തിരുവനന്തപുരം: കേരളത്തിലെത്തിയ മഹാത്മാഗാന്ധിയുടെ പൗത്രനെ ആക്രമിച്ച ആര്‍.എസ്.എസ് നിലപാടില്‍ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ. ഉത്തരേന്ത്യയില്‍ ആര്‍.എസ്.എസ് നടപ്പിലാക്കുന്ന രീതികള്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പകര്‍ത്തുന്നതെന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പ്രതികരണമാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചതെന്നും തുഷാര്‍ ഈ പ്രസംഗം പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ആര്‍.എസ്.എസിന്റെ ഭീഷണിയെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞു വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച ആര്‍.എസ്.എസ് ബി.ജെ.പി നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.
തുഷാര്‍ ഗാന്ധിയെ ആക്രമിച്ച ആര്‍.എസ്.എസുകാര്‍ രാജ്യദ്രോഹികളാണെന്നും നെയ്യാറ്റിന്‍കരയില്‍ അതിക്രമത്തിന് മുതിര്‍ന്ന ക്രിമിനല്‍ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി നേതൃത്വം ആവശ്യപ്പെട്ടു.
വിമര്‍ശിക്കുന്നവരെയും വിയോജിക്കുന്നവരെയും വേട്ടയാടുന്നത് ഫാസിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിനാണെന്നും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നിട്ടും പകതീരാത്ത ആര്‍.എസ്.എസ് ഗാന്ധിയുടെ ചെറുമകനെയും വേട്ടയാടുകയാണെന്നും ഇത് കണ്ടിരിക്കാനാവില്ലെന്നും ഡി.വൈ.എഫ്.ഐ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എല്ലാ സംവാദങ്ങളെയും അവസാനിപ്പിക്കാനും ഏകാധിപത്യം നടപ്പിലാക്കാനുമാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസ് നേതാവും നെയ്യാറ്റിന്‍കര നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുമായ മഹേഷിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാഛാദന ചടങ്ങിനെത്തിയപ്പോഴാണ് അതിക്രമം. വര്‍ക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ കൂടിയായിരുന്നു തുഷാര്‍ ഗാന്ധി കേരളത്തിലെത്തിയത്.
Content Highlight: The methods implemented in North India should not be implemented here; RSS’s action against Mahatma Gandhi’s rule is protestable: DYFI.