| Wednesday, 22nd December 2021, 11:04 am

ദത്ത് നടപടികള്‍ തുടങ്ങിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദത്ത് നല്‍കല്‍ നടപടികള്‍ തുടങ്ങിയതറിഞ്ഞതോടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി അമ്മ. ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരികെ നല്‍കിയത്.

കഴിഞ്ഞ ജനുവരിയിലാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ കിട്ടുന്നത്. പ്രശസ്ത കവയത്രി സുഗത കുമാരിയോടുള്ള ബഹുമാനാര്‍ഥം കുഞ്ഞിന് സുഗത എന്നായിരുന്നു പേര് നല്‍കിയിരുന്നത്.

ഫെബ്രുവരിയില്‍ കുഞ്ഞിനെ ദത്ത് നല്‍കാന്‍ പോവുകയാണെന്ന്കാട്ടി പരസ്യം നല്‍കിയിരുന്നു. ഇതുകണ്ടാണ് അമ്മ ശിശുക്ഷേമസമിതിയെ സമീപിച്ചത്. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കാന്‍ ശിശുക്ഷേമസമിതി ആവശ്യപ്പെടുകയായിരുന്നു.

വിദേശത്തായിരുന്ന അമ്മ ദത്ത് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റിക്ക് ഇ മെയില്‍ അയക്കുകയും ചെയ്തു.

കുട്ടിയുടെ ചിത്രവും കുട്ടിയുടെ ആരോഗ്യ കാര്‍ഡിന്റെ രേഖകളും അമ്മ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡി.എന്‍.എ ടെസ്റ്റ് നടത്തി യുവതി തന്നെയാണ് കുട്ടിയുടെ അമ്മയെന്ന് സ്ഥിരീകരിച്ചതും കുട്ടിയെ കൈമാറിയതും.

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പെട്ടെന്നുള്ള ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

കുട്ടിയുടെ അച്ഛന്‍ വിവാഹവാഗ്ദാനം നല്‍കി പിന്നീട് അതില്‍ നിന്നും പിന്മാറിയതാണ് കുട്ടിയെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ കാരണമായതെന്നാണ് അമ്മ കമ്മിറ്റിയെ അറിയിച്ച്.

കുട്ടിയുടെ അച്ഛനുമൊത്തുള്ള വിവാഹം നടക്കാതായതോടെ യുവതിയുടെ വീട്ടുകാരും കുട്ടിയെ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അനധികൃതമായി ദത്ത് നല്‍കാനുള്ള നടപടികളും നടത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് യുവതി കുട്ടിയെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. പിന്നീട് ജോലിക്കായി അമ്മ വിദേശത്തേക്ക് പോവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The mother demanded the return of the baby

We use cookies to give you the best possible experience. Learn more