റിയാദ്: സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും ആധുനികമായ നഗരം നിര്‍മിക്കുക എന്ന പദ്ധതിയുടെ ഭാഗമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പുതിയ കെട്ടിട സമുച്ചയം പ്രഖ്യാപിച്ചു. ന്യൂ മുറാബ ഡെവലപ്‌മെന്റ് കമ്പനിയുടെ തലവനായി ചുമതലയേല്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വ്യാഴാഴ്ച പുതിയ നഗരത്തെ കുറിച്ചുള്ള പദ്ധതികള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചത്.
മ്യൂസിയവും സര്‍വകലാശാലയും തിയേറ്ററും 80തിലേറെ വിനോദ കേന്ദ്രങ്ങളുമെല്ലാമടങ്ങുന്നതാകും പുതിയ നഗരമെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
റിയാദിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി കിങ് സല്‍മാന്‍ റോഡും കിങ് ഖാലിദ് റോഡും ചേരുന്ന ഭാഗത്താണ് പുതിയ നഗരം വരാന്‍ പോകുന്നത്. 104000 താമസസ്ഥലങ്ങള്‍, 9000 ഹോട്ടല്‍ മുറികള്‍, 980,000 സ്‌ക്വയര്‍ മീറ്ററിലായി വ്യാപാരകേന്ദ്രങ്ങള്‍, ഓഫീസുകള്‍ എന്നിങ്ങനെ അതിവിപുലമായ സൗകര്യങ്ങളായിരിക്കും നഗരത്തിലുണ്ടാവുക.
ഈ നഗരത്തിന്റെ നടുവിലെ ദ മുകാബ് എന്ന ക്യൂബ് ആകൃതിയിലുള്ള കെട്ടിടമുണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളിലൂടെ അപൂര്‍വമായ അനുഭവം സമ്മാനിക്കുന്ന നിര്‍മിതിയായിരിക്കും ഇതെന്നാണ് സൗദി ഭരണകൂടം പറയുന്നത്.
ഏറ്റവും പുതിയ ഹോളോഗ്രാഫിക്‌സടക്കം ഡിജിറ്റല്‍, വിര്‍ച്വല്‍ സാങ്കേതിക വിദ്യകളുടെ സമന്വയമായിരിക്കും ഈ കെട്ടിടത്തിലുണ്ടാവുകയെന്നും പ്രസ്താവനയില്‍ പറയുന്നു.
A gateway to another world: #TheMukaab will be the world’s first immersive, experiential destination. Large enough to hold 20 Empire State Buildings, the global icon will feature innovative technologies to transport you to new worlds.#NewMurabbahttps://t.co/5R4DqQdPySpic.twitter.com/vr9M8cTI1I
പുതിയ നഗരത്തിന്റെ പുറത്തുവിട്ട സാങ്കല്‍പിക വീഡിയോയില്‍ വമ്പന്‍ ഹോളോഗ്രാമുകളും വായുവില്‍ നില്‍ക്കുന്ന വലിയ പാറക്കല്ലുകളും സ്‌പേസ്‌ക്രാഫ്റ്റ് പോലുള്ള വാഹനങ്ങളും സി.ജി.ഐ ഡ്രാഗണുകളും തുടങ്ങി വ്യത്യസ്തമായ പല കാഴ്ചകളുമുണ്ടായിരുന്നു.
ഫാന്റസിയും യാഥാര്‍ത്ഥ്യവും കൈകോര്‍ക്കുന്ന അനുഭവമായിരിക്കും ദ മുകാബും നഗരവും സമ്മാനിക്കുകയെന്നാണ് വീഡിയോ വിളിച്ചു പറയുന്നത്.
പുതിയ പ്രോജക്ട് സൗദി സാമ്പത്തികമേഖലക്ക് മുതല്‍കൂട്ടാകുമെന്നും തൊഴിലവസരങ്ങളും വിദേശനിക്ഷേപവും വര്‍ധിപ്പിക്കുമെന്നും ഭരണകൂടം അവകാശപ്പെട്ടു. 180 ബില്യണ്‍ റിയാദെങ്കിലും ഈ പ്രോജക്ടിലൂടെ സൗദിയിലേക്ക് ഒഴുകുമെന്നാണ് കരുതുന്നത്. 3,34,000ത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്.
വിദേശ നിക്ഷേപവും വിനോദ സഞ്ചാര മേഖലയും വികസിപ്പിക്കുന്നതിന്റെ ഭാഗമായി സമാനമായ നിരവധി പുത്തന്‍ കെട്ടിടങ്ങളും പദ്ധതികളും സൗദി അറേബ്യ അടുത്ത കാലത്തായി പ്രഖ്യാപിച്ചിരുന്നു. മടക്കിവെക്കാവുന്ന വെര്‍ട്ടിക്കല്‍ വില്ലേജ്, സ്‌ട്രൈറ്റ് ലൈന്‍ സിറ്റി, വെള്ളത്തില്‍ ഒഴുകിനീങ്ങുന്ന എട്ട് വശമുള്ള നഗരം എന്നിങ്ങനെ ആകര്‍ഷകമായ പല പദ്ധതികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.