നമ്മുടെ നവോത്ഥാന ചരിത്രത്തിലേക്ക് ഉജ്ജ്വലപ്രകാശം പരത്തി കടന്നു വന്ന അയ്യങ്കാളിയുടെ സ്മരണയോട് നാം പ്രതിബദ്ധമാവുന്നത്, നമ്മുടെ ജീവിതത്തിന്റെ സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളില്‍ നിലനില്ക്കുന്ന ദളിത് വിരുദ്ധമായ വരേണ്യതക്കെതിരായ സമരങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെയാണ്.
അയ്യങ്കാളിയുടെ ജന്മദിനം എന്താണ് സന്ദേശിക്കുന്നത്? സംശയരഹിതമായി പറയാം, അയ്യങ്കാളിയുടെ സ്മരണ ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയ അധികാര മണ്ഡലങ്ങളിലും പിടിമുറുക്കിയിരിക്കുന്ന ജാതിവ്യവസ്ഥക്കും വരേണ്യ മധ്യവര്‍ഗ്ഗവിഭാഗങ്ങളുടെ പിന്‍ബലത്തോടെ ശക്തി പ്രാപിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനും അവരുടെ കേന്ദ്ര സര്‍ക്കാറിനുമെതിരായ പോരാട്ടങ്ങള്‍ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് നമ്മോട് ആവശ്യപ്പെടുന്നത്.
അയ്യന്‍കാളി
ഹിന്ദുത്വമെന്നത് ചാതുര്‍വര്‍ണ്യാധിഷ്ഠിത ബ്രഹ്മണാധിപത്യമല്ലാതെ മറ്റൊന്നുമല്ല. ത്രൈവര്‍ണ്ണികര്‍ക്ക് താഴെ ശൂദ്രര്‍ക്കും പഞ്ചമര്‍ക്കും മനുഷ്യോചിതമായ ജീവിതവും അന്തസ്സും അനുവദിക്കാത്ത മര്‍ദ്ദിതവ്യവസ്ഥയും പ്രത്യയശാസ്ത്രവുമാണത്.
2014 ന് ശേഷം ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികള്‍ ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി സവര്‍ണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രത്തിലേക്ക് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുകയാണ്.
സവര്‍ണ്ണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനുള്ള ഉത്സാഹത്തിലാണ് സംഘപരിവാര്‍. രാജസ്ഥാനില്‍ ദാഹജലം എടുത്ത് കുടിച്ചു പോയ കുറ്റത്തിനാണ് സ്വന്തം വിദ്യാര്‍ത്ഥിയായ ദളിതനെ സവര്‍ണ്ണ ജാതിക്കാരനായ അധ്യാപകന്‍ തല്ലി കൊന്നുകളഞ്ഞത്. രാജ്യമെമ്പാടും ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു.
ശുദ്ധാശുദ്ധങ്ങളുടേതായ ഒരു ധര്‍മ്മശാസ്ത്രത്തിനും അതു സൃഷ്ടിച്ച മനുഷ്യത്വരഹിതമായ ജാതി സവര്‍ണ്ണാധിപത്യത്തിനുമെതിരായ വിപ്ലവകരമായ പോരാട്ടങ്ങളുടെ ചരിത്രമാണ് അയ്യങ്കാളിയുടെ ജീവിതം.
തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറില്ലാത്ത ജാതി ജന്മിമാരുടെ പാടം കൊയ്യാന്‍ ഞങ്ങളെ കിട്ടില്ലെന്ന് പ്രഖ്യാപിച്ച് ജാതി ഉച്ചനീചത്വങ്ങള്‍ക്കും അയിത്തത്തിനുമെതിരെ പണിമുടക്ക് എന്ന സമരായുധം പ്രയോഗിച്ച് മര്‍ദ്ദിതരുടെയും അസ്പൃസ്യരുടെയും സംഘടിത ശക്തി എന്തെന്ന് അധികാരിവര്‍ഗ്ഗങ്ങളെ തൊട്ടറിയിച്ച് ചരിത്രം സൃഷ്ടിച്ച മഹാത്മാവാണ് അയ്യങ്കാളി.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളാല്‍ പ്രചോദിതമായ കേരളീയ നവോത്ഥാന ചരിത്രത്തില്‍ ഉജ്ജ്വലപ്രകാശം പരത്തിയവരില്‍ പ്രമുഖനും പ്രധാനിയുമാണ് അയ്യന്‍കാളി. അധസ്ഥിതര്‍ക്ക് അറിവും തൊഴിലും സമ്പത്തും നിഷേധിച്ച, പട്ടിയും പൂച്ചയും നടന്നു പോകുന്ന വഴികളിലൂടെ ജാതിയില്‍ താണവനായത് കൊണ്ട് മാത്രം സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച അധികാര വ്യവസ്ഥക്കെതിരായ പോരാട്ടമാണ് ആ ജീവിതമാകെയെന്ന് പറയാം.
അധസ്ഥിതരായ മനുഷ്യരുടെ അറിവിനും അവസരത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെ സമ്പന്ന സവര്‍ണ്ണാധികാരത്തെ വെല്ലുവിളിച്ച വിപ്ലവകാരിയുടെ സ്മരണ നവഹൈന്ദവതക്കെതിരായ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാക്കി മാറ്റണം.
നമ്മുടെ നവോത്ഥാന ചരിത്രത്തിലേക്ക് ഉജ്ജ്വലപ്രകാശം പരത്തി കടന്നു വന്ന അയ്യങ്കാളിയുടെ സ്മരണയോട് നാം പ്രതിബദ്ധമാവുന്നത്, ‘നമ്മുടെ ജീവിതത്തിന്റെ സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളില്‍ നിലനില്ക്കുന്ന ദളിത് വിരുദ്ധമായ വരേണ്യതക്കെതിരായ സമരങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെയാണ്.
നമ്മുടെ സമൂഹമനസ്സിന്റെ അകത്തളങ്ങളില്‍ അടിഞ്ഞുകൂടി കിടക്കുന്ന ജാതിബോധത്തിന്റെ കൂത്താടികളെ തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.
നവോത്ഥാനവും ജാതി, ജന്മിത്തവിരുദ്ധ സമരങ്ങളും സൃഷ്ടിച്ച മലയാളിയുടെ ജനാധിപത്യ ശരീരത്തെ തിന്നു തീര്‍ക്കുകയാണ് നവജാതിബോധത്തിന്റെ പുഴുക്കളെന്നറിയണം.
നവലിബറലിസവും അതിന്റെ ആനുകൂല്യങ്ങളനുഭവിച്ചു വളര്‍ന്നു വന്ന നവസമ്പന്നവര്‍ഗ്ഗങ്ങളും ചേര്‍ന്ന് പുനരാനയിക്കുന്ന ജാതിബോധത്തിന്റെ അഴുക്കുചാലുകളിലാണ് ദളിത് സ്ത്രീവിരുദ്ധ വരേണ്യതയുടെ കൂത്താടികള്‍ പെറ്റുപെരുകുന്നത്.
ജനാധിപത്യപരമായ സാമൂഹ്യജീവിതത്തിനും മതനിരപേക്ഷദേശീയതക്കും ഭീഷണിയാവുന്ന നവഹൈന്ദവതയുടെ അടിസ്ഥാനവും ഈ വരേണ്യജാതി സമുദായബോധമാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
അനവധിയായ ബ്രാഹ്മണ്യ വിശ്വാസാചരങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന സമുദായബോധമാണ് ഹിന്ദുത്വരാഷ്ട്രീയവും പ്രത്യയശാസ്ത്രവും. അയ്യങ്കാളിയുള്‍പ്പെടെയുള്ള നവോത്ഥാനനായകര്‍ സ്വന്തം ജീവിതം കൊണ്ട് പ്രതിരോധിക്കുകയും തോല്പിക്കുകയും ചെയ്ത ചാതുര്‍വര്‍ണ്യമൂല്യങ്ങളുടെ പുനരായനത്തിലൂടെയാണ് നമ്മുടെ സമൂഹ ശരീരത്തില്‍ ഹിന്ദുത്വത്തിന്റെ അര്‍ബുദകോശങ്ങള്‍ വളര്‍ന്നു വരുന്നത്.
content highlights: The Message of Ayyankali’s Life: K.T. Kunhikannan writes