വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം എന്നീ സിനിമകള്‍ക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്ത പുരുഷ പ്രേതം ഇപ്പോള്‍ സോണി ലിവിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസിനെത്തിയിരിക്കുകയാണ്. മുമ്പുള്ള സിനിമകളിലേത് പോലെ തന്നെ വ്യക്തമായ രാഷ്ട്രീയവും രസകരമായുള്ള അതിന്റെ അവതരണവുമാണ് പുരുഷ പ്രേതത്തെയും പ്രേക്ഷക പ്രിയമാക്കി മാറ്റുന്ന പ്രധാന ഘടകം.
നര്‍മത്തില്‍ പൊതിഞ്ഞ അവതരണം എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സിനിമയെ രാഷ്ട്രീയമായി കാണുന്നവര്‍ക്ക് അങ്ങനെയും വിനോദോപാധിയായി കാണുന്നവര്‍ക്ക് അങ്ങനെയും പുരുഷ പ്രേതത്തെ ആസ്വദിക്കാന്‍ സാധിക്കും. നമ്മുടെ നിയമ വ്യവസ്ഥയുടെ പാളിച്ചകള്‍, കാലതാമസം, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനകത്ത് നിലനില്‍ക്കുന്ന അധികാര ശ്രേണീകരണം, ജാതീയമായ വേര്‍തിരിവകള്‍ തുടങ്ങി പല രാഷ്ട്രീയത്തെയും സിനിമ മുന്നോട്ട് വെക്കുന്നുണ്ട്.
അതൊക്കെ തന്നെയും ലളിതമായും വ്യക്തമായും സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ കൃഷാന്ദ് വിജയിക്കുകയും ചെയ്യുന്നുണ്ട്. പൊലീസ് വ്യവസ്ഥക്കകത്ത് നിലനില്‍ക്കുന്ന ശ്രേണീകരണം, അതിന്റെ ആഴം എത്രമാത്രമാണെന്നും അതുവഴി വ്യക്തികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും മാറ്റി നിര്‍ത്തലുമൊക്ക സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇത്തരം വിവേചനങ്ങളുടെ പ്രധാന ഇര സിനിമയില്‍ ദിലീപ് എന്ന ജഗദീഷിന്റെ കഥാപാത്രം തന്നെയാണ്.
ഇത്തരത്തില്‍ പൊലീസ് വ്യവസ്ഥക്കുള്ളിലെ അധികാര ശ്രേണീകരണത്തിന്റെയും ജാതീയതയുടെയും ആഴം വ്യക്തമാക്കിയ സിനിമയായിരുന്നു ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട. ജാതിയില്‍ താഴ്ന്നു പോയതിന്റെ പേരില്‍ നിരന്തരം അവഹേളനങ്ങള്‍ക്ക് ഇരയായി കുറ്റക്കാരനായി മാറി നില്‍ക്കേണ്ടി വരുന്ന ലുക്മാന്റെ കഥാപാത്രം, ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ പ്രതിനിധി തന്നെയാണ്. അത്രയേറെ വേദനയോടെ തന്നെയാണ് അയാള്‍ തനിക്കും ജീവിക്കണമെന്ന് പറയുന്നത്.
പുരുഷ പ്രേതത്തിലേക്ക് വരുമ്പോഴും ഇതുപോലെ ജാതിയെയും അതിന്റെ രാഷ്ട്രീയത്തെയും അടയാളപ്പെടുത്തി പോകുന്നുണ്ട്. എറണാകുളത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ഥിയില്‍ ഒരു ദിവസം പൊങ്ങുന്ന അഞ്ജാത ശവത്തെ(പ്രേതം) കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന ശവമെടുക്കാന്‍ വരുന്ന കേശവനൊപ്പം ദിലീപും(ജഗദീഷ്) വെള്ളത്തിലിറങ്ങുന്നുണ്ട്.
ആ സീനില്‍ കൃത്യമായ രാഷ്ട്രീയം സിനിമ മുന്നോട്ട് വെക്കുന്നു. മറ്റൊരു പൊലീസുകാരന്‍ വെള്ളത്തിലേക്ക് ഇറങ്ങുമ്പോള്‍, വേണ്ട ദിലീപ് ഇങ്ങിയാല്‍ മതിയെന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രം സൂപ്പര്‍ സെബാസ്റ്റ്യന്‍(പ്രശാന്ത് അലക്‌സാണ്ടര്‍) ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതില്‍ നമുക്ക് അസ്വാഭാവികതയൊന്നും തോന്നുകയില്ല. ആ അഴുക്ക് വെള്ളത്തിലേക്ക് ഇറങ്ങുന്ന ദിലീപിന്റെ മുഖത്തെ നിസഹായത ഒരുവേള നമ്മളെ ചിരിപ്പിക്കുകയും ചെയ്യും.
എന്നാല്‍ പിന്നീട് വരുന്ന ചില സീനുകളിലാണ് ജാതി വെറിയുടെ രാഷ്ട്രീയം തെളിയുന്നത്. ദിലീപ് വീട്ടിലെത്തുമ്പോള്‍ അയാളുടെ മകന്‍ ചോദിക്കുന്നുണ്ട്, എന്തിനാണ് അച്ഛന്‍ ഇതൊക്കെ ചെയ്യുന്നതെന്ന്, നമ്മുടെ ജാതിയില്‍ പെട്ടവരെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതാണെന്നും അയാള്‍ പറയുന്നുണ്ട്. അത്രയും നേരം നമ്മള്‍ കണ്ട തമാശയുടെ മൂടുപടം അവിടെയില്ലാതാവുകയും സിനിമ ശക്തമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതും കാണാം. അന്നേരമുള്ള ദിലീപിന്റെ മുഖത്തെ നിശബ്ദത കാലാകാലങ്ങളായി അനുഭവിച്ച ജാതീയ വേര്‍തിരുവുകള്‍ അയാളിലുണ്ടാക്കിയ നിസംഗതെയാണെന്ന് തന്നെ പറയാം.
ഇതിന്റെ മറ്റൊരു ഉദാഹരണവും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. സൂപ്പര്‍ സെബാസ്റ്റിയനും ദിലീപും കേസില്‍ പെട്ടതിന് ശേഷം പബ്ലിക് പ്രോസിക്യൂട്ടറെ കാണാന്‍ പോകുന്ന സീനാണ് മറ്റൊന്ന്. മാലാ പാര്‍വതിയാണ് പബ്ലിക് പ്രോസിക്യൂട്ടറായി വേഷമിടുന്നത്. അവരുടെ വീട്ടിലെത്തുമ്പോള്‍ ഇരുവരെയും അകത്തേക്ക് കയറാന്‍ അനുവദിക്കാത്തതും മുറ്റത്ത് കൂടി പിന്നാമ്പുറത്തേക്ക് വന്നാല്‍ മതിയെന്ന് പറയുന്നതുമൊക്കെ മലയാളി ഇല്ലായെന്നും അവസാനിച്ചുവെന്നുമൊക്കെ പറയുന്ന ജാതീയതയുടെ അഭിനവ രൂപമാണ്.
ജാതിയും അതിന്റെ രാഷ്ട്രീയവുമൊക്ക സിനിമ പറയുമ്പോഴും മറ്റ് സിനിമകളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്നത് മറ്റൊരു ഘടകമാണ്. സിനിമകളില്‍ പലപ്പോഴും ജാതീയ വേര്‍തിരുവുകള്‍ അവതരിപ്പിക്കാന്‍ രൂപത്തിലൂടെയും വസ്ത്രധാരണത്തിലൂടെയും പേരിന്റെ പിന്നില്‍ വാലായി ചേര്‍ത്തുമൊക്കെ ജാതി പ്രൊജക്ട് ചെയ്യുന്നത് കാണാം. എന്നാല്‍ പുരുഷ പ്രേതത്തില്‍ വരുമ്പോള്‍ ഇത്തരത്തിലുള്ള രീതിയില്‍ മാറ്റം വരുന്നതായി കാണാം. അതായത് ജാതി രാഷ്ട്രീയം പറയാന്‍ ജാതിയുടെ വാല്‍ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ഒരുവേള കൃഷാന്ദും കൂട്ടരും.
മുമ്പ് പറഞ്ഞതുപോലെ ജാതി മാത്രമല്ല പുരുഷ പ്രേതം ചര്‍ച്ച ചെയ്യുന്ന പ്രശ്‌നം. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അകത്ത് നിലനില്‍ക്കുന്ന ശ്രേണീകരണം ഓരോരുത്തര്‍ക്കും നല്‍കുന്ന സമ്മര്‍ദത്തെ കുറിച്ചും അവിടെ ലംഘിക്കപ്പെടുന്ന അവരുടെ അവകാശങ്ങളെ കുറിച്ചുമൊക്കെ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. തങ്ങളുടെ തലയിലേക്ക് വരുന്ന ഉത്തരവാദിത്തങ്ങളെ താഴെ തട്ടിലേക്കുള്ള പൊലീസുകാരിലേക്ക് നല്‍കുന്നതും അതിന്റെ ഭാഗമായി വ്യവസ്ഥക്കകത്ത് സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളും സിനിമ പറഞ്ഞുപോകുന്നുണ്ട്.
ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ അവരുടെ സമ്മര്‍ദങ്ങളെ കീഴ് ഉദ്യോഗസ്ഥരുടെ പുറത്ത് തീര്‍ക്കുന്നതും താനൊരു അധികാരിയാണെന്ന് തരത്തിലുള്ള അവരുടെ പെരുമാറ്റവുമെല്ലാം കൃത്യമായി അടയാളപ്പെടുത്താനും കൃഷാന്ത് ശ്രമിക്കുന്നുണ്ട്.
content highlight: the movie purusha pretha discuss cast politics in police department