| Saturday, 2nd November 2024, 12:00 pm

മുനമ്പം പ്രശ്‌നം സര്‍ക്കാര്‍ വിചാരിച്ചാല്‍ ഉടന്‍ പരിഹരിക്കാം; സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാവും: പി.കെ കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുനമ്പം പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഇറങ്ങുകയാണെങ്കില്‍ മുസ്‌ലിം സംഘടനകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ലീഗ് നേതാവും മുന്‍ എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം സംഘടനകളും ഫാറൂഖ് കോളേജ് അധികാരികളുമടക്കം ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണെങ്കില്‍ ഒരു ദിവസം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

നിയമപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തം അധികാരികള്‍ക്കാണെന്നും സാങ്കേതിക കാര്യങ്ങള്‍ക്കാണ് നിലവില്‍ പ്രശ്‌നങ്ങളെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന ഭൂമിയും സ്വത്തുവകകളും നഷ്ടപ്പെടരുതെന്ന് തീരുമാനിച്ചുവെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും യതൊരുവിധ വിയോജിപ്പും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘സ്ഥിതി ഇതായിരിക്കെ വെറുതെ ചില കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഒന്നും അറിയാത്ത ആളുകളെ പ്രതി സ്ഥാനത്ത് നിര്‍ത്തി ചില വര്‍ഗീയ ശക്തികള്‍ ആവശ്യമില്ലാത്ത പ്രചരണം നടത്തുകയാണ്. അത് അവസാനിപ്പിക്കണം. ക്യാമ്പെയിനിന് മുനമ്പം പ്രശ്‌നം ഉന്നയിക്കുകയല്ലാതെ പ്രശ്‌ന പരിഹാരം നടപ്പിലാക്കി കൊടുക്കുകയാണ് വേണ്ടത്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണെങ്കില്‍ ഒരു ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടും, ‘ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

‘ഇക്കാര്യത്തില്‍ ആര്‍ക്കും യാതൊരു വിധ തര്‍ക്കവുമില്ലെന്നും കാര്യങ്ങള്‍ പരിഹരിക്കാനുള്ള മുന്‍കൈയാണ് ആവശ്യമെന്നും സര്‍ക്കാര്‍ പറയുന്ന നിയമങ്ങളെ സ്വീകരിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ സംഘടനകളും തയ്യാറാണ്. പ്രശ്‌നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളോട് സഹകരിക്കുമെന്നാണ് ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായത്,’ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വരുത്തുന്ന കാലതാമസമാണ് മറ്റ് പ്രശ്‌നങ്ങളും ദുഷ്പ്രചരണങ്ങളുമുണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ വേഗത്തിലാക്കിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂവെന്നും കൂഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കക്ഷി ചേര്‍ന്ന ഫാറൂഖ് കോളേജും ഉണ്ടായിരുന്നുവെന്നും തീരുമാനങ്ങളോട് അവര്‍ക്കും എതിര്‍പ്പില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റ് വഴി പെട്ടെന്ന് തന്നെ നടപ്പിലാക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മത്സ്യ തൊഴിലാളികള്‍ക്കും അവരുടെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉള്‍പ്പെടെ അവരുടെ കാര്യത്തില്‍ വളരെ അനുകൂലമായ നിലപാട് തന്നെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.

അവര്‍ക്ക് എല്ലാ വിധത്തിലുള്ള പരിരക്ഷയും കൊടുക്കണമെന്നും കാലങ്ങളായി അവിടെ താമസിച്ച് വരുന്ന വളരെ സാധാരണക്കാരായ ആളുകളാണവരെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മുനമ്പത്തെ ജനങ്ങളെ ആരെയും ഇറക്കി വിടില്ലെന്നും പക്ഷെ അവരുടെ ഡോക്യുമെന്റുകള്‍ ക്ലിയര്‍ ചെയ്ത് നല്‍കണമെന്നുമാണ് അവരുടെ ആവശ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം എറണാകുളം ചെറായിയിലെ തര്‍ക്കം നിലനില്‍ക്കുന്ന 404 ഏക്കര്‍ വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശം ആദ്യം സന്ദര്‍ശിച്ച് പൊതുയോഗം നടത്തിയത് താന്‍ ആണെന്നും വി.ഡി. സതീശന്‍ അവകാശപ്പെട്ടിരുന്നു.

ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പ് അവിടെ താമസിച്ചിരുന്ന ആളുകളാണ്സമരം നടത്തുന്നതെന്നും ഇത്തരത്തില്‍ ജനങ്ങള്‍ താമസിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തെ വഖഫ് ഭൂമിയാക്കാന്‍ പറ്റില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.

Content Highlight: The Munambam problem can be resolved soon if the government thinks so; Government’s efforts will have full support: PK Kunhalikutty

Latest Stories

We use cookies to give you the best possible experience. Learn more