Kerala News
ശങ്കുവിൻ്റെ ആവശ്യം മന്ത്രി കേട്ടു; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കുമെന്ന് വീണ ജോർജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 03, 08:42 am
Monday, 3rd February 2025, 2:12 pm

തിരുവനന്തപുരം: കുഞ്ഞ് ശങ്കുവിന്റെ ആവശ്യം കേട്ട് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കുമെന്ന് മറുപടിയുമായെത്തിയിരിക്കുകയാണ് മന്ത്രി.

ഇടുക്കിയിലെ ദേവികുളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം നമ്പർ അങ്കണവാടിയിലെ ശങ്കു എന്ന ഓമനപ്പേരിൽ വിളിക്കുന്ന ബ്രിജ്ൽ എസ്.സുന്ദർ ആണ് തന്റെ നിഷ്കളങ്കമായ ആവശ്യം ഉന്നയിച്ചത്. അങ്കണവാടിയിൽ ഇനിമുതൽ ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്നായിരുന്നു കുഞ്ഞിന്റെ ആവശ്യം.

ശങ്കു തന്റെ പരാതി പറയുന്ന വീഡിയോ അമ്മ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വലിയ രീതിയിൽ സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെയാണ് കുഞ്ഞിനുള്ള മറുപടിയുമായി വീണ ജോർജ് എത്തിയത്.

കുഞ്ഞിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കുമെന്ന് വീണ ജോർജ് പറഞ്ഞു.

‘വളരെ മനോഹരവും നിഷ്കളങ്കവുമായുള്ള ആവശ്യമാണ് കുഞ്ഞ് ആവശ്യപ്പെട്ടത്. അങ്കണവാടിയിൽ ഇനിമുതൽ ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ ആവശ്യം നമുക്ക് പരിഗണിക്കാം. നിലവിൽ മുട്ടയും പാലും നൽകി വരുന്നുണ്ട്. കുഞ്ഞ് ആവശ്യപ്പെട്ടതനുസരിച്ച് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരണം പരിശോധിക്കാൻ ശ്രമിക്കുന്നതാണ്,’ വീണ ജോർജ് പറഞ്ഞു.

മന്ത്രിയുടെ മറുപടിയും കുഞ്ഞിന്റെ ആവശ്യവും ഒന്നിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. വീഡിയോയിൽ കുഞ്ഞിനെ പിന്തുണച്ചുകൊണ്ട് കമെന്റുകളുമായി നിരവധി പേർ എത്തിയിട്ടുമുണ്ട്.

‘പറഞ്ഞതിൽ തെറ്റ് ഒന്നും ഇല്ല ആഴ്ചയിൽ ഒരു ദിവസം ബിരിയാണി ആവാം, മന്ത്രിയെ കൊണ്ട് മറുപടി പറയിച്ചു കളഞ്ഞു കൊച്ച് ഗള്ളൻ’ തുടങ്ങിയ കമെന്റുകളാണ് വീഡിയോയിൽ വരുന്നത്.

Content Highlight: The minister heard the demand of Shankhu; Veena George will look into the revision of the food menu in Anganwadi