പാവങ്ങാട്: കാണാതായ മലയാളി സൈനികന്‍ കെ. വിഷ്ണു (30)വിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് മാറി നിന്നുവെന്നാണ് സൈനികന്‍ പൊലീസിന് നല്‍കിയ മൊഴി.
കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സൈനികനെ കണ്ടെത്തുന്നത്. ഡിസംബര്‍ 17നാണ് സൈനികനെ കാണാതായത്. കോഴിക്കോട് പാവങ്ങാട് സ്വദേശിയാണ് വിഷ്ണു.
20 ദിവസത്തെ അവധിക്ക് പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സൈനികന്‍ നാട്ടിലേക്ക് തിരിച്ചത്. പിന്നീട് യുവാവിനെ കാണാതാകുകയായിരുന്നു.
ഏലത്തൂര്‍ എസ്.ഐയുടെ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സൈനികനെ കണ്ടെത്തിയത്.
ഡിസംബര്‍ 23ന് എലത്തൂരിൽ നിന്നുള്ള അന്വേഷണ സംഘം മുംബൈയിലും പുനെയിലും തിരച്ചിൽ നടത്തിയിരുന്നു. ഇപ്പോൾ മജെസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് സൈനികനെ കണ്ടെത്തിയത്.
ഇന്ന് (ബുധനാഴ്ച) സൈനികന്‍ കോഴിക്കോട്ടെ വീട്ടിലെത്തും. മകനുമായി ഫോണില്‍ സംസാരിച്ചതായി രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അവധി ലഭിച്ച വിവരവും നാട്ടിലേക്ക് വരികയാണെന്നും ഡിസംബര്‍ 16ന് രാത്രി 11.30ന് വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച യുവാവ് കണ്ണൂരില്‍ എത്തിയതായും വീട്ടുകാരെ അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് സൈനികനെ കാണാതാകുകയായിരുന്നു. വിഷ്ണു ഇന്ത്യന്‍ ആര്‍മിയുടെ ബോക്‌സിങ് ടീം അംഗം കൂടിയാണ്.
Content Highlight: The missing soldier from Kozhikode has been found