ന്യൂദല്‍ഹി: 17ാം ലോക്‌സഭയുടെ കാലയളവില്‍ ഏറ്റവുമധികം സസ്‌പെന്‍ഷന്‍ നേരിട്ട എം.പി.തൃശൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ടി.എന്‍.പ്രതാപന്‍. വിവിധ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ സഭയില്‍ പ്രതിഷേധിച്ചതിന് അഞ്ച് തവണയാണ് ടി.എന്‍.പ്രതാപന് സസ്‌പെന്‍ഷന്‍ നേരിട്ടത്.
2019 നവംബറില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് സഭയില്‍ പ്രതിഷേധിച്ചതിനാണ് ടി.എന്‍. പ്രതാപന് ആദ്യ സസ്‌പെന്‍ഷന്‍ ലഭിച്ചത്. അതേ വര്‍ഷം തന്നെ ഡിസംബറില്‍ ഉന്നാവ് വിഷയത്തില്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പ്രതിഷേധിച്ചതിന് രണ്ടാമത്തെ സസ്‌പെന്‍ഷനും ലഭിച്ചു. 2020 മാര്‍ച്ചില്‍ പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രതിഷേധിച്ചതിനാണ് ടി.എന്‍.പ്രതാപന് മൂന്നാമത് സസ്‌പെന്‍ഷന്‍ ലഭിച്ചത്. 2022 ജൂലൈയില്‍ വിലയക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചതിന് നാലം തവണയും സസ്‌പെന്‍ഷന്‍ ലഭിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചതിന് അഞ്ചാമാതും ടി.എന്‍.പ്രതാപന്‍ സസ്‌പെന്‍ഷനിലായി.
ടി.എന്‍.പ്രതാപന് പുറമെ കേരളത്തില്‍ നിന്നുള്ള വേറെയും ചില എം.പിമാര്‍ക്കും ഒന്നിലേറെ തവണ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഡീന്‍കുര്യാക്കോസ്, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്ക് 3 തവണയും ബെന്നി ബെഹനാന്‍, രമ്യഹരിദാസ് തുടങ്ങിയവര്‍ക്ക് രണ്ട് തവണ വീതവും വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സഭയില്‍ പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം രാജ്യസഭയില്‍ നിന്നും ലോക്‌സഭയില്‍ നിന്നും സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചതിന് 71 പേര്‍ക്കാണ് ഇതുവരെ സസ്‌പെന്‍ഷന്‍ ലഭിച്ചത്. സഭയുടെ നടുത്തളത്തിലറങ്ങി പ്രതിഷേധിക്കുന്നത് സഭയുടെ അന്തസിന് കോട്ടം വരുത്തുന്നതാണ് എന്ന് പറഞ്ഞാണ് സസ്‌പെന്‍ഷനുകള്‍.
പാര്‍ലമെന്റിലെ സുരക്ഷ വീഴ്ചയില്‍ പ്രതിഷേധിച്ച 14 എം.പിമാരെയാണ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിന്നും ലോക്‌സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള ആറ് എം.പിമാരും സസ്‌പെന്റ് ചെയ്യപ്പെട്ടവരിലുണ്ട്. ലോക്‌സഭയില്‍ നിന്ന് കോണ്‍ഗ്രസ് എം.പിമാരായ ടി.എന്‍.പ്രതാപന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഡന്‍, മുഹമ്മദ് ജാവേദ്, ജ്യോതിമണി, മണിക്കം ടാഗോര്‍, സി.പി.ഐ.എം. അംഗങ്ങളായ പി.ആര്‍.നടരാജന്‍, എസ്.വെങ്കിടേശന്‍, തുടങ്ങിയവരും കനിമൊഴി (ഡി.എം.കെ), കെ.സുബ്ബരായന്‍ (സി.പി.ഐ) എന്നിവര്‍ സസ്‌പെന്‍ഷനിലായപ്പോള്‍ രാജ്യസഭയില്‍ നിന്ന് തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയാനും സസ്‌പെന്‍ഷനിലായി.
content highlights: The MP who faced the most suspension during the second Modi government. TN Prathapan