| Friday, 1st November 2024, 6:34 pm

ആര്‍.ആര്‍.ആറിനേയും ബാഹുബലിയേയും പിന്നിലാക്കി ആ പരാജയ ചിത്രം; ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ സിനിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമയാണ് ഷോലെ. ചിത്രം ലോകമെമ്പാടും 25 കോടി ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആര്‍.ആര്‍.ആര്‍, ജവാന്‍ തുടങ്ങി ഈ അടുത്ത കാലത്തെ ബ്ലോക്ക്ബസ്റ്ററുകളേക്കാള്‍ പലമടങ്ങ് കൂടുതലാണ് 1975ല്‍ ഇറങ്ങിയ ഈ ചിത്രത്തിന്റേത്.

രമേശ് സിപ്പി സംവിധാനം ചെയ്ത ഷോലെയാണ് തിയേറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമ. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികം ഷോലെ നേടിയിരുന്നു.

ഇന്‍ഡിസിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഷോലെ റിലീസ് ചെയ്ത സമയം മുതല്‍ ആദ്യ ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി പതിനഞ്ച് കോടി രൂപയോളം മൂല്യമുള്ള ടിക്കറ്റുകള്‍ വിട്ടു. വര്‍ഷങ്ങളായി നടത്തുന്ന റീ-റിലീസുകളില്‍ ചിത്രം മൂന്ന് കോടി രൂപയോളം നേടി.

ആഗോളതലത്തിലും ചിത്രം ഹിറ്റായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് യൂണിയനില്‍ ആറ് കോടി ടിക്കറ്റുകളും വിറ്റു. യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി ഷോലെ ഒരു കോടിയിലധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെ ആകെമൊത്തം 25 കോടിയിലധികം ടിക്കറ്റുകള്‍ ഷോലെയുടേതായി വിറ്റുകഴിഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ബാഹുബലി 2 : ദി കണ്‍ക്ലൂഷന്‍ ലോകമെമ്പാടും 15 കോടി ടിക്കറ്റുകളാണ് വിറ്റിട്ടുള്ളത്.
എസ്. എസ് രാജമൗലിയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്ററായ ആര്‍.ആര്‍.ആര്‍ ആറ് കോടിയില്‍ താഴെയാണ് ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത്.

25 കോടിയിലധികം ടിക്കറ്റുകള്‍ വിറ്റിട്ടും ഷോലെ ഫ്‌ലോപ്പ് പടം എന്നാണ് അറിയപ്പെടുന്നത്. അതുവരെ അണിനിരന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ താരനിരയും ഒരു ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ഏറ്റവും ഉയര്‍ന്ന ബജറ്റുമായിരുന്നു ചിത്രത്തിന്. ഇതെല്ലാം പരിഗണിച്ച് വലിയ രീതിയിലുള്ള ഓപ്പണിങ് ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ആദ്യ ദിനങ്ങളില്‍ വിചാരിച്ച പോലെ സിനിമക്ക് പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മാധ്യമങ്ങളും ആളുകളും ചിത്രം ഫ്‌ലോപ്പ് ആണെന്ന് വിധി എഴുതി. എന്നാല്‍ മൗത്ത് പബ്ലിസിറ്റികൊണ്ട് ചിത്രം വിജയിക്കുകയായിരുന്നു.

Content Highlight: The most-watched Indian film ever is Sholay, which sold a record 25 crore tickets worldwide

We use cookies to give you the best possible experience. Learn more