ബെംഗളൂരു: മുസ്‌ലിം വിഭാഗക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാന്‍ എന്ന് വിളിച്ച കര്‍ണാടക ഹൈക്കോടതിയിലെ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍. കര്‍ണാടകയിലെ ഗോരി പാലിയ എന്ന പ്രദേശത്തെ കുറിച്ച് പരാമര്‍ശിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശം. കര്‍ണാടക ഹൈക്കോടതി ജഡ്ജ് വേദവ്യാസാചാര്‍ ശ്രീശാനന്ദയാണ് വിവാദ പരാമര്‍ശം നടത്തിയത്.
മൈസൂര്‍ റോഡ് മേല്‍പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെയുള്ള പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്.
‘മൈസൂര്‍ റോഡ് മേല്‍പാലത്തിലേക്ക് നോക്കൂ. ഓരോ ഓട്ടോയിലും പത്ത് പേരുണ്ടാകും. അതിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാക്കിസ്ഥാനിലെ ഗോരി പാലിയാണ്. ഇതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നിയമം ബാധകമല്ല. എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പൊലീസുകരാനായാലും അവിടെയുള്ളവര്‍ അദ്ദേഹത്തെ ഉപദ്രവിക്കും,’ കര്‍ണാടക ഹൈക്കോടതി ജഡ്ജി പരാമര്‍ശിച്ചു.
അതേസമയം ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഭരണഘടനയുടെ ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നുവെന്നാണ് പലരും ചോദിക്കുന്നത്.
‘ഒരു രാജ്യത്തെ ജഡ്ജി തന്റെ രാജ്യത്തെ പൗരന്മാരെ എങ്ങനെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നു. ഇതിലും നാണം കെട്ട മറ്റെന്തെങ്കിലും ഉണ്ടോ. ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതി ഇടപെടുമോ,’ ഇത്തരത്തിലാണ് ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം.
ഭരണകൂടത്തിന്റെ നടപടികള്‍ മുസ്‌ലിം സമുദായങ്ങളെ കൂടുതലായി ലക്ഷ്യമിടുന്നുണ്ടെന്നും അത് മുസ്‌ലിം വിഭാഗത്തിനിടയില്‍ വലിയ തോതിലുള്ള അവിശ്വാസത്തിനും കാരണമാവുന്നണ്ടെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: the muslim area of bengaluruwas called pakishthan; judge’s remarks in controversy