| Saturday, 1st February 2020, 8:05 am

വാട്‌സ്ആപ് യൂണിവേഴ്‌സിറ്റി വിവരങ്ങള്‍ വില്ലനാവുന്നു; കാട്ടാക്കടയില്‍ ഇല്ലാത്ത അരലക്ഷം കേന്ദ്രസഹായത്തിനായി വരിനിന്ന് നൂറുകണക്കിന് ആളുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഇത് വരെ നടപ്പിലാക്കാത്തതോ പ്രഖ്യാപിക്കാത്തതോ ആയ പദ്ധതിക്ക് അപേക്ഷ നല്‍കാന്‍ കാട്ടാക്കടയില്‍ നാട്ടുകാരുടെ തിരക്ക്. കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50000 ധനസഹായം നല്‍കുന്നു എന്ന വ്യാജവിവരം പ്രചരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ് ഓഫീസിന് മുന്നിലും തിങ്ങിനിറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിജീവിക എന്ന പദ്ധതി വഴി കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50000 രൂപ നല്‍കുന്നു എന്നായിരുന്നു പ്രചരണം. കേന്ദ്രസര്‍ക്കാരിന് ഇങ്ങനെ ഒരു പദ്ധതിയില്ല. ഉള്ളത് സംസ്ഥാന സര്‍ക്കാരിനാണ്. ദുരിതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കായി ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും 50000 രൂപ ലഭിക്കുമെന്നാണ് പ്രധാനമായും വാട്‌സ്ആപ് വഴിയും അല്ലാതെയും പ്രചരിച്ചത്. ഇതോടെ എല്ലാവരും താലൂക്ക് ഒഫീസിലേക്ക് അപേക്ഷയുമായി എത്തുകയായിരുന്നു. വനിതാശിശുവികസന ഓഫീസിലേക്ക് അപേക്ഷ അയക്കാനായി പോസ്റ്റ് ഓഫീസിലും തിരക്ക് അനുഭവപ്പെട്ടു. ഇതോടെ ഇങ്ങനെ ഒരു പദ്ധതി കേന്ദ്രസര്‍ക്കാരിനില്ലെന്ന വിശദീകരിക്കേണ്ട അവസ്ഥയായി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക്.

സമാനമായ രീതിയിലുള്ള സംഭവം കഴിഞ്ഞ വര്‍ഷം മൂന്നാറിലും നടന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ ഇല്ലാത്ത പദ്ധതികളുടെ നൂറുകണക്കിന് വ്യാജ ഫോര്‍വേഡ് സന്ദേശങ്ങളാണ് ഓരോ ഗ്രൂപ്പുകളിലും വന്നു നിറയുന്നത്. ഇല്ലാത്ത പദ്ധതികള്‍ക്ക് പണം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന പ്രചരണവും സമാനമായ രീതിയില്‍ നടക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more