| Saturday, 9th May 2015, 2:59 am

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്ര പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതിക്കുള്ള അനുമതി തള്ളിയ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രാലയത്തിന്റെ നടപടി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രാലയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി.

പ്രതിരോധ മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു വ്യോമയാന മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയിരുന്നത്. പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതി ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയ നടപടി സുപ്രിം കോടതി ശരിവെച്ചിരുന്നതായും പദ്ധതിക്കുവേണ്ടി അപേക്ഷ നല്‍കിയിരുന്ന കെ.ജി.എസ് ഗ്രൂപ്പിന് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും ഉത്തരവില്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

2011 ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് പ്രതിരോധ മന്ത്രാലയം ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. രാജ്യത്ത് ഈ വര്‍ഷം നിര്‍മിക്കാനുദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളിലായി 2000 കോടി ചിലവില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്നത്.

We use cookies to give you the best possible experience. Learn more