| Monday, 17th February 2020, 1:10 pm

ലൈംഗികാതിക്രമത്തില്‍ നിന്ന് പെണ്‍മക്കളെ രക്ഷിക്കാന്‍ മുലകള്‍ ചുട്ടുപൊള്ളിക്കുന്ന അമ്മമാരുള്ള നാട്

Philip Obaji Jr.

ജന്മദിനം എന്നത് എല്ലാ കുട്ടികള്‍ക്കും ആഘോഷങ്ങളുടെ സമയമായിരിക്കും. എന്നാല്‍ മിറാബെല്ലിന് 10 വയസായപ്പോള്‍ മുതല്‍ അങ്ങനെ അല്ലായിരുന്നു. നൈജീരിയയില്‍ താമസിക്കുന്ന കാമറൂണ്‍ അഭയാര്‍ത്ഥി മിറാബെല്ലിന് 10 വയസ് തികഞ്ഞത് മുതല്‍ നിരന്തര പീഡനങ്ങളുടെ ദിവസമായിരുന്നു. അവളുടെ മാറിടങ്ങള്‍ ചൂടുകല്ല് വെച്ച് അമ്മ പൊള്ളിച്ചുകളഞ്ഞു.

എല്ലാ ദിവസവും രാവിലെ, അവളുടെ അമ്മ തീയില്‍ വെച്ച് ചൂടാക്കിയ ഇരുമ്പ് ദണ്ഡ് വെച്ച് അവളുടെ മാറിടങ്ങളില്‍ അമര്‍ത്തും. സ്തനങ്ങള്‍ വലുതാകാതിരിക്കാന്‍. അമ്മയെ ‘സഹായിക്കാന്‍’ നൈജീരിയയുടെ തെക്കുകിഴക്കന്‍ ക്രോസ് റിവര്‍ സ്റ്റേറ്റിലെ ഒഗോജയില്‍ താമസിക്കുന്ന അഭയാര്‍ഥി സമൂഹത്തില്‍ നിന്നു തന്നെയുള്ള ഒരു അയല്‍ക്കാരനുമുണ്ടാകും, വേദന കൊണ്ട് പുളയുന്ന അവളുടെ കാലുകള്‍ പിടിച്ചുവെക്കാന്‍.

പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ വളരാതിരിക്കാന്‍ ഈ പ്രക്രിയ മാസങ്ങളോളം, ചിലപ്പോള്‍ ഒരു വര്‍ഷം വരെ തുടരും.

‘തീയെടുത്ത് എന്റെ മാറിലേക്ക് ഇടുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെടുക. ആദ്യ ദിവസം മുതല്‍ ഞാന്‍ ആ വേദന അനുഭവിക്കുന്നുണ്ട്.’,മിറാബെല്‍ പറയുന്നു.

എന്നാല്‍ കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാക്രമണത്തെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകളുണ്ടാക്കുന്ന അസ്വസ്ഥതയേക്കാള്‍ വലുതല്ല തന്റെ മകളെ പൊള്ളിക്കുമ്പോള്‍ അവള്‍ക്കും തനിക്കുമുണ്ടാകുന്ന വേദനയെന്ന് മിറാബെല്ലിന്റെ അമ്മ ഏഞ്ചല
പറയുന്നു. തന്റെ മകളെ ആണുങ്ങളില്‍ നിന്ന് എങ്ങനെയൊക്കെ മറച്ചുപിടിക്കാനാകുമോ അതാണ് ആ അമ്മ ചെയ്തുകൊണ്ടിരിക്കുന്നത്.

‘ഇവിടെയുള്ള പല ആണ്‍കുട്ടികളും ചെറിയ പെണ്‍കുട്ടികളുടെ പിന്നാലെയാണെന്ന് എനിക്കറിയാം. അവളെ അങ്ങനെ ആണ്‍കുട്ടികളുടെ നോട്ടപ്പുള്ളിയാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല’, ഏഞ്ചല പറയുന്നു.

അഭയാര്‍ത്ഥികളായി ജീവിക്കുന്ന ഭൂരിഭാഗം പേരും അവരുടെ പെണ്‍മക്കളുടെ മാറിടങ്ങളില്‍ പൊള്ളലേല്‍പ്പിക്കുന്നത് ഈയൊരു കാരണത്താലാണെന്ന് നിരവധി കുടുംബങ്ങള്‍ ഞങ്ങളോട് പറഞ്ഞു. ഇത് തലമുറകളായി നടന്നുവരുന്ന ഒരു പ്രക്രിയ കൂടിയാണ്.

എന്ന് മുതലാണ് ഇത്തരത്തിലുള്ള പ്രവണത ആരംഭിച്ചതെന്ന് ഇന്നും വ്യക്തമല്ല. എന്നാല്‍ കാമറൂണിലെ സ്ത്രീകളില്‍ കാല്‍ഭാഗവും ഇത്തരത്തില്‍ ബ്രെസ്റ്റ് അയണിംഗിന് വിധേയമാകുന്നുണ്ടെന്നാണ് യൗണ്ടേ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ എംപവര്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന സര്‍ക്കാരിതര സംഘടനയുടെ ഗവേഷണം പറയുന്നത്. ഇത്തരത്തില്‍ പെണ്‍കുട്ടികളെ പൊള്ളലേല്‍പ്പിക്കുന്നതില്‍ 60 ശതമാനവും അവരുടെ അമ്മമാര്‍ തന്നെയാണത്രേ!

ലിംഗാധിഷ്ഠിത അക്രമവുമായി ബന്ധപ്പെട്ട തീരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങളിലൊന്നാണ് ബ്രെസ്റ്റ് അയണിംഗ് എന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.

ആഭ്യന്തരകലാപം പൊട്ടിപുറപ്പട്ടതിനെ തുടര്‍ന്നാണ് കാമറൂണിലെ അക്വായയില്‍ നിന്നും ക്രോസ് റിവര്‍ സ്റ്റേറ്റിലുള്ള മറ്റ് അനേകായിരം അഭയാര്‍ത്ഥികളെ പോലെ മിറാബെലും അമ്മ ഏഞ്ചലയും നൈജീരിയലേക്ക് പലായനം ചെയ്യുന്നത്. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന വിഘടനവാദികളും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ആഭ്യന്തരയുദ്ധത്തില്‍ കലാശിച്ചു. ഭൂരിഭാഗം ജനങ്ങളും ഫ്രഞ്ച് സംസാരിക്കുന്ന കാമറൂണില്‍ തങ്ങള്‍ അരികുവത്കരിക്കപ്പെടുന്നു എന്നായിരുന്നു വിഘടനവാദികളുടെ വാദം.

ഈ സംഘര്‍ഷത്തെ തുടര്‍ന്ന് 50,0000 ഓളം ആളുകള്‍ക്കാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടി വന്നത്. ഇത് വലിയ അഭയാര്‍ത്ഥി പ്രതിസന്ധി പ്രദേശത്ത് സൃഷ്ടിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ത്ഥി വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാമറൂണില്‍ നിന്നുള്ള 50,000 അഭയര്‍ത്ഥികള്‍ നൈജീരിയയിലുണ്ട്. ഇതില്‍ 70 ശതമാനവും ക്രോസ് റിവറിലാണ് കഴിയുന്നത്. ഇതില്‍ തന്നെ പകുതിയും അഭയാര്‍ത്ഥി ക്യാമ്പുകളിലും.

2018 ഫെബ്രുവരിയിലാണ് ഏഞ്ചലയും മകളും ക്രോസ് റിവറിലെ ഒഗോജയിലെ പതിനായിര കണക്കിന് അഭയാര്‍ത്ഥികളോടൊപ്പം ചേരുന്നത്. നൈജീരിയക്കാരില്‍ നിന്നും മറ്റ് അഭയാര്‍ത്ഥികളില്‍ നിന്നും ഇവിടുത്തെ സ്ത്രീകളും പെണ്‍കുട്ടികളും ക്രൂരമായ ലൈംഗികാതിക്രമണങ്ങള്‍ക്കാണ് ദിവസവും ഇരയാകുന്നത്.

‘ വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ സെക്‌സിന് നിര്‍ബന്ധിക്കുകയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്യാത്ത ഒരു പുരുഷനെയെങ്കിലും കാണാത്ത ദിവസങ്ങളില്ല എന്നു തന്നെ പറയാം.’ കാമറൂണ്‍ അതിര്‍ത്തിയിലുള്ള മാംഫേയില്‍ നിന്നും മാതാപിതാക്കളോടൊപ്പം നൈജീരിയയിലെ അഡഗോമിലെത്തിയ പതിനേഴുകാരി ക്വീനിന്റെ വാക്കുകളാണിത്. ക്വീന്‍ ഒന്നുകൂടി പറഞ്ഞു ‘ഇവിടെ ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല.’

ഒന്നോ രണ്ടോ പേരല്ല, ക്രോസ് റിവറിലെ അഡഗോമിലെയും ഒക്കണ്ടെയിലെയും പന്ത്രണ്ടോളം പെണ്‍കുട്ടികളാണ് സമാനമായി അനുഭവം പങ്കുവെച്ചത്. ചുറ്റുമുള്ള പുരുഷന്മാരില്‍ നിന്നും നിരന്തരമായി ലൈംഗിക ഉപദ്രവങ്ങള്‍ നേരിടുന്നവരാണ് ഇവിടെയുള്ള ഒട്ടുമിക്കവരും.

‘എനിക്ക് സാനിറ്ററി പാഡുകള്‍ വാങ്ങാണമായിരുന്നു. കയ്യില്‍ കാശില്ലാതിരുന്നത് കൊണ്ട് ഞാന്‍ അവിടെയുള്ള ഒരാളോടുള്ള പണം ചോദിക്കാന്‍ പോയി. ഞാന്‍ അയാളുടെ അടുത്ത് ചെന്നതും അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളെന്നെ വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.’ പതിനാറുകാരിയായ ലിഡിയ പറഞ്ഞു.

പതിമൂന്നുകാരിയായ മകള്‍ക്ക് ബ്രെസ്റ്റ് അയേണ്‍ ചെയ്യാന്‍ മടിച്ചുനിന്നിരുന്ന ഹെലനും ഭര്‍ത്താവും ഒടുവില്‍ ആ തീരുമാനത്തിലെത്തി ചേര്‍ന്നത് അവള്‍ തനിക്ക് നേരിട്ട ലൈംഗികാക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് ശേഷമായിരുന്നു. പണിക്ക് പോയിരുന്ന വീട്ടിലെ ഒരാള്‍ അവളെ കയറിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു.

‘അവള്‍ക്ക് നേരിട്ട ഉപദ്രവം ബ്രെസ്റ്റ് അയേണിംഗ് ചെയ്യാനുള്ള ഞങ്ങളുടെ തീരുമാനം എളുപ്പമാക്കി തീര്‍ത്തു. ഞങ്ങള്‍ ചെയ്തതൊക്കെ അവളുടെ നല്ലതിന് വേണ്ടി മാത്രമാണ്.’ ഹെലന്‍ പറഞ്ഞു. അക്വായയില്‍ നിന്നും ഒക്കേണ്ടയിലെത്തി നൈജീരിയന്‍ സമൂഹങ്ങളോടൊപ്പം തന്നെയാണ് ജീവിക്കുന്നത്.

‘ബ്രെസ്റ്റ് അയേണിംഗ് കുട്ടികളില്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരം രീതികളല്ല, ലൈംഗികാതിക്രമത്തെ സംബന്ധിച്ച് തങ്ങളുടെ പെണ്‍മക്കള്‍ക്ക് കൃത്യമായ അവബോധം നല്‍കാനാണ് കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കേണ്ടത്.’ നൈജീരിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാപ്രികോണ്‍ ഡിവലപ്പ്‌മെന്റ് ആന്റ് പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയിലെ അംഗമായ സലോം ഗാംബോ ചൂണ്ടിക്കാണിക്കുന്നു.

പെണ്‍കുട്ടികളെക്കുറിച്ച് ഈ മാതാപിതാക്കള്‍ക്കുള്ള പേടികള്‍ വെറും അടിസ്ഥാനരഹിതമായ ആശങ്കകളല്ല. നൈജീരിയയിലുള്ള സ്ത്രീ അഭയാര്‍ത്ഥികള്‍ വലിയ തോതില്‍ ചൂഷണത്തിനും ലൈംഗീകാതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെടുന്നുണ്ടെന്നുള്ളതാണ് സത്യം. നിരന്തരമായ ആക്രമണം മൂലമുണ്ടാകുന്ന കടുത്ത നിരാശ പലരെയും സെക്‌സ് വര്‍ക്കിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്ന ഐക്യരാഷ്ട്ര സംഘടന തന്നെ കണ്ടെത്തിയിട്ടുണ്ട്. ക്രോസ് റിവറിലെ ക്യാമ്പുകളില്‍ നിലനില്‍പ്പിനായുള്ള ഈ സെക്‌സ് വര്‍ക്ക് വ്യാപകമായി നടക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സംഘടന വക്താവായ വില്യം സ്പിന്‍ഡ്‌ലര്‍ പറയുന്നു.’തൊഴിലില്ലായ്മയും അഭിയാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും സര്‍വൈവല്‍ സെക്സ് അടക്കമുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും ജെന്‍ഡര്‍ അടിസ്ഥാനമാക്കിയുള്ള ചൂഷണങ്ങള്‍ക്കും വഴിവെക്കുന്നു. പക്ഷെ ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ കുറവാണ്.

ക്രോസ് റിവറിലെ അമാന വിഭാഗക്കാരില്‍ നിന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളിലധികവും വന്നിട്ടുള്ളത്. മിക്കപ്പോഴും ഇത്തരം സമൂഹങ്ങളിലെ മുതിര്‍ന്ന നേതാക്കളല്ലാതെ പുറംലോകം ഈ സംഭവങ്ങള്‍ അറിയാറില്ല.

അഭയാര്‍ത്ഥികളായി കഴിയുന്ന നൈജീരിയയില്‍ മാത്രമല്ല സ്വന്തം നാടായ കാമറൂണിലും പെണ്‍കുട്ടികളുടെ സ്ഥിതി വ്യത്യസ്തമല്ല. ശൈശവവിവാങ്ങളും തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭിണികളാകുന്നതും ഇവിടെ പതിവാണ്. 2008 മുതല്‍ 2013 വരെയുള്ള യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം കാമറൂണിലെ 13 ശതമാനം പെണ്‍കുട്ടികള്‍ 15 വയസ്സിലും 38 ശതമാനം 18 വയസ്സിലും വിവാഹിതരായിട്ടുണ്ട്. പെണ്‍കുട്ടികളില്‍ 25 ശതമാനവും പഠന കാലഘട്ടത്തില്‍ തന്നെ ഗര്‍ഭിണികളാവുകയും തുടര്‍ന്ന് ഇതിലെ 20 ശതമാനം പേരും പിന്നീട് സ്‌കൂളിലേക്ക് തിരിച്ചുവരാറില്ലെന്നും കാമറൂണ്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഭയാര്‍ത്ഥികളായി കഴിയുന്നത് തങ്ങളുടെ പെണ്‍മക്കള്‍ക്ക് നേരിടേണ്ടി വരുന്ന അപകടങ്ങളുടെ ആക്കം കൂട്ടുന്നെന്ന് കരുതുന്നവരാണ് ഭൂരിഭാഗം കാമറൂണിയന്‍ കുടുംബങ്ങളും. അതേസമയം ബ്രെസ്റ്റ് അയേണിംഗ് സമൂഹത്തിലെ ചിട്ടവട്ടങ്ങളുടെയും സ്വീകാര്യതയുടെയും ഭാഗമാണെന്ന് കരുതുന്നവരും ഉണ്ട്.

തന്റെ രണ്ട് അടുത്ത സുഹൃത്തുക്കളും തങ്ങളുടെ പെണ്‍മക്കളുടെ ബ്രെസ്റ്റ് അയേണിംഗ് നടത്തിയത് കൊണ്ടാണ് തന്റെ മകളുടെയും ബ്രെസ്റ്റ് അയേണിംഗ് നടത്തിയതെന്ന് പമേല പറയുന്നു. ‘അവര്‍ രണ്ടു പേരും മക്കളുടെ ബ്രെസ്റ്റ് അയേണിംഗ് നടത്തിയപ്പോള്‍ ഞാന്‍ മാത്രമേ ഇനിയിത് ചെയ്യാന്‍ ബാക്കിയുള്ളു എന്ന് എനിക്ക് തോന്നി. മറ്റുള്ളവര്‍ ചെയ്തതുപോലെ എനിക്കും ചെയ്യണമായിരുന്നു.’ പമേല പറഞ്ഞു.

കാമറൂണിലായാലും നൈജീരിയിലെ അഭയാര്‍ത്ഥി ക്യാമ്പിലായാലും ബ്രെസ്റ്റ് അയേണിംഗ് ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ മുന്നറയിപ്പ് നല്‍കുന്നു.

‘ബ്രെസ്റ്റ് അയേണിംഗ് നടന്ന പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദം, സിസ്റ്റ്, മുലയൂട്ടലിന് സാധിക്കാതിരിക്കല്‍ എന്നീ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും. കൂടാതെ ഇത്തരം രീതികള്‍ സൃഷ്ടിക്കുന്ന മാനസികാഘാതവും ഏറെ വലുതാണ്. കുടുംബങ്ങള്‍ ഇത്തരം ഉപദ്രവങ്ങള്‍ നിറുത്തലാക്കേണ്ട കാലമായിക്കഴിഞ്ഞു.’ ബ്രെസ്റ്റ് അയേണിംഗിന്റെ ഇരയായ ഗാംബോ പറയുന്നു.

പരിഭാഷ: അന്ന കീര്‍ത്തി ജോര്‍ജ്, ജിതിന്‍ ടി.പി

കടപ്പാട് -അല്‍ജസീറ

Philip Obaji Jr.

നൈജീരിയന്‍ മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more