| Sunday, 14th May 2023, 3:10 pm

മോദി തരംഗം അവസാനിച്ചു; ഇനി രാജ്യമെമ്പാടും പ്രതിപക്ഷ തരംഗം വരും: സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം മോദി തരംഗം അവസാനിക്കുകയാണെന്നാണ് കാണിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രാജ്യമെമ്പാടും പ്രതിപക്ഷ ഐക്യം തരംഗം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മോദി തരംഗം അവസാനിച്ചു. ഇനി ഞങ്ങളുടെ തരംഗം രാജ്യമെമ്പാടും അലയടിക്കും. 2024 ലേക്കുള്ള ഞങ്ങളുടെ തയ്യാറെടുപ്പ് ആരംഭിച്ചു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും അതിന് വേണ്ടി തയ്യാറെടുക്കുകയും ചെയ്യും,’ റാവത്ത്  എ.എന്‍.ഐയോട് പറഞ്ഞു.

ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടത് സ്വേഛാധിപത്യത്തെ പരാജയപ്പെടുത്താന്‍ പൗരന്മാര്‍ക്ക് കഴിയുമെന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജ്‌റംഗ് ബാലി കോണ്‍ഗ്രസിനൊപ്പമാണെന്നാണ് കോണ്‍ഗ്രസ് ജയം കാണിക്കുന്നത്. ബി.ജെ.പി തോറ്റാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാകുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ കര്‍ണാടക ഇപ്പോള്‍ ശാന്തവും സന്തോഷത്തിലുമാണെന്നും പറഞ്ഞ റാവത്ത് എവിടെയാണ് കലാപമെന്നും ചോദിച്ചു.

2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അധികാരമുണ്ടായിരുന്ന ഒരേയൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം ബി.ജെ.പിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മൂന്നാം തവണയും അധികാരത്തിലേറാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മോദി സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയെത്തി പ്രചരണം നടത്തിയിട്ടും കര്‍ണാടക പിടിക്കാനാകാത്തത് പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

പ്രതിപക്ഷ ഐക്യത്തിനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷ മുന്നണികളുമായി ഈയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Content highlight: The modi wave is over and now our wave coming : Sanjay raut

We use cookies to give you the best possible experience. Learn more