മലപ്പുറം: എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പുതുതായി തെരഞ്ഞടുത്ത മലപ്പുറം ജില്ലാ കമ്മറ്റിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന കമ്മറ്റി. സംസ്ഥാന കമ്മറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒരു വിഭാഗം ജില്ലാ കമ്മറ്റിയെ പ്രഖ്യാപിച്ചതെന്നും ഇതിന് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമില്ലെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും പ്രസ്താവനയിലൂടെ അറിയിച്ചു.
എം.എസ്.എഫിന്റെ ജില്ലാ കമ്മറ്റയുമായി ആശയവിനിമയം നടത്തി സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റിയെ തെരഞ്ഞടുക്കുന്നതാണ് ഹരിതയുടെ കീഴ്‌വഴക്കം.
2018 ജുലൈയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ വിഭാഗമെന്ന് സംസ്ഥാന കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. എം.എസ്.എഫിന്റെ പ്രായപരിധി കഴിഞ്ഞവരാണ് ഹരിതയുടെതെന്ന പേരിലുള്ള മലപ്പുറം ജില്ലാ കമ്മറ്റിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് ഓണ്‍ലൈന്‍ യോഗം വിളിച്ച് അഡ്വ. കെ. തൊഹാനി പ്രസിഡന്റും എം.പി. സിഫ്വ ജനറല്‍ സെക്രട്ടറിയും സഫാന ഷംന
ട്രഷററുമായി ഹരിത മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ എം.എസ്.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.
പുതിയ മലപ്പുറം ജില്ലാ കമ്മറ്റിയിലെ ചിലര്‍ കെ.എസ്.യു. പ്രവര്‍ത്തകരാണെന്നും ആരോണപണമുണ്ട്. ജില്ലാ പ്രസിഡന്റായി ഒരു വിഭാഗം തെരഞ്ഞെടുത്ത അഡ്വ. തൊഹാനി കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു എന്നാണ് ആക്ഷേപം.
അതേസമയം, പുതിയ ഭാരവാഹികളില്‍ അംഗമായ ഷനു ഫര്‍സാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് രംഗത്തെത്തി.
കമ്മിറ്റിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഷനു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.