Kerala News
വ്യാജരേഖയുണ്ടാക്കി മത്സരിച്ചെന്ന പരാതിയില്‍ എം.എസ്.എഫ് സെനറ്റ് അംഗത്തെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 09, 01:36 pm
Saturday, 9th September 2023, 7:06 pm

കോഴിക്കോട്: വിദ്യാര്‍ത്ഥിയാണെന്ന വ്യാജരേഖ നിര്‍മിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച് വിജയിച്ച എം.എസ്.എഫ് നേതാവിന്റെ സെനറ്റ് അംഗത്വം സര്‍വകലാശാല റദ്ദാക്കി. എം.എസ്.എഫ് പാലക്കാട് ജില്ല സെക്രട്ടറിയായിരുന്ന അമീന്‍ റാഷിദിനെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. പഞ്ചായത്തില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ ഒരു കോളേജില്‍ റെഗുലര്‍ വിദ്യാര്‍ത്ഥിയായി ഡിഗ്രിക്ക് പഠിക്കുന്നുണ്ട് എന്ന രേഖയുണ്ടാക്കി എന്നായിരുന്നു അമീന്‍ റാഷിദിനെതിരെ ഉയര്‍ന്നിരുന്ന ആരോപണം.

സംഭവത്തില്‍ എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയ യൂണിവേഴ്‌സിറ്റി അമീന്‍ റാഷിദിന്റെ അംഗത്വം റദ്ദാക്കുകയായിരുന്നു. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അമീന്‍ റാഷിദ് പാലക്കാട് ശ്രീകൃഷ്ണപുരത്തുള്ള സീഡാക് കോളേജില്‍ റെഗുലര്‍ വിദ്യാര്‍ത്ഥിയാണ് എന്നായിരുന്നു സെനറ്റിലേക്ക് മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍.

നേരത്തെ അമീന്‍ റാഷിദ് എം.എസ്.എഫ് നേതാവാണെന്നും അദ്ദേഹത്തെ മത്സരിപ്പിച്ചത് എം.എസ്.എഫ് ആണെങ്കില്‍ നിലനിര്‍ത്താനും എം.എസ്.എഫിന് അറിയാമെന്ന് പറഞ്ഞ് കൊണ്ട് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അമീന്‍ റാഷിന്റെ അംഗത്വം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പരാതി നല്‍കിയതിന് പിന്നാലെ ജൂണ്‍ 18നായിരുന്നു പി.കെ. നവാസിന്റെ അവകാശവാദം. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് ഇന്ന് അംഗത്വം റദ്ദാക്കിയതിന് പിന്നാലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ അമീന്റാഷിദിനെ പുറത്താക്കിയത് ആഘോഷിക്കുന്നത്.

അമീന്‍ റാഷിദിന് വ്യാജരേഖ നിര്‍മിക്കുന്നതിന് സീഡാക് കോളേജ് പ്രിന്‍സിപ്പളടക്കം കൂട്ടുനിന്നതായി സംശയിക്കുന്നു എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പ്രിന്‍സിപ്പളിന്റെ അറിവില്ലാതെ എങ്ങനെയാണ് റെഗുലര്‍ വിദ്യാര്‍ത്ഥിയെന്ന തരത്തില്‍ അമീന്‍ റാഷിദിന് രേഖകളും അറ്റന്റന്‍സും ലഭിച്ചത് എന്നും ആര്‍ഷോ ചോദിക്കുന്നു.

CONTENT HIGHLIGHTS; The MSF senate member was expelled on the complaint of contesting by forging documents