On Every birthday since he started working at the mine, he said, he always had a party, a huge Protest. Rubber bullets were the gifts.
This year they were real.
I guess if you born on the wrong side, you die on the wrong side
La casa De Papel അഥവാ മണി ഹീസ്റ്റ് എന്ന ലോകത്തിലേറ്റവുമധികം ആളുകള്‍ കണ്ട ഇംഗ്ലീഷിതര വെബ് സീരീസിലെ അവസാന ഭാഗത്ത് ഡെന്‍വര്‍ പറയുന്ന ഡയലോഗാണിത്. ഈ സീരീസിന്റെ സ്വീകാര്യതയുടെ ഒരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന അതിന്റെ രാഷ്ട്രീയം, ‘തൊഴിലാളി കടത്തില്‍ ജനിച്ച്, കടത്തില്‍ ജീവിച്ച്, കടം അടുത്ത തലമുറക്ക് കൈമാറി, കടത്തില്‍ മരിച്ച് പോകുന്നു’ എന്ന പൊതുപ്രസ്താവനയോട് സാമ്യമുള്ള ഈ ഡയലോഗുകളില്‍ കാണാം.
മണി ഹീസ്റ്റിലെ മാസിന്റെ ഏറ്റക്കുറച്ചിലുകള്‍ സംബന്ധിച്ച ചര്‍ച്ചകളും , ബാങ്ക് കൊള്ളയെന്ന നിഷ്‌ക്കളങ്ക കാഴ്ചയും കടന്ന് അതിന്റെ രാഷ്ട്രീയം ചര്‍ച്ചയാകാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ കുറച്ച് കാലമായ് എഴുതണമെന്ന് കരുതിയ ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുകയാണ്.
സീരീസില്‍ തന്നെ ഒരിടത്ത് പറയുന്നത് പോലെ തന്നെ പ്രതിരോധം – റെസിസ്റ്റന്‍സ് – എന്ന സെല്‍ട്രല്‍ തീമീലാണ് മണി ഹീസ്റ്റ് മുഴുവന്‍ തിരിയുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനന്തമായ പോരാട്ടത്തിന്റെ , ഇല്ലാത്തവനായി, ഉള്ളവനെ കൊള്ളയടിക്കുന്ന ആധുനിക കാലത്തെ റോബിന്‍ ഹുഡുകളുടെ കഥാകഥനരീതിയാണ് ഈ സീരീസിന്റെ ജനപ്രീതിക്ക് അടിസ്ഥാനമായി പല സാമൂഹ്യ – രാഷ്ട്രീയ നിരീക്ഷണങ്ങളും പറയുന്നത്. Subversive in that it’s about a heist for the people. It’s revenge against a government എന്നാണ് ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന ഒരു റിവ്യൂവില്‍ മണി ഹീസ്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നു. ഫ്രാന്‍സിലെ Le Monde പത്രമാകട്ടെ An Allegory of Rebellion – കലാപത്തിന്റെ ഉപമ എന്നാണിതിനെ അതിന്റെ തലക്കെട്ടില്‍ വിശേഷിപ്പിക്കുന്നത്.
2011 മെയ് മാസത്തില്‍ സ്‌പെയിനിലെ Puerta del Sol ചത്വരത്തില്‍ നിന്നാരംഭിച്ച യുവജന പ്രക്ഷോഭത്തിന്റെ മുദ്രാവാക്യങ്ങളാല്‍ ഈ സീരീസ് പ്രചോദിതമായിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകരുന്ന ബാങ്കുകളെ പിടിച്ച് നിര്‍ത്താനായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച കടുത്ത സാമ്പത്തിക നടപടികളോടുള്ള പ്രതിഷേധമായിരുന്നു Anti Austerity Movement, മേയ് 15 മൂവ്‌മെന്റ് എന്നൊക്കെ വിളിക്കപ്പെടുന്ന ഈ പ്രക്ഷോഭം . ‘രാഷ്ട്രീയക്കാരുടേയും ബാങ്കുകളുടേയും കയ്യിലെ പാവകളല്ല ഞങ്ങള്‍ ‘ എന്നായിരുന്നു ഈ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം. ന്യൂനപക്ഷം ധനികരുടെ കടലാസ് കൊട്ടാരം തകര്‍ന്നടിഞ്ഞതിന്റെ വില സാധാരണക്കാരന്‍ നല്‍കേണ്ടതില്ല എന്ന ആ മിനിമം മുദ്രാവാക്യം അലക്‌സ് പിനയുടെ സീരീസിലും കടന്ന് വരുന്നു
2011 ലും, 12 ലും, 13 ലും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ശൂന്യതയില്‍ നിന്ന് ശതകോടി യൂറോസ് സൃഷ്ടിച്ച് ബാങ്കര്‍മാര്‍ക്ക് നല്‍കിയതും , അതിനെ ആരും കൊള്ള എന്ന് വിളിക്കാതെ ലിക്വിഡിറ്റി ഇന്‍ജക്ഷന്‍സ് എന്ന് വിളിച്ചതും, അതേ ലിക്വിഡിറ്റി ഇന്‍ജക്ഷന്‍ ഞാനിവിടെ റിയല്‍ എക്കണോമിയില്‍ ചെയ്യുകയാണെന്നും സീരീസിന്റെ ഒന്നാം ഭാഗത്തിന്റെ അവസാനം പ്രൊഫസര്‍ റാക്കേലിനോട് പറയുന്നുണ്ട്.
പ്രൊഫസറുടെ ക്ലാസില്‍ പറയുന്നു, ചരിത്രമെന്നത് തന്നെ നമ്മളും അവരും – വ്യവസ്ഥിതിയെ എതിര്‍ക്കുന്നവരും , അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ചരിത്രമാണെന്ന്. വ്യവസ്ഥാപിതമായ ലോക സങ്കല്‍പ്പത്തെ എതിര്‍ക്കുന്ന മറ്റൊരു ലോക സങ്കല്‍പ്പത്തെക്കുറിച്ചുള്ള രാഷ്ട്രീയം ഇതില്‍ കാണാനാകുന്നു. പ്രൊഫസറുടെ ക്ലാസുകള്‍ക്ക് യൂറോപ്പിലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സെല്‍ മീറ്റിങ്ങുകളോടുള്ള സാദൃശ്യവും Le Monde പത്രം ചൂണ്ടിക്കാണിക്കുന്നു.
കഥാപാത്രങ്ങള്‍ മിക്കവാറും എല്ലാവരും തന്നെ അവഗണനയുടേയോ ഒഴിവാക്കലിന്റെയോ ഒക്കെ ഭൂതകാലമുള്ള , പ്രൊഫസര്‍ തന്നെ പറഞ്ഞത് പോലെ കറുപ്പിലും വെളുപ്പിലും കാര്യങ്ങള്‍ കാണാന്‍ ശീലിച്ചവരുടെ ലോകത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരാണെന്നതും ശ്രദ്ദേയമാണ്.
2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള യൂറോപ്പിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ തൊഴിലില്ലായ്മ എന്ന പ്രശ്‌നത്തെയും പരാമര്‍ശിച്ച് പോകുന്നുണ്ട്. താന്‍ പറയുന്നതനുസരിക്കാത്ത ജീവനക്കാരനെ ഭീഷണിപ്പെടുത്താന്‍ തൊഴിലന്വേഷിച്ച് നടക്കുന്ന രണ്ട് മക്കളുടെ കാര്യം റോയല്‍ മിന്റ് ഡയറക്ടറായ അര്‍ത്തൂറോ റോമാന്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാന കഥാപാത്രമായ പ്രൊഫസര്‍ തന്നെ തൊഴില്‍ രഹിതനെന്നാണ് അവതരിപ്പിക്കപ്പെടുന്നത് എന്നതും ശ്രദ്ദേയമാണ്. മാസങ്ങളായി തൊഴില്‍ രഹിതനായതിനാല്‍, തെളിവായ കാറ് നശിപ്പിച്ച് കളയാന്‍ പ്രൊഫസര്‍ നല്‍കിയ 1000 യൂറോ തനിക്ക് വലിയ തുകയാണെന്നും താനത് തന്റെ കുടുംബത്തിനയച്ചു എന്നും പറയുന്ന ഹെല്‍സിങ്കിയേയും സീരീസില്‍ നമ്മള്‍ കാണുന്നു.
ലോകമെമ്പാടുമുള്ള ഭരണകൂട ഭീകരതകളെ കുറിച്ചും മണി ഹീസ്റ്റില്‍ പല തവണ പരാമര്‍ശിച്ച് പോവുന്നുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം ഉപയോഗിച്ച Collateral Damage എന്ന വാക്കിനെക്കുറിച്ച് സീരീസില്‍ എവിടെയോ പറയുന്നതായാണോര്‍മ്മ. പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ പല നാടുകളിലും വിതച്ച അനിശ്ചിതത്വങ്ങള്‍, കൊയ്‌തെടുത്ത നേട്ടങ്ങള്‍, അട്ടിമറിച്ച ഭരണകൂടങ്ങള്‍, ആയുധ കരാറുകള്‍ ഒക്കെ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തിടുമെന്ന ഭീഷണി, ഭരണകൂടങ്ങളെ വിറളി പിടിപ്പിക്കുന്ന ഒന്നായി മാറുന്നു.
സീരീസിന്റെ റെസിസ്റ്റന്‍സ് എന്ന തീമിനെ ഏറ്റവും ശ്രദ്ദേയമാക്കിയ ഒരു ഘടകമാണ് Bella Ciao എന്ന ഗാനം . രണ്ടാം ലോക മഹായുദ്ധകാലത്ത് ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടിയിരുന്ന പാര്‍ട്ടിസാനുകളുടെ സമരഗാനമായി സീരീസില്‍ തന്നെ പറയുന്ന ഈ ഫോക്ക് സോംഗ് , മണി ഹീസ്റ്റ് റിലീസിന് ശേഷം ലോകമെമ്പാടും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സമരഗാനമായിട്ടുണ്ട്. ഈ ഗാനമോ, അതിന്റെ പാരഡികളോ പല സമരങ്ങളിലും ഇടം പിടിച്ചു. 2019 നവംബറില്‍ ഇറാഖില്‍ നടന്ന പ്രക്ഷോഭത്തില്‍ ബെല്ല ചാവോയുടെ അറബിക് വേര്‍ഷന്‍ പ്രക്ഷോഭകാരികള്‍ ഉപയോഗിച്ചിരുന്നു. പ്യൂര്‍ട്ടോറിക്കയില്‍ പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളില്‍, ഇറ്റലിയിലെ ഏറ്റവും ഇടതാഭിമുഖ്യമുണ്ടെന്ന് കരുതപ്പെടുന്ന എമിലിയ റോമാഗ്‌ന പ്രവിശ്യയില്‍ തീവ്ര വലതു പക്ഷ നേതാവായ മത്തേയോ സാല്‍വിനിക്കെതിരായ പ്രചാരണങ്ങളില്‍ ഒക്കെ ബെല്ല ചാവോ ആവര്‍ത്തിക്കപ്പെട്ടു. ഏറ്റവുമവസാനം ഇന്ത്യയിലെ സിഎഎ വിരുദ്ധ സമരത്തിലും ഈ ഗാനത്തിന്റെ ഒരു ഹിന്ദി അഡാപ്‌റ്റേഷന്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ഒന്നാം സീസണിന്റെ അവസാനത്തില്‍ ഈ ഗാനത്തിനൊപ്പം പ്ലേ ചെയ്യുന്ന പണ ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളും , വാള്‍സ്ട്രീറ്റും , തൊഴിലാളികളും ഒക്കെ ചേര്‍ന്ന മൊണ്ടാഷ് , സീരീസിന്റെ വളരെ പ്രകടമായ ഒരു രാഷ്ട്രീയ പ്രസ്താവനയായി മാറുന്നുണ്ട്.
മണി ഹീസ്റ്റിലുപയോഗിച്ചിരിക്കുന്ന ദാലി മാസ്‌ക്കും, ചുവന്ന ജംപ് സ്യൂട്ടും മറ്റൊരു പ്രതിരോധ സിമ്പലായി മാറുന്ന കാഴ്ചയും പിന്നീട് കണ്ടു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും നടന്ന / നടക്കുന്ന പല സമരങ്ങളിലും ദാലി മാസ്‌ക്കണിഞ്ഞ ചുവന്ന വേഷധാരികള്‍ പ്രത്യക്ഷപ്പെട്ടു. ലബനോണിലും ചിലിയിലും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് നവംബറില്‍ ഇറാഖില്‍ നടന്ന പ്രതിഷേധങ്ങളിലും ഇവ ഉപയോഗിക്കപ്പെട്ടു. ആധുനിക മുതലാളിത്തത്തോട് തന്റെ കലയിലൂടെ കലഹിച്ചിരുന്നയാളായിരുന്ന, ദാദായിസം എന്ന ആര്‍ട്ട് മൂവ്‌മെന്റിന്റെ വക്താവായ സാല്‍വദോര്‍ ദാലിയെ തന്നെ മുതലാളിത്തത്തിനെതിരായ റെസിസ്റ്റന്‍സിന്റെ മുഖമായി തെരഞ്ഞെടുത്തത് യാദൃശ്ചികമാകാനിടയില്ല. ഇറാഖ് മുതല്‍ പ്യൂര്‍ട്ടോറിക്ക വരെയുള്ള ഉദാഹരണങ്ങളിലൂടെ പോപ്പുലര്‍ കള്‍ച്ചറിലെ പ്രതീകങ്ങള്‍ എങ്ങനെയാണ് ധൈര്യത്തിന്റേയും, പ്രത്യാശയുടേയും, പ്രതിരോധത്തിന്റെയും , ചെറുത്തുനില്‍പ്പിന്റേയും സാംസ്‌ക്കാരിക പ്രതീകമായി മാറുന്നുവെന്നതിന്റെ ഉത്തമ മാതൃകയായി മണി ഹീസ്റ്റ് മാറുന്നതെന്ന് പോപ്പുലര്‍ കള്‍ച്ചറിനെ കുറിച്ച് പഠിക്കുന്ന പല പ്രമുഖരും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. കലാപത്തിന്റെയും എക്കാലത്തേയും നിറമാണല്ലോ ചുവപ്പ്.
ആരോ എഴുതിയത് പോലെ La Casa De Papel – (മുതലാളിത്തത്തിന്റെ )കടലാസ് കൊട്ടാരം എന്നതിന് നെറ്റ് ഫ്‌ലിക്‌സ് എന്നൊരു കോര്‍പ്പറേറ്റ് ഭീമന്‍ Money Heist – പണാപഹരണം എന്ന തര്‍ജ്ജമ കൊടുക്കുന്നതില്‍ പോലും ഒരു രാഷ്ട്രീയമുണ്ട്. ചുരുക്കത്തില്‍ ശക്തമായ ആന്റി ഇംപീരിയലിസ്റ്റ്, ആന്റി കാപ്പിറ്റലിസ്റ്റ് , പ്രോ വര്‍ക്കര്‍ രാഷ്ട്രീയമാണ്, മോഷണവും , പ്രണയവും , വൈകാരികതയും എല്ലാം ചേര്‍ത്ത ത്രില്ലിംഗായ ഒരു ടെലി നോവല്ലയുടെ സ്വഭാവമുള്ള സീരീസിലൂടെ മണി ഹീസ്റ്റ് പറഞ്ഞ് വെക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനുദിനം വര്‍ദ്ധിച്ച് വരുന്ന അകലത്തിന്റെയും സംഘര്‍ഷങ്ങളുടെയും വൈകാരികവും പ്രതീകാത്മകവുമായ ആവിഷ്‌ക്കാരമായത് കൊണ്ട് തന്നെയാവാം അറിഞ്ഞോ അറിയാതെയോ ദാലി മാസ്‌കണിഞ്ഞ ചുവപ്പന്‍ ജംപ് സ്യൂട്ടു ധാരികള്‍ ലോകത്തിന് പ്രിയപ്പെട്ടവരായി മാറുന്നത്.