ബാലസോര്‍: കൊവിഡ് വ്യാപനത്തിന്റെ കാലത്ത് തങ്ങളുടെ എം.പിയെ കാണാനില്ലെന്ന് പറഞ്ഞ് ഒഡീഷയിലെ ബാലസോറില്‍ പോസ്റ്ററുകള്‍. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ബാലസോര്‍ എം.പിയുമായ പ്രതാപ് ചന്ദ്ര സാരംഗിയെ കാണാനില്ലെന്നാണ് പോസ്റ്റര്‍.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ജനത കര്‍ഫ്യൂവിനിടെ മാര്‍ച്ച് 22നാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നാണ് പ്രതിപക്ഷമടക്കം ആരോപിക്കുന്നത്. ഒറീസയില്‍ ആംഫന്‍ കാറ്റ് വീശിയതിനെ തുടര്‍ന്ന് നിറയെ നാശനഷ്ടങ്ങളുണ്ടായപ്പോഴും സാരംഗിയെ കണ്ടില്ലെന്ന് ആരോപണമുണ്ട്.
‘രാജ്യ വ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ കഴിഞ്ഞ 61 ദിവസമായി ഞങ്ങള്‍ ഭക്ഷണം വിതരണം ചെയ്തു. ഒരു ദിവസം പോലും ഞങ്ങളുടെ എം.പിയെ കണ്ടിട്ടില്ല. അദ്ദേഹവുമായി ഓണ്‍ലൈന്‍ വഴി പോലും ബന്ധപ്പെടാന്‍ മണ്ഡലത്തിലെ ഒരു പൗരനും സാധിക്കുന്നില്ല. ഞങ്ങള്‍ ഭക്ഷണം നല്‍കുന്നതിനിടെ ജനങ്ങള്‍ ചോദിക്കുന്നു എം.പിയെവിടെ എന്ന്’, സാമൂഹ്യ പ്രവര്‍ത്തകനായ സാംബിത് പവ്വല്‍ പറഞ്ഞു.
സാരംഗിക്കെതിരെ പോസ്റ്റര്‍ പതിച്ചത് വഴി മാനഷ്ടമുണ്ടായെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജീവ് ഗിരി, സുധാന്‍ശു ശേഖര്‍ ജന എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക