| Sunday, 13th September 2020, 9:37 pm

യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം; ഫാസിസ്റ്റുകള്‍ക്കെതിരെ ഒരുമിച്ച് നീങ്ങേണ്ട സമയമാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി.

സി.പി.ഐ.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികശാസ്ത്ര വിദഗ്ധ ജയന്തി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയി എന്നിവരെയാണ് ഗൂഢാലോചനാ കുറ്റം ചുമത്തി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്ത് എത്തിയത്.

കലാപത്തിന് തുടക്കം കുറിച്ച് പ്രകോപനകരമായ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ ഒരു നടപടി പോലുമില്ലെന്നും പ്രകോപനപരവും വിദ്വേഷപരവുമായ പ്രസംഗങ്ങള്‍ നടത്തിയവരെ മഹത്വത്കരിക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ദല്‍ഹിയിലെ അസ്വാരസ്യങ്ങളെ പറ്റിയും അവിടത്തെ കൊലപാതകങ്ങളെ കുറിച്ചും കവര്‍ച്ചയെ സംബന്ധിച്ചും സഭയില്‍ നടന്നിട്ടുള്ള ചര്‍ച്ചയില്‍ ശക്തമായി തങ്ങള്‍ എതിര്‍ത്തിരുന്നെന്നും ഇ.ടി പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട് ആധികാരികമായി ദല്‍ഹി മൈനോറിറ്റി കമ്മീഷന്‍ അവിടെ പോയി നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഒരുവട്ടം നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞത് ഡല്‍ഹിയില്‍ നടന്നത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘട്ടനമല്ല, മറിച്ച് ഏകപക്ഷീയമായി നന്നായി പ്ലാന്‍ ചെയ്ത് നടത്തിയതാണ് അതെന്നാണ്. പല റിപ്പോര്‍ട്ടുകളും എടുത്തു പരിശോധിച്ചാലും അവിടത്തെ ദൃക്‌സാക്ഷികളുടെ വിശദീകരണം കേട്ടാലും പൊലീസുകാര്‍ പക്ഷപാതപരമായി പെരുമാറിയതും, കലാപകാരികളെ സഹായിച്ചതും കല്ലേറില്‍ പോലും നേരിട്ട് പങ്കെടുത്തുവെന്നും മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ എല്ലാ അടിസ്ഥാന പ്രമാണങ്ങളെയും തകര്‍ത്തു രാജ്യത്തെ ഏകാധിപത്യ പ്രവണതയിലേക്ക് കൊണ്ടുപോകുന്ന പദ്ധതികള്‍ വളരെ ആസൂത്രിതമായി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയവുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സമരമുറകളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളെ തിരഞ്ഞു പിടിച്ചു വേട്ടയാടുകയാണ്. അവര്‍ക്കെതിരെ കേസുകളെടുക്കുകയും ക്രൂരമായ പ്രതികാര നടപടികള്‍ എടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മതവിദ്വേഷം ഊതിവീര്‍പ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഒരു നടപടിയുമില്ല . ഇതേ കാര്യങ്ങളെ സാധൂകരിക്കുന്നതാണ് ഈയിടെയായി പുറത്തുവന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടും. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ ഫാസിസ്റ്റുകള്‍ക്കെതിരെ സമാനചിന്താഗതിയുള്ളവര്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങേണ്ട സമയമാണിതെന്നും ഇ. ടി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights : The move to file a case against Yechury and others is objectionable; ET Mohammad Basheer said that it is time to move together against the fascists

We use cookies to give you the best possible experience. Learn more