| Tuesday, 7th February 2023, 11:27 am

ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ കുഞ്ഞിന് ജന്മം നല്‍കി അമ്മ മരിച്ചു; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബുള്‍: തുര്‍ക്കി-സിറിയ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ ഗര്‍ഭിണി പ്രസവിച്ചു. തൊട്ടുപിന്നാലെ മരണത്തിന് കീഴടങ്ങി. പ്രസവാനന്തരം ആരോഗ്യ നില മോശമായതോടെയാണ് യുവതിയുടെ മരണം. നവജാത ശിശുവിനെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ആലപ്പോ നഗരത്തിലാണ് സംഭവം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4300 കടന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് തുര്‍ക്കിയിലെ തെക്കന്‍ പ്രദേശങ്ങളിലും സിറിയയിലും ഭൂചലനമുണ്ടായത്. തുര്‍ക്കിയില്‍ മാത്രം 2921 പേര്‍ കൊല്ലപ്പെട്ടതായി ലേറ്റസ്റ്റ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1444 ആയി.

റിക്ടര്‍ സ്‌കെയിലില്‍  7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് തവണ കൂടി ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രസിഡന്റ് തൊയിബ് എര്‍ദോഗന്‍ പറഞ്ഞു.

തുര്‍ക്കിയിലെ 24 കിലോമീറ്റര്‍ ചുറ്റളവിലുള്ള 10 പ്രവിശ്യകളെയാണ് ഭൂചലനം ബാധിച്ചത്. സിറിയയില്‍ 224 കെട്ടിടങ്ങളാണ് നിലംപൊത്തിയത്. 12 വര്‍ഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ ഭൂചലനം കൂടിയെത്തിയതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ ദുഷ്‌ക്കരമായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂചലനമാണ് നടന്നതെന്ന് പ്രസിഡന്റ് തൊയിബ് എര്‍ദോഗന്‍ പറഞ്ഞു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ഭൂചലനമുണ്ടായി 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാം ഭൂചലനമുണ്ടായത്.

76 വിദഗ്ദരുള്‍പ്പെടുന്ന സംഘത്തെ ദുരന്തബാധിത പ്രദേശത്തേക്ക് അയക്കുമെന്നും യു.കെ അറിയിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രഈല്‍ തുടങ്ങിയ രാജ്യങ്ങളും തുര്‍ക്കിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

Content Highlights: The Mother gives birth to the newborn and dies during earthquake in Syria

We use cookies to give you the best possible experience. Learn more