| Sunday, 16th April 2023, 11:15 am

പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തന്‍ പട്ടാളമേധാവി; സുപ്രീംകോടതിക്കെതിരെ ഗൂഢാലോചന നടക്കുന്നു: ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യം പട്ടാളമേധാവിയാണെന്നും എല്ലാവരും അയാളുടെ തീരുമാനങ്ങളെയാണ് പിന്തുടരുന്നതെന്നും പാക്കിസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും തെഹ്‌രീഖ് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍.

രാജ്യത്തെ മിലിട്ടറി നേതൃത്വം അഴിമതിക്കാരുമായി സന്ധി ചെയ്തിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. സമന്‍ പാര്‍ക്കിലെ തന്റെ വസതിയില്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സൈനിക മേധാവിയാണ് പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തന്‍. എല്ലാവരും അയാളുടെ തീരുമാനങ്ങളെയാണ് പിന്തുടരുന്നത്. മിലിട്ടറി, ഷെരീഫുമായും അഴിമതിക്കാരുമായി കക്ഷി ചേര്‍ന്നിരിക്കുകയാണ്, എന്നെ തിരികെ ഭരണത്തില്‍ എത്തിക്കാതിരിക്കാനാണ് അവരുടെ ശ്രമം,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ക്ക് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. സുപ്രീംകോടതിയെ വിഭജിക്കാന്‍ ശ്രമിക്കുന്നത് ദുരന്തത്തിലേക്ക് നയിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘സുപ്രീംകോടതിയെ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നത് വലിയ ഒരു ദുരന്തമാണ്. ഇറക്കുമതി സര്‍ക്കാര്‍ സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്താനും നശിപ്പിക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, രാജ്യത്തെ എല്ലാ ജനങ്ങളും കോടതിക്കൊപ്പം നില്‍ക്കണം,’ ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനിലെ ജനാധിപത്യം സുപ്രീംകോടതിയെ ആശ്രയിച്ച് മാത്രമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.
സുപ്രീംകോടതിക്കെതിരായ ഗൂഢാലോചന അവസാനിപ്പിക്കാനും, പഞ്ചാബ് ഇലക്ഷനുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കാനും ഗവണ്‍മെന്റ് തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ തെരുവിലേക്കിറങ്ങണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. ആ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ താനുണ്ടാകുമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കാരായ ഭരണാധികാരികള്‍ക്ക് കീഴില്‍ അധികകാലം ജനങ്ങളെ തളച്ചിടാനാകില്ലെന്ന കാര്യം സൈനിക നേതൃത്വം മറക്കരുതെന്നും ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കി.

‘രാജ്യം പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ അക്രമപ്രവര്‍ത്തനങ്ങള്‍ കൊണ്ട് അതിനെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് ഭരണകൂടം കരുതരുത്. എന്റെ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ, അവരെ നിശബ്ദരാക്കാനായി നിരന്തരം ആക്രമണങ്ങള്‍ നടത്തിയിരുന്നു. പക്ഷേ ഒന്നും ഫലവത്തായില്ല, അതിനി ഫലവത്താകാനും പോകുന്നില്ല,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നേരത്തെ പഞ്ചാബില്‍ നടന്ന റാലിക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ഇമ്രാന്‍ ഖാന് പരിക്കേറ്റിരുന്നു. തന്നെ കൊലപ്പെടുത്താനായി രാജ്യത്തെ ഉന്നതാധികാരികള്‍ ശ്രമിക്കുന്നതായി ഇമ്രാന്‍ ആരോപണം ഉന്നയിച്ചിരുന്നു.

പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മജ്-ജെന്‍ ഫൈസല്‍ നസീര്‍, പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മന്ത്രി റാണ സനാവുള്ള എന്നിവര്‍ തനിക്കെതിരായ ഗൂഢാലോചനകള്‍ നടത്തുന്നെന്നാണ് നേരത്തെ ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നത്.

Content Highlights: The most powerful person in Pakistan’s politics is the army chief: Imran khan

Latest Stories

We use cookies to give you the best possible experience. Learn more