| Tuesday, 24th July 2018, 10:22 am

അഗ്നിവേശിനെതിരായ ആക്രമണത്തില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന അമിത് ഷായുടെ വാദം പൊളിയുന്നു: ഇവരാണ് എഫ്.ഐ.ആറില്‍ പറയുന്ന ആ എട്ടുപേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: സ്വാമി അഗ്നിവേശിനെ ആക്രമിച്ചവര്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ അല്ലെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം പൊളിയുന്നു. കേസില്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടവര്‍ യുവമോര്‍ച്ചയുമായും ബി.ജെ.പിയുമായും ബന്ധമുള്ളവരാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ട എട്ടുപേരില്‍ മൂന്നുപേരോട് നേരിട്ട് സംസാരിച്ചതില്‍ നിന്നും പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരുടെ വാക്കുകളില്‍ നിന്നുമൊക്കെയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനന്ത് തിവാരി, പിന്ദു ദുബെ, അശോക് പ്രസാദ്, പ്രസന്‍ മിശ്ര, ഗോപി ദുബെ, ബല്‍റാം ദുബെ, ബാദല്‍ മണ്ഡല്‍, ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read:ലയനത്തില്‍ പ്രതിസന്ധി; ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് ബാലകൃഷ്ണപ്പിള്ളയോട് സ്‌കറിയ തോമസ്

അനന്ത് തിവാരി: ബി.ജെ.പി കിസാന്‍ മോര്‍ച്ച അംഗമാണെന്നാണ് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് പറഞ്ഞത്. സഹേബ്ഗഞ്ചിലെ കര്‍ഷകനായ തിവാരി ഒരു എന്‍.ജി.ഒ നടത്തുകയും ചെയ്യുന്നുണ്ട്.

പിന്ദു ദുബെ: ബജ്രംഗദള്‍ ജില്ലാ കണ്‍വീനറാണ് പിന്ദുവെന്നാണ് യുവമോര്‍ച്ച ഭാരവാഹി പറഞ്ഞത്.
അശോക് പ്രസാദ്: പാക്കൂര്‍ ടൗണില്‍ നിന്നും വാര്‍ഡ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടയാള്‍. “ഞാന്‍ ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പക്ഷേ സ്ഥിരം അംഗമല്ല. എന്റെ പ്രദേശത്തുള്ള ആളുകള്‍ പിന്തുണച്ചതോടെയാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആക്രമണ സ്ഥലത്ത് ഞാനുണ്ടായിരുന്നില്ല. വീഡിയോയിലോ ഫോട്ടോഗ്രാഫിലോ നിങ്ങള്‍ക്ക് എന്നെ കാണാനാവില്ല. ചില കാര്യങ്ങളില്‍ എന്നോട് വ്യക്തിവിരോധമുള്ളവരാകാം എഫ്.ഐ.ആറില്‍ എന്റെ പേരു നല്‍കിയത്.” പ്രസാദ് പറയുന്നു.

Also Read:പൊലീസുകാരന്റെ തല മസ്സാജ് ചെയ്തുകൊടുക്കുന്ന ആള്‍ദൈവം; ഫോട്ടോ വൈറലായതിന് പിന്നാലെ പൊലീസുകാരനെ സ്ഥലംമാറ്റി

പ്രസന്‍ മിശ്ര: യുവമോര്‍ച്ച ജില്ലാ നേതാവ്. കുട്ടിക്കാലം മുതല്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മിശ്ര പറയുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടത്തുന്ന സിദ്ദോ കന്‍ഹു മുര്‍മു യൂണിവേഴ്‌സിറ്റി സെനറ്റിന്റെ ഭാഗമാണ് ഇദ്ദേഹം.

ഗോപി ദുബെ: ജില്ലാ ബി.ജെ.പി സെക്രട്ടറി. കരാര്‍ തൊഴിലാളിയാണ് ഇദ്ദേഹമെന്നാണ് പ്രാദേശിക ബി.ജെ.പി നേതാവ് പറഞ്ഞത്.

ബല്‍റാം ദുബെ: കരാര്‍ തൊഴിലാളിയായി പ്രവര്‍ത്തിക്കുന്ന ബല്‍റാം ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് പാര്‍ട്ടി ഭാരവാഹി പറയുന്നു.

ബാദല്‍ മണ്ഡല്‍: ആര്‍.എസ്.എസ് അംഗമാണ്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ലെന്നാണ് യുവമോര്‍ച്ച നേതാവായ മിശ്ര പറഞ്ഞത്.

ശിവകുമാര്‍: ഇയാളും ആര്‍.എസ്.എസ് അംഗമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലെന്നാണ് മിശ്ര പറയുന്നത്.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more