'ഈ അവസരത്തിലെ ഏറ്റവും ഉചിതമായ തീരുമാനം'; മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
COVID-19
'ഈ അവസരത്തിലെ ഏറ്റവും ഉചിതമായ തീരുമാനം'; മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 4:51 pm

കൊച്ചി: കൊവിഡ് 19 വലിയ പ്രതിസന്ധികള്‍ തീര്‍ത്തുകൊണ്ടിരിക്കവെ, 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി നടന്‍ മോഹന്‍ലാല്‍.

ഈ അവസരത്തില്‍ ചിന്തനീയമായ ഏറ്റവും ഉചിതമായ തീരുമാനം എന്നാണ് സാമ്പത്തിക പാക്കേജിനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിനും മോഹന്‍ലാല്‍ പിന്തുണ അറിയിച്ചു.

ആരോഗ്യത്തോടെയും സുരക്ഷിതരുമായും നില്‍ക്കാനും മോഹന്‍ലാല്‍ പറഞ്ഞു. നേരത്തെ നടന്‍ നിവിന്‍ പോളിയും മുഖ്യമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.

 

കാലമാവശ്യപ്പെടുന്ന പ്രവര്‍ത്തമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സര്‍ക്കാരില്‍ താന്‍ അഭിമാനിക്കുന്നുവെന്നുമാണ് നിവിന്‍ പോളിയുടെ പ്രതികരണം. 2000 കോടി രൂപയുടെ പാക്കേജ് ആണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

20000 കോടിയുടെ സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ നിലവില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനം.

കുടുംബങ്ങള്‍ക്കാണ് ഇത് ലഭ്യമാകുക. ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും.

നിലവില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുക.

‘കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന മൂന്നാം ഘട്ടത്തിലായിരുന്നു ഞങ്ങള്‍, അത് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല’; രാജി പ്രഖ്യാപനത്തിനിടെ കമല്‍നാഥ്
50 ലക്ഷത്തില്‍പരം ആളുകള്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരായിട്ടുണ്ട്. അതേസമയം ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍ പെട്ട സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും.

100 കോടി രൂപ വീതം ഇതിന് വിനിയോഗിക്കും ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം റേഷന്‍ കടകള്‍ വഴി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.പി.എല്‍ അല്ലാത്തവര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യമാണ് നല്‍കുക. ഇതിനായി 100 കോടി രൂപ വേണ്ടി വരും. നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും 1000 ഭക്ഷണ ശാലകള്‍ തുടങ്ങാനാണ് തീരുമാനം.

നേരത്തെ ഊണിന് 25 രൂപ എന്നായിരുന്നു തീരുമാനം. ഇത് 20 രൂപയായി പുനര്‍നിശ്ചയിച്ചു.50 കോടി രൂപ ഇതിന്ചി ചിലവയിക്കേണ്ടി വരും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 500 കോടിയുടെ ഹെല്‍ത്ത് പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശ്ശിക ഏപ്രിലില്‍ തന്നെ കൊടുക്കും 14000 കോടിയായിരിക്കും ഇതിന് ആവശ്യമായി വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.

DoolNews Video