ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസ് ഏപ്രില്‍ 14ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. മസ്ജിദില്‍ വുളു എടുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനും അനുമതി നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് മാനേജ്‌മെന്റിന് വേണ്ടി സീനിയര്‍ അഭിഭാഷകനായ ഹുസേഫാ അഹ്‌മദി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ വ്യാഴാഴ്ച വീണ്ടും കേസ് ഉന്നയിച്ചിരുന്നു. ഇപ്പോള്‍ റമളാന്‍ മാസമാണെന്നും വിശ്വാസികള്‍ക്ക് മസ്ജിദില്‍ പ്രാര്‍ത്ഥിക്കാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ആ വിഷയത്തില്‍ ഒരു ഹരജി സമര്‍പ്പിക്കാന്‍ ഡി.വൈ. ചന്ദ്രച്ചൂഡ് നിര്‍ദേശിക്കുകയും ചെയ്തതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. റമളാന്‍ മാസം കണക്കിലെടുത്ത് പെട്ടെന്ന് തന്നെ കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മെയ്യില്‍ ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ ശിവലിംഗം കണ്ടെത്തിയ ആരോപണത്തിന് പിന്നാലെ മുസ്‌ലിം വിശ്വാസികള്‍ വുളു എടുക്കുന്ന ഭാഗം വാരണാസി കോടതി നിര്‍ദേപ്രകാരം സീല്‍ ചെയ്യുകയായിരുന്നു.
അതേസമയം വാരണാസി കോടതി സീല്‍ ചെയ്ത ഉത്തരവ് മുസ്‌ലിങ്ങള്‍ക്ക് നമസ്‌കരിക്കുന്നതിനും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനുമുള്ള അവകാശത്തെ തടയില്ലെന്ന് കഴിഞ്ഞ മെയ് 17ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതോടൊപ്പം വാരണാസി കോടതിയുടെ ഉത്തരവ് നിലനിര്‍ത്തി മസ്ജിദിലേക്കുള്ള പ്രവേശനം സുപ്രീം കോടതി നിയന്ത്രിച്ച് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു.
മെയ് 20ന് വീണ്ടും സുപ്രീം കോടതി കേസ് വാരണാസി ജില്ലാ കോടതി കേള്‍ക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ 2022 സെപ്റ്റംബറില്‍ മസ്ജിദ് കമ്മിറ്റിയുടെ പരിപാലനാവകാശ ഹരജി വാരണാസി ജില്ലാ കോടതി തള്ളുകയായിരുന്നു.