ന്യൂദല്‍ഹി: കൂപ്പു കുത്തുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗം ജനങ്ങളെ മാനസികമായി നിരാശരാക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു. സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളാണ് തൊഴിലാളികളെ പിരിച്ചു വിട്ടത്.
കഴിഞ്ഞ ഡിസംബറില്‍ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ 7.7% ആയി വളര്‍ന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഇതിനോട് ചേര്‍ത്തു നിര്‍ത്തി വായിക്കേണ്ട ഒരു റിപ്പോര്‍ട്ടാണ് 2018 ല്‍ ഇന്ത്യയില്‍ നടന്ന ആത്മഹത്യകളില്‍ 14 % ത്തിന്റെയും കാരണം തൊഴിലില്ലായ്മയായിരുന്നു എന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സിന്റെ കണക്ക്.
” എന്റെ ഭാവി എന്താവുമെന്നെനിക്കറിയില്ല. ഞാനിപ്പോഴും ജോലി തിരയുകയാണ്. എന്റെ പ്രതീക്ഷകള്‍ ഇല്ലാതാവുകയാണ്. എനിക്ക് ഏകാന്തതയും വിഷാദവും അനുഭവപ്പെടുന്നുണ്ട്,” ബിസിനസ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ ജ്യോതി എന്ന ഉദ്യോഗാര്‍ത്ഥി ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞ വാക്കുകളാണിത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പെട്ടന്ന് ജോലി നഷ്ടപ്പെടുന്നതും പിന്നീട് ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും ഒരു വിഭാഗത്തെ ബാധിക്കുമ്പോള്‍ ഇപ്പുറത്ത് പഠനം കഴിഞ്ഞിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികളാണ് നിരാശരാവുന്നത്. തൊഴിലില്ലായ്മ, തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങിയ കാരണങ്ങള്‍ ജനങ്ങളെ ലഹരിയിലേക്ക് വഴി തിരിച്ചു വിടുകയോ വിഷാദ രോഗികളാക്കുകയോ ചെയ്യുന്നു.
“ഞാന്‍ ആത്മഹത്യ ചെയ്യും എന്നെനിക്കു തോന്നുന്നില്ല പക്ഷെ ഞാന്‍ ആ അവസ്ഥയിലാണ്,” യഥാര്‍ത്ഥ പേരു വെളിപ്പെടുത്താത്ത ദല്‍ഹിയിലെ ഒരു യുവാവ് ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞതിങ്ങനെയാണ്. ദല്‍ഹിയില്‍ ഈയടുത്ത് കമ്പനികളില്‍ നടന്ന കൂട്ട പിരിച്ചുവിടലില്‍ പെട്ടയാളാണ് ഇദ്ദേഹം. പുതിയ ജോലിക്കായി അപേക്ഷിക്കുന്നുണ്ടെങ്കിലും ജോലിയില്‍ നിന്നും പിരിച്ചു വിട്ടത് തന്നെ മാനസികമായി ഏറെ ബാധിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സാമ്പത്തിക മേഖലയും മാനസികാരോഗ്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ലോകാരോഗ്യ സംഘടന നേരത്തെ ഇറക്കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലില്ലായ്മ, ദാരിദ്രം, തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥ തുടങ്ങിവ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.