| Tuesday, 25th December 2012, 3:33 pm

മെറ്റമോര്‍ഫോസിസ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലാവര്‍ക്കും വേണ്ടി ഓടിച്ചാടി നടന്നൊരു മനുഷ്യന്‍ പെട്ടന്ന് തളര്‍ന്ന് വീണ്, പിന്നീട് ആര്‍ക്കും വേണ്ടാതെ മുറിയുടെ ഒരു മൂലയ്ക്ക് ഒരു കീടത്തെപ്പോലെ കഴിഞ്ഞത് കണ്ടിട്ടുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാവും. അത് നിങ്ങളുടെ ഉറക്കത്തെയും ഭയപ്പെടുത്തുന്നുണ്ടാവും. ഒരു ദിവസം തളര്‍ന്ന് വീണാല്‍ ആരുമില്ലാതായിപ്പോവുമല്ലോയെന്ന പേടി….. ഒരു കീടത്തെപ്പോലെയാവുമല്ലോ എന്ന ചിന്ത പലരിലും ഉണ്ടായേക്കാം.


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

കാഫ്കയുടെ ഈ ലഘുനോവല്‍ എന്നെ വല്ലാതെ അതിശയിപ്പിച്ചിട്ടുണ്ട് .
സെയില്‍സ്മാനായിരുന്ന ഗ്രിഗര്‍ സാംസ എന്ന എന്ന ചെറുപ്പക്കാരന്‍ മനസ്സിനെ മദിക്കുന്നൊരു സ്വപ്നത്തില്‍ നിന്നുണര്‍ന്നപ്പോള്‍ ഒരു കീടമായി മാറുന്നു. പിന്നീട് അദ്ദേഹത്തിലൂടെ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് കഥ.[]

ആദ്യകാലങ്ങളില്‍ ഗ്രിഗറിനെ സ്‌നേഹിച്ചിരുന്ന സഹോദരിപോലും അവസാനം അദ്ദേഹത്തെ വെറുക്കുന്നു. അച്ഛന്‍ ഒരിക്കല്‍ അവനെ ആപ്പിള്‍ കൊണ്ട് എറിയുന്നുണ്ട്… വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടി വയലിന്‍ വായിക്കുന്ന സഹോദരിയുടെ അടുത്തേക്ക്, വയലിന്‍ വായനയുടെ മനോഹാരിതയില്‍ മയങ്ങി ഇഴഞ്ഞ് ചെല്ലുന്ന സാംസയെ വാടകക്കാരന്‍ കാണുമ്പോള്‍ അത് തന്റെ സഹോദരന്‍ അല്ലെന്നാണു അവള്‍ പറയുന്നത്.. അതിനു ശേഷം അവള്‍ അവനെ മുറിയിലിട്ട് പൂട്ടുന്നുമുണ്ട്…

പിറ്റേന്ന് മുറി വൃത്തിയാക്കാന്‍ വന്ന വേലക്കാരി വിളിച്ചു കൂവുന്നു………. ആ ജന്തു ചത്തു…!

വായനയുടെ ആദ്യകാലങ്ങളില്‍ ഈ ലഘുനോവല്‍ കൗതുകമായിരുന്നു ഉണര്‍ത്തിയിരുന്നത്. അന്നൊക്കെ ഉറക്കത്തില്‍ ഗ്രിഗര്‍ സാംസയെ സ്വപ്നം കണ്ടിരുന്നു. ഒരു ദിവസം രാവിലെ ഉണര്‍ന്നെണീക്കുമ്പോള്‍ ഇതുപോലെ ഞാനും ഒരു കീടമായി മാറുമോ…?

എല്ലാവര്‍ക്കും വേണ്ടി ഓടിച്ചാടി നടന്നൊരു മനുഷ്യന്‍ പെട്ടന്ന് തളര്‍ന്ന് വീണ്, പിന്നീട് ആര്‍ക്കും വേണ്ടാതെ മുറിയുടെ ഒരു മൂലയ്ക്ക് ഒരു കീടത്തെപ്പോലെ കഴിഞ്ഞത് കണ്ടിട്ടുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാവും. അത് നിങ്ങളുടെ ഉറക്കത്തെയും ഭയപ്പെടുത്തുന്നുണ്ടാവും. ഒരു ദിവസം തളര്‍ന്ന് വീണാല്‍ ആരുമില്ലാതായിപ്പോവുമല്ലോയെന്ന പേടി….. ഒരു കീടത്തെപ്പോലെയാവുമല്ലോ എന്ന ചിന്ത പലരിലും ഉണ്ടായേക്കാം.

എന്നാല്‍ മെറ്റമോഫോസിസ് ഒറ്റ ദിവസം കൊണ്ടാണ് ഗ്രിഗര്‍ സാംസയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ആള്‍ ഒരു ലജ്ജാലുവായിരുന്നു. ഓഫീസില്‍ അയാള്‍ പേടിച്ചു. തന്റെ അച്ഛനെ അയാള്‍ ഭയന്നു. അയാള്‍ ജീവിച്ച അന്തരീക്ഷം അയാള്‍ക്ക് നല്‍കിയത് അരക്ഷിതാവസ്ഥയായിരുന്നു.

കാഫ്കയുടെ നോവല്‍ തുടങ്ങുമ്പോള്‍ നമ്മള്‍ക്ക് സമ്മതിച്ച് കൊടുക്കാനാവില്ല എങ്ങനെയാണു ഒരു ദിവസം രാവിലെ ഉണര്‍ന്നെഴുന്നെല്‍ക്കുന്നോരാള്‍ ഒരു കീടമായി മാറുന്നതെന്ന്.. എന്നാല്‍ വായനയിലൂടെ മുന്നേറുമ്പോള്‍ നെഞ്ചില്‍ ഒരു വേദന ഉണരുകയും ഗ്രിഗര്‍ സാംസ വായനക്കാരന്റെ ഹൃദയം കീഴടക്കുകയും വായനക്കിടയില്‍ കണ്ണാടിയില്‍ സ്വന്തം മുഖം നോക്കുകയും കൈകാലുകള്‍ ഭയപ്പാടോടെ പരിശോധിക്കുകയും ചെയ്യും വായനക്കാരന്‍. ഈ നോവല്‍ ലോകത്തിനു ലഭിച്ചിരുന്നില്ലെങ്കില്‍ അത് ലോകത്തിന്റെ നഷ്ടമായി മാറുമായിരുന്നു .

ഇത് ഒരു വ്യക്തിയുടെ മാത്രം കാര്യമല്ല ഒരു സമൂഹത്തിനും ഇത് സംഭവിക്കാം. ഉന്നതമായ ചിന്തകള്‍ ഇല്ലാതാവുമ്പോള്‍, മനുഷ്യന്‍ എന്ന ആത്മവിശ്വാസം നഷ്ടമാകുമ്പോള്‍, സമൂഹത്തിലെ മൊത്തം ആള്‍ക്കാര്‍ക്കും രൂപാന്തരത്വം ഉണ്ടാവും. രാഷ്ട്രീയം നഷ്ടപ്പെടുമ്പോള്‍ സമൂഹം കീടമായി മാറും. ആ കീടത്തെ ഭരണകൂടങ്ങള്‍ ഗ്രിഗര്‍ സാംസയെ അയാളുടെ അച്ഛന്‍ ആപ്പിള്‍ കൊണ്ട് എറിഞ്ഞതുപോലെ എറിയും.

നീഷേ പറയുന്ന ഒരു വാചകമുണ്ട് “അറിവുള്ളവന്‍ അറിവില്ലാത്തവര്‍ക്കിടയില്‍ മൃഗങ്ങള്‍ക്കിടയില്‍ എന്നതുപോലെ നടക്കും” എന്ന്. രാഷ്ട്രീയം ഇല്ലാത്തവര്‍ക്കിടയില്‍ രാഷ്ട്രീയമുള്ള ഒരാള്‍ക്ക് അങ്ങനെ നടക്കേണ്ടി വരുന്ന ഗതികേടുമുണ്ട്.

എന്നാല്‍ നീഷെയെപ്പോലെ അതീതമനുഷ്യന്റെ അവസ്ഥയല്ല രാഷ്ട്രീയമുള്ളവന് . അവന്‍ അരാഷ്ട്രീയവാദികളെ രാഷ്ട്രീയമുള്ളവനാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. രാഷ്ട്രീയം എന്നാല്‍ നിവര്‍ന്ന് നില്‍ക്കാനുള്ള നട്ടെല്ലെന്നും പറയാം. (രാഷ്ട്രീയം എന്നാല്‍ കേരളത്തിലെ മുഷിഞ്ഞ കക്ഷിരാഷ്ട്രിയമെന്നും കരുതരുത്. കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഇല്ലാത്തതൊന്നുമാത്രമേയുള്ളു… അത് രാഷ്ട്രീയമാണ് .)

വീണ്ടും നമുക്ക് ഗ്രിഗര്‍ സാംസയിലേക്ക് മടങ്ങേണ്ടതുണ്ട്. എല്ലാ മനുഷ്യരിലും ഗ്രിഗര്‍ സാംസമാരുണ്ട്. എന്നാല്‍ അതുപോലെ തന്നെ ഒരു മനുഷ്യനില്‍ ഒരു മനുഷ്യനുമുണ്ട്. ഉന്നതമായ ചിന്തയും സ്‌നേഹവും ആത്മവിശ്വാസവും സൂക്ഷിക്കുന്നൊരാള്‍ക്ക് എല്ലാ പ്രഭാതത്തിലും മനുഷ്യനായി കണ്ണു തുറക്കാന്‍ സാധിക്കും.

ആത്മവിശ്വാസവും സ്വതന്ത്ര ചിന്തയും ഇല്ലാതെ കിടന്നുറങ്ങുന്നൊരാള്‍ക്ക് തീര്‍ച്ചയായും പകലിനെ വരവേല്‍ക്കുമ്പോള്‍ ഒരു കീടമായി മാറേണ്ടി വരുന്നുണ്ട്. എല്ലാ ദിവസവും രാവിലെ കിടക്കയില്‍ അല്പ സമയം പലരും കീടമായി കിടക്കാറുണ്ട്. പിന്നീട് ആത്മവിശ്വാസം മെല്ലെ മെല്ലെ നേടിയാണു കീടത്തില്‍ നിന്നും മനുഷ്യനായി അഭിനയിക്കാനുള്ള കരുത്ത് നേടുന്നത്.

നമ്മിലെ ഗ്രിഗര്‍ സാംസമാരെ നമുക്ക് ഉപേക്ഷിക്കേണ്ടതുണ്ട്. എല്ലാ പുലര്‍ച്ചെയും മിഴികള്‍ ചിമ്മുന്നത് ഉജ്ജ്വലമായ പ്രഭാതത്തിലേക്ക് ആവേണ്ടതുണ്ട്. ഞാനിവിടെ ഒറ്റയ്ക്കല്ലെന്ന ബോധം നമുക്കുണ്ടാവണം.

നമുക്ക് സ്‌നേഹമുള്ള സൗഹൃദങ്ങളും പ്രണയവും ഉണ്ടെന്ന് മനസ്സിനെ ബോധ്യപ്പെടുത്തണം. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കൊപ്പമെന്ന് നമുക്ക് ചിന്തിക്കേണ്ടതുണ്ട്… അങ്ങനെ ചിന്തിക്കണമെങ്കില്‍ നമുക്ക് നമ്മുടെ ജീവിതം അത്ര വലിയ കാര്യമായി തോന്നാനും പാടില്ല…

കസാന്‍ ദ് സാക്കീസിന്റെ സോര്‍ബയെപ്പോലെ എല്ലാ രാവുകളിലും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ഊഷ്മളതയില്‍ മയങ്ങാനും പ്രഭാതത്തില്‍ എനിക്കായി പാടാന്‍ കിളികള്‍ കാത്തിരിക്കുന്നുവെന്നും എനിക്കായി മിഴികള്‍ തുടന്ന് പൂക്കള്‍ സുഗന്ധം പരത്തി നില്‍ക്കുന്നുവെന്നും ഓര്‍ത്ത് കണ്ണുകള്‍ തുറക്കാന്‍ സാധിക്കണം…… ഓരോ പ്രഭാതവും പുതിയതാണ് … ഓരോ നിമിഷവും പുതിയതാണ് ..


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

മലമുകളിലെ ചങ്ങാതികള്‍….

ഒരു പക്ഷി പിന്നെയും പാടുന്നു….

എഴുത്തിലെ കുരു

മരണം

ഉപ്പ്…..

We use cookies to give you the best possible experience. Learn more