ഇസ്രഈലിലെത്തിയ ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം: വിദേശകാര്യ മന്ത്രാലയം
national news
ഇസ്രഈലിലെത്തിയ ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം: വിദേശകാര്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 11:07 pm

ന്യൂദല്‍ഹി: ഇസ്രഈലിലേക്കെത്തിയെ ആദ്യ ബാച്ച് നിര്‍മാണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഉഭയകക്ഷി മൊബിലിറ്റി കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്നും ഇസ്രഈലിലേക്ക് പോകാന്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് അനുമതി ലഭിച്ചത്.

‘മൊബിലിറ്റി കരാര്‍ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് മുമ്പുള്ളതാണ്. തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാണ്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഞങ്ങള്‍ ഇസ്രഈലി അധികാരികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,’ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഏകദേശം 18,000 തൊഴിലാളികള്‍ നിലവില്‍ ഇസ്രഈലില്‍ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും ജയ്സ്വാള്‍ പറഞ്ഞു.

60ലധികം ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളുടെ ആദ്യ ബാച്ച് ഇസ്രഈലിലേക്ക് പുറപ്പെട്ടതായി ഇന്ത്യയിലെ ഇസ്രഈല്‍ അംബാസഡര്‍ നവോര്‍ ഗിലോണ്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം, ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള വിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിസൈല്‍ ആക്രമണത്തില്‍, ഒരു ഇന്ത്യക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഇസ്രഈലിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlight: The Ministry of External Affairs of India requested to ensure the safety of construction workers when they arrived in Israel