ലെസ്ബിയനിസത്തെ ലൈംഗികകുറ്റമായി കാണിച്ച മെഡിക്കല്‍ പാഠ്യപദ്ധതി പിന്‍വലിച്ചു
national news
ലെസ്ബിയനിസത്തെ ലൈംഗികകുറ്റമായി കാണിച്ച മെഡിക്കല്‍ പാഠ്യപദ്ധതി പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2024, 5:24 pm

ന്യൂദല്‍ഹി: ലെസ്ബിയനിസത്തെ ലൈംഗിക കുറ്റമായി കാണിച്ച അണ്ടര്‍ഗ്രാജുവേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതി വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചു. പിന്തിരിപ്പന്‍ രീതിയിലുള്ള പാഠ്യപദ്ധതിയുടെ സ്വഭാവമാണ്  പിന്‍വലിക്കാന്‍ കാരണമായത്.

ലെസ്ബിയനിസവും സൊഡോമിയും കുറ്റകൃത്യമാണെന്നും ഇവയെല്ലാം ‘പ്രകൃതി വിരുദ്ധമാണെന്നും’ മെഡിക്കല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.

കന്യകാത്വം, കന്യാചര്‍മം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫോറന്‍സിക് മെഡിസിന്‍ പാഠ്യപദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നുന്നെന്നും കൂടാതെ 2022ല്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഒഴിവാക്കിയ മെഡിക്കോ-ലീഗല്‍ എന്നിവയും പാഠ്യപദ്ധതിയില്‍ തിരികെ കൊണ്ടുവന്നിട്ടുണ്ടുണ്ടെന്നുമായിരുന്നു പുതിയ പദ്ധതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇവയെല്ലാം വിവാദത്തിന് കാരണമാവുകയായിരുന്നു.

ആദ്യ പാഠ്യപദ്ധതി പ്രകാരം എല്‍.ജി.ബി.ടി.ക്യു.ഐ.പ്ലസ് വ്യക്തികളുടെ വിദ്യാഭ്യാസം സൗഹൃദപരമാക്കുക എന്ന ലക്ഷ്യത്തോടെ 2022ലെ കോടതിയുടെ നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്ന തരത്തിലേക്കായിരുന്നു പുതിയ പരിഷ്‌കരണം. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെയടക്കം ‘പ്രകൃതിവിരുദ്ധ മനോഭാവത്തോടെ’ കാണുന്നു എന്ന വിമര്‍ശനവും പാഠ്യപദ്ധതിക്കുണ്ട്.

അതേസമയം സൈക്യാട്രി മൊഡ്യൂളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ പര്യാപ്തമായ രീതിയില്ലെന്ന വിമര്‍ശനവും പാഠ്യപദ്ധതിക്ക് ഉണ്ടായിരുന്നു.

ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കാനും വ്യത്യാസം തിരിച്ചറിയാനുമാണ് ഈ പുനര്‍പരിശോധന എങ്കിലും സെക്ഷ്വല്‍ ഐഡന്റിറ്റി ഡിസോര്‍ഡറിനെ കുറിച്ച് ഈ മൊഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നതും പാഠ്യപദ്ധതിയുടെ വൈരുദ്ധ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: the medical curriculum that made lesbianism a sex crime was withdrawn