ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് ആണ്‍മക്കളെയും ഒറ്റക്ക് നോക്കേണ്ടി വരുന്ന ഒരു അമ്മ, അടുത്തുള്ള ബേക്കിങ് യൂണിറ്റില്‍ പണിക്ക് പോയാണ് അവര്‍ കഴിയുന്നത്. മൂത്ത ആണ്‍കുട്ടികള്‍ വളര്‍ന്നുവലുതായെങ്കിലും ആരും ഉത്തരവാദിത്തതോടെ പെരുമാറാനോ സമ്പാദിക്കാനോ തുടങ്ങിയിട്ടില്ല….
ഇത്രയും കേള്‍ക്കുമ്പോഴേ ദൈന്യതയുടെ പര്യായമായ ഒരു മധ്യവയസ്‌കയുടെ ചിത്രമാകും ഒരുപക്ഷെ മനസില്‍ വന്നിരിക്കുക. എന്നാല്‍ ആ റൂട്ടില്‍ നിന്നും മാറിനടക്കുകയാണ് വിചിത്രത്തിലെ ജാസ്മിന്‍.
ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാനായി വീടു വിട്ടിറങ്ങുന്ന ജാസ്മിന്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഓരോ പ്രതിസന്ധികളെയും നേരിട്ടാണ് മുന്നോട്ടുപോകുന്നത്.
ഭര്‍ത്താവ് നഷ്ടപ്പെട്ടതിന്റെയും ഒറ്റക്കായി പോയതിന്റെയും വേദനയിലൂടെയാണ് ജാസ്മിന്‍ കടന്നുപോകുന്നതെങ്കിലും തന്റെ പ്രണയത്തെ കുറിച്ചാണ് അവര്‍ കൂടുതലും ഓര്‍ക്കാന്‍ ശ്രമിക്കുന്നത്. രണ്ട് ഗ്ലാസില്‍ ചായ പകര്‍ന്ന് ഒരു ഗ്ലാസിലേത് കുടിക്കുന്ന ഒരു ഷോട്ടില്‍ ഇത് വ്യക്തമായി കാണാനാകും.
മക്കളോട് അതീവ സ്‌നേഹം പുലര്‍ത്തുന്ന ജാസ്മിന്‍ അവരെയോര്‍ത്ത് സങ്കടപ്പെടുകയും അവരോട് ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്ന അവരോട് ഏറ്റവും അടുത്തുനില്‍ക്കുന്ന വ്യക്തിയും ഈ അമ്മ തന്നെയാണ്.
അടുത്ത കാലത്ത് വന്നതില്‍ യഥാര്‍ത്ഥ ജീവിതത്തിലെ സ്ത്രീ ജീവിതങ്ങളോട് ഏറെ സാമ്യം പുലര്‍ത്തുന്ന കഥാപാത്രമാണ് വിചിത്രത്തിലെ ജാസ്മിന്‍ എന്ന കാര്യം എടുത്തു പറയണം.
ഒറ്റനോട്ടത്തില്‍ തുറന്നുവെച്ച ഒരു പുസ്തകം പോലെ തോന്നുമെങ്കിലും വളരെയധികം ലെയറുകള്‍ നല്‍കിയാണ് തിരക്കഥാകൃത്ത് നിഖില്‍ രവീന്ദ്രനും സംവിധായകന്‍ അച്ചു വിജയനും ഈ കഥാപാത്രത്തെ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്.
ബര്‍ത്ത്‌ഡേ ദിവസം മക്കളൊരുക്കുന്ന ആഘോഷങ്ങളില്‍ ഒപ്പം കൂടുന്ന, നന്നായി ഫുട്‌ബോള്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്ന ജാസ്മിന്‍ അത്ര വേഗമൊന്നും മനസില്‍ നിന്ന് മായില്ല.
ഇതിനൊപ്പം ശക്തമായ തീരുമാനങ്ങളെടുക്കുകയും തന്റെ എതിര്‍പ്പുകള്‍ വ്യക്തമാക്കേണ്ട സ്ഥലത്ത് അതെല്ലാം കൃത്യമായി ജാസ്മിന്‍ പ്രകടിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ഘട്ടത്തില്‍ ആര്‍ക്കും ഒന്നും തിരിച്ചു പറയാനില്ലാത്ത വിധം അവര്‍ തന്റെ തീരുമാനം അറിയിക്കുകയും അത് അന്തിമ വാക്കായി മാറുകയും ചെയ്യുന്നുണ്ട്.
ഇങ്ങനെയൊരു കഥാപാത്രത്തെ മികച്ച രീതിയില്‍ തന്നെ ജോളി ചിറയത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഒരു റിയല്‍ ലൈഫിലെ അമ്മയെ കാണുന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ജോളിയുടെ അഭിനയം തന്നെയാണ്. മക്കളുമായുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം ഇതിന്റെ ഉദാഹരണമാണ്.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്ന് നിര്‍മിച്ച വിചിത്രം ഒക്ടോബര്‍ 14നാണ് തിയേറ്ററുകളിലെത്തിയത്. ഷൈന്‍ ടോം ചാക്കോ, കനി കുസൃതി, ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight: The mother character Jasmine and Jolly chirayath’s performance in Vichithram