| Monday, 12th June 2023, 2:00 pm

മെസിയുടെ വരവിന് ശേഷം ഇന്റര്‍ മയാമിയെ തിരഞ്ഞവരില്‍ അര്‍ജന്റീന രണ്ടാമത്; മൂന്നും നാലും സ്ഥാനങ്ങള്‍ അമ്പരപ്പിച്ചേക്കും

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായി മാറിയ മെസി ഏത് ക്ലബ്ബിലേക്ക് പോകുമെന്നറിയാനാണ് ആരാധകര്‍ കാത്തിരുന്നത്. തന്റെ പഴയ ക്ലബ്ബായ ബാഴ്‌സയിലേക്ക് മെസിയെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം യൂറോപ്പിനോട് തന്നെ വിട പറയുകയായിരുന്നു.

സൗദി പ്രോ ലീഗായിരിക്കും മെസിയുടെ പുതിയ തട്ടകമെന്ന് കരുതിയവര്‍ക്കും തെറ്റി. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കാണ് മെസി തന്റെ കളിത്തട്ടകം മാറ്റിയത്.

ഇതോടെ ഇന്റര്‍നെറ്റിലെ ഹോട്ട് ടോപ്പിക്കായി ഇന്റര്‍ മയാമിയും എം.എല്‍.എസും മാറുകയായിരുന്നു. ഇന്റര്‍ മയാമിയെ കുറിച്ച് കൂടുതലറിയാന്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ ഗൂഗിളില്‍ തിരച്ചില്‍ തുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം സേര്‍ച്ച് ചെയ്യപ്പെട്ട കീ വേര്‍ഡായും ഇന്റര്‍ മയാമി മാറി.

എം.എല്‍.എസ് റൈറ്റര്‍ ഫാവിയന്‍ റെന്‍കലിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശില്‍ നിന്നുമാണ് ഏറ്റവുമധികം ആളുകള്‍ ഇന്റര്‍ മയാമിയെ കുറിച്ച് സേര്‍ച്ച് ചെയ്തത്. കഴിഞ്ഞ ആഴ്ചയിലെ ഗൂഗിള്‍ ട്രെന്‍ഡ്‌സിലെ മോസ്റ്റ് കോമണ്‍ സേര്‍ച്ചില്‍ 100 എന്ന പെര്‍ഫെക്ട് സ്‌കോറാണ് ബംഗ്ലാദേശ് നേടിയത്.

2022 ലോകകപ്പിനിടെ ബംഗ്ലാദേശിലെ അര്‍ജന്റൈന്‍ ആരാധകര്‍ ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മെസിയെ ഇത്രകണ്ട് ആരാധിക്കുന്ന ബംഗ്ലാദേശ് ആരാധകരെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മെസിയുടെ സ്വന്തം അര്‍ജന്റീനക്ക് രണ്ടാം സ്ഥാനമാണ് നേടാന്‍ സാധിച്ചത്. 84 ആണ് അര്‍ജന്റീനയുടെ സ്‌കോര്‍.

ഇന്റര്‍ മയാമിയെന്ന് കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നേപ്പാളും നാലാം സ്ഥാനത്ത് ഹെയ്തിയുമാണ്. യഥാക്രമം 82ഉം 81ഉം ആണ് ഇവരുടെ സ്‌കോര്‍. 73 എന്ന സ്‌കോറുമായി ഐവറി കോസ്റ്റാണ് അഞ്ചാം സ്ഥാനത്ത്.

ഇവര്‍ക്ക് പുറമെ ഇറാഖ്, യെമന്‍, കോംഗോ, ഹോണ്ടുറാസ്, നിക്കരാഗ്വേ എന്നിവരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ച മറ്റ് രാജ്യങ്ങള്‍.

ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ടീമാണ് ഇന്റര്‍ മയാമി. മെസിയുടെ വരവോടെ മേജര്‍ ലീഗ് സോക്കറിനും ഇന്റര്‍ മയാമിക്കും ലഭിക്കുന്ന ഡ്രൈവിങ് ഫോഴ്‌സ് ഏറെ വലുതായിരിക്കും.

വമ്പന്‍ ഓഫറാണ് ഇന്റര്‍ മയാമി മെസിക്ക് മുമ്പില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസിക്ക് ക്ലബ്ബ് നിശ്ചയിച്ചിരിക്കുന്ന വേതനത്തിന് പുറമെ പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ആയ അഡിഡാസ്, ആഡംബര ഇലക്ട്രോണിക്‌സ് കമ്പനിയായ ആപ്പിള്‍ എന്നിവയുടെ ലാഭത്തില്‍ നിന്ന് ഓരോ വിഹിതവും കൂടാതെ താരം ക്ലബ്ബില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്റര്‍ മയാമിയുടെ ഒരു വിഹിതവുമാണ് എം.എല്‍.എസ് ക്ലബ്ബിന്റെ ഓഫര്‍. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content highlight: The most searched country for Inter Miami after Lionel Messi transfer

We use cookies to give you the best possible experience. Learn more