത്യ രാജ്യത്ത് ഒരു സിവില്‍ കോഡ് ഉണ്ട്. ഇന്ത്യ രാജ്യത്ത് ആര്‍.എസ്.എസ് കൊണ്ടുവരാന്‍ പോകുന്ന ഏക സിവില്‍ കോഡിന്റെ കരട് നിങ്ങളുടെ കയ്യില്‍ കിട്ടിയിട്ടുണ്ടോ..?

എന്താണ് സിവില്‍ കോഡ് ? ഏതാണ് സിവില്‍ കോഡ്? ഏതാണ് മാതൃകപരമായ സിവില്‍ കോഡ്. ? ആരുടെ എങ്കിലും കയ്യില്‍ അത് ഉണ്ടോ ?

നമ്മള്‍ 2024ല്‍ യുദ്ധത്തിലേക്ക് പോകുമ്പോള്‍ മോദിയെ ഗുജറാത്തിലേക്ക് അയക്കുക എന്ന ചെറിയ കാര്യമല്ല ഉള്ളത്. നമ്മുടെ മനുഷ്യ മനസിന്റെ രാഷ്ട്ര ശരീരത്തിന്റെ നാടി ഞരമ്പിലേക്ക് വര്‍ഗീയത വലിച്ച് ഇറങ്ങിയിരിക്കുന്നു.

ഒരു സൈനികന്‍ വന്ന് പുറത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തി അതിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ കൃത്രിമ വൈരം ഉണ്ടക്കാന്‍ ശ്രമിക്കുന്നു. ആ വ്യാജ നിര്‍മ്മിതി ഉണ്ടാകുന്ന ഒരു സമൂഹത്തില്‍ നിന്നുകൊണ്ട് ഒരു വ്യാജ ഏകത്വം ഉണ്ടക്കാന്‍ ഒരു ഭരണകൂടം ശ്രമിക്കുമ്പോള്‍ അതിന് നിന്നുകൊടുക്കല്‍ ആണ് യു.സി.സിക്ക് വേണ്ടിയുള്ള വാദങ്ങള്‍.

എന്നാല്‍ അത് വേണ്ട എന്ന് സി.പി.ഐ.എം അഭിപ്രായപ്പെട്ടോ? സി.പി.ഐ.എം പറയുന്നത് ജനാധിപത്യ സമൂഹത്തിന്റെ വികാസത്തെ പറ്റിയാണ്. സിവില്‍ കോഡ് മാത്രമല്ല ഇന്നത്തെ രാഷ്ട്ര വ്യവസ്ഥയിലെ എല്ലാ കാര്യങ്ങളും മാറ്റി മറിക്കണം എന്ന അഭിപ്രായം ഞങ്ങള്‍ക്കുണ്ട്.

നിങ്ങള്‍ പറയുന്ന ഇടത് അല്ല ഞങ്ങള്‍ നല്‍കാന്‍ പോകുന്നത്. സമ്പത്തിന്റെ തുല്യതക്ക് വേണ്ടി ആരെങ്കിലും വാദിക്കുമോ…? ഒരു തുല്യതക്ക് വേണ്ടിയും നിങ്ങള്‍ വാദിക്കില്ല.

ഈ സമൂഹത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ നോക്കു. അത് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ്. ഗവേഷണങ്ങള്‍ നടക്കുമ്പോള്‍ ശാസ്ത്രം വികസിക്കുന്നു എന്നത് അന്ധ വിശ്വാസം ആണ്. എന്താ കാരണം, ഗവേഷണം ചൂഷണമില്ലാത്ത പൊതുവിന് വേണ്ടിയല്ല ചൂഷണം തീവ്രകരമാക്കാന്‍ വേണ്ടിയാണ്.

യൂണിഫോം സിവില്‍ കോഡ് സംസ്ഥാന ലിസ്റ്റില്‍ ആണോ കേന്ദ്ര ലിസ്റ്റില്‍ ആണോ, കണ്കറണ്ട് ലിസ്റ്റില്‍ ആണ്. ഇന്ത്യ രാജ്യത്ത് ഹിന്ദു നിയമം ഉണ്ടെങ്കില്‍ കേരളത്തില്‍ ഹിന്ദു നിയമത്തിന് എതിരായി നിയമം ഉണ്ടാക്കാന്‍ സാധിക്കുമോ ? ഏതെങ്കിലും മതനിയമത്തില്‍ കേരളത്തിന് മാത്രം നിയമം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ.. അങ്ങനെ ഒരു നിയമം സംസ്ഥാനത്തിന് ഉണ്ടാക്കാന്‍ കഴിയില്ല.

അദ്ദേഹം അത് മനപൂര്‍വ്വം പറഞ്ഞത് ആണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം പറഞ്ഞത് ഭരണ ഘടന വിരുദ്ധമാണ്. ഇന്ത്യ രാജ്യത്തിന്റെ ഭരണഘടനക്ക് അകത്ത് സംസ്ഥാനത്തിന് അങ്ങനെ ഒരു അധികാരമില്ല. ഗോവയില്‍ നടപ്പിലാക്കി എന്ന് പറഞ്ഞാലോ അത് ഏത് കാലത്താണ് ?

ആ നടപ്പിലാക്കിയ ഗോവയില്‍ പോലും എക്‌സപ്ക്ഷന്‍സ് ഇല്ലേ..? ഇന്ത്യന്‍ ഭരണഘടനയുടെ 371 (A to G) നിങ്ങള്‍ ഈ പൊതു സിവില്‍ കോഡുമായി മണിപ്പൂരിലോ, ആസമിലോ ത്രിപുരയിലോ കയറുമോ ?

മണിപ്പൂരിലെ സ്ത്രീകള്‍ നഗ്നാരായി പെരുവഴിയിലൂടെ നടക്കുമ്പോള്‍ അവര്‍ക്ക് ഉടുവസ്ത്രം കൊടുക്കുന്നത് ആണ് അടിയന്തരം. അല്ലാതെ യൂണിഫോം സിവില്‍ കോഡ് അല്ല.

ആ ഉടുവസ്ത്രം നഷ്ടപ്പെടുന്ന ഫാസിസം മുന്നില്‍ നില്‍ക്കുമ്പോഴാണ് നിങ്ങള്‍ സിവില്‍ കോഡിനെ പറ്റിയും സ്ത്രീയുടെ സ്വത്വത്തെ പറ്റിയും പറയുന്നത്. ഞങ്ങളുടെ മുന്നിലുള്ള അജണ്ട മണിപ്പൂരിലെ അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും ഉടുതുണി മടക്കി കൊടുക്കുക എന്നതാണ്. ആ ചുമതല അഭിമാനത്തോടെ നിര്‍വഹിക്കാന്‍ ഞങ്ങള്‍ ഈ നാട്ടില്‍ മുന്നിലുണ്ട്.

പിന്നെ എന്താണ് നവോത്ഥാനം? സ്ത്രീകളോട് അമ്പലത്തില്‍ പോകണ്ട പള്ളിയില്‍ പോകണ്ട എന്ന് അല്ല പറഞ്ഞത്. ആ കാലത്തെ ഒരു നാടകത്തിന്റെ പേര് ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്നാണ്.

1944ല്‍ ഈ.എം.എസ് പെരിന്തല്‍മണ്ണ ഓങ്ങല്ലുര്‍ ഒരു പ്രസംഗം നടത്തി, നമ്പൂതിരിമാരുടെ സമ്മേളനത്തിലെ പ്രസംഗം ആണത്. അതില്‍ ഈ.എം.എസ് പറഞ്ഞത്, നമ്പൂതിരിമാരായ സ്ത്രീകള്‍ പണിക്ക് പോകണം എന്നും, ഒരു പണിയും കിട്ടിയില്ല എങ്കില്‍ തോട്ടി പണിക്ക് പോകണമെന്നുമാണ്‌. അങ്ങനെ ഇ.എം.എസ്‌ പറഞ്ഞത് സ്ത്രീ അന്തസായി ജോലി എടുത്ത് ശ്രദ്ധിക്കപ്പെടണം എന്നത് കൊണ്ടാണ്. 44ല്‍ ആണ് ഈ.എം.എസ് അത് പറഞ്ഞത്.

അവിടെ നിന്ന് കേരളം വന്നു. കുടുംബശ്രീ ഉണ്ടായ ശേഷം സ്ത്രീ പദവി ഉയര്‍ന്നോ? നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പരിപാടികള്‍ അവതരിപ്പിച്ച ശേഷം സ്ത്രീ പദവി ഉയര്‍ന്നോ?

എസന്‍സും സി.പി.ഐ.എമ്മും തമ്മില്‍ മത്സരമില്ല, എന്തുകൊണ്ട് മത്സരമില്ല? എസന്‍സ് പ്രവര്‍ത്തിക്കുന്നത് ആശയ രംഗത്തും സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത് ഭൗതിക രംഗത്ത് ആണ്. ഭൗതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ചുമതല സ്ത്രീ പദവി ഉയര്‍ത്തുക എന്നത് ആണ്.

കോണ്ഗ്രസിനെ പറ്റിയോ ബി.ജെ.പിയെ പറ്റിയോ രവിചന്ദ്രന്‍ ഒന്നും പറഞ്ഞില്ല. ആരുടെ ഗവണ്മെന്റ് ആണ് കേരളത്തില്‍ സ്ത്രീയുടെ പദവി ഉയര്‍ത്തിയത്. സി.പി.ഐ.എം ആണ് ആക്രമിക്കപെട്ടത്.

നിങ്ങള്‍ തൊഴില്‍ ഉറപ്പിന് പോകുന്ന സ്ത്രീകളോട് ചോദിക്കു. നായനാര്‍ ഗവണ്മെന്റ് വന്ന ശേഷം കേരളത്തില്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി, കുടുംബശ്രീയുടെ ഭാഗമായി നമ്മുടെ നാട്ടിലെ അമ്മമാരുടെ കയ്യില്‍ പണം വരുമ്പോള്‍ അവരുടെ മനസില്‍ വരുന്ന അഭിമാന ബോധം സ്ത്രീ പദവി ഉയര്‍ത്തല്‍ ആണ്.

സമൂഹിക സുരക്ഷാ പെന്‍ഷന്‍ വഴി 1600 രൂപ വരുന്നു എങ്കില്‍ അത് സ്ത്രീ പദവി ഉയര്‍ത്തല്‍ ആണ്. അത്. മതപരമായ തെറ്റായ കാര്യങ്ങളെ നിരാകരിച്ചു കൊണ്ട് ആണ്.

Content Highlight:  The Muslim Woman in Malappuram and Communism K.Anilkumar’s speech’s Relevant parts in the atheist conference
We use cookies to give you the best possible experience. Learn more