| Wednesday, 25th October 2023, 5:23 pm

'സത്യപാൽ മാലിക്കിന്റെ പുൽവാമ വെളിപ്പെടുത്തലുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു അതീഖ് അഹമ്മദിന്റെ കൊലപാതകം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പുൽവാമയുമായി ബന്ധപ്പെട്ട് സത്യപാൽ മാലിക് കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തെ മറച്ചുപിടിക്കാനായിരുന്നു അതീഖ് അഹമ്മദിന്റെ കൊലപാതകമെന്ന് രാഹുൽ ഗാന്ധി.

താൻ കരൺ ഥാപ്പറിന് അഭിമുഖം നൽകിയ ദിവസം നരേന്ദ്ര മോദി ചാനലുകളോട് അത് റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുവെന്നും അതിനിടയിലാണ് അതീഖ് അഹമ്മദിന്റെ കേസ് വന്നതെന്നും സത്യപാൽ മാലിക് രാഹുൽ ഗാന്ധിയുമായുള്ള സംഭാഷണത്തിൽ പറഞ്ഞു.

‘ഞാൻ കരൺ ഥാപ്പറിന് അഭിമുഖം നൽകിയ ദിവസം അദ്ദേഹം ചാനലുകളെ വിളിച്ച് അത് റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. അതിനിടയിൽ അതീഖ് അഹമ്മദിന്റെ കേസ് വന്നു. 10 ദിവസം വരെ അതായിരുന്നു ചാനലുകളിലെ ഹെഡ്ലൈൻ,’ സത്യപാൽ മാലിക് പറഞ്ഞു.

സത്യപാൽ മാലിക് പുൽവാമയെ കുറിച്ച് സംസാരിച്ചതുകൊണ്ടാണ് അതീഖ് അഹമ്മദിന്റെ കൊലപാതകം സംഭവിച്ചതെന്ന് താൻ തന്റെ സഹോദരിയോട് പറഞ്ഞിരുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു.

‘ഞാൻ അത് കണ്ടപ്പോൾ എന്റെ സഹോദരിയോട് പറഞ്ഞു, താങ്കൾ പുൽവമായെ കുറിച്ച് സംസാരിച്ചതുകൊണ്ടാണ് ഇത് (അതീഖ് അഹമ്മദിന്റെ കൊലപാതകം) സംഭവിച്ചതെന്ന്. പൂർണമായും ആളുകളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി. നിങ്ങൾ പുൽവമായെ കുറിച്ച് സംസാരിച്ചപ്പോൾ അവർ വളരെയധികം ഭയപ്പെട്ടിരുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, അതീഖ് അഹമ്മദിന്റെ കേസ് തന്റെ വെളിപ്പെടുത്തലുകളെ നിഷ്പ്രഭമാക്കിത്തീർത്തു എന്ന് സത്യപാൽ മാലിക് പറഞ്ഞു.

ഏപ്രിലിൽ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ പുൽവാമ ഭീകരക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മാലിക്
ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ച കാരണമാണെന്ന് അന്ന് ജമ്മു കശ്മീർ ഗവർണറായിരുന്ന താൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ ഇത് പുറത്തുപറയരുതെന്ന നിർദേശമാണ് ലഭിച്ചതെന്ന് സത്യപാൽ മാലിക് അന്ന് പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ ഗുണ്ടാനേതാവും മുൻ എം.പിയുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫും വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിനിടയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.

ഏപ്രിൽ 14നാണ് ദി വയറിൽ സത്യപാൽ മാലിക്കിന്റെ അഭിമുഖം പുറത്തുവന്നതെങ്കിൽ ഏപ്രിൽ 15നായിരുന്നു അതീഖ് അഹമ്മദിന്റെ കൊലപാതകം.

Content highlight: ‘The murder of Atiq Ahammed was to distract from the revelations of Sathyapal Malik on Pulwama’

We use cookies to give you the best possible experience. Learn more