'നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടി'; മുകേഷിനെതിരായ മീ ടു ആരോപണം വീണ്ടും ചര്‍ച്ചയില്‍
Kerala News
'നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടി'; മുകേഷിനെതിരായ മീ ടു ആരോപണം വീണ്ടും ചര്‍ച്ചയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th August 2024, 2:39 pm

കോഴിക്കോട്: നടനും എം.എല്‍.എയുമായ മുകേഷിനെതിരായ മീ ടു ആരോപണം വീണ്ടും ചര്‍ച്ചയില്‍. കാസ്റ്റിങ് സയറക്ടര്‍ ടെസ് ജോസഫ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടിയാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖല നിശബ്ദതയിലാഴ്‌ന്നെന്നും ടെസ് ജോസഫ് പ്രതികരിച്ചു.

2018ലാണ് മുകേഷിനെതിരെ ടെസ് ജോസഫ് മീ ടു ആരോപണം നടത്തുന്നത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചുവെന്നായിരുന്നു പരാതി. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് ജോസഫ് അന്ന് വെളിപ്പെടുത്തിയത്.

പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. എന്നാല്‍ താന്‍ വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റുകയായിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ തനിക്ക് 20 വയസായിരുന്നുവെന്നും സമൂഹമാധ്യമമായ എക്സില്‍ ടെസ് ജോസഫ് കുറിച്ചിരുന്നു.

ഈ ശല്യപ്പെടുത്തലില്‍ നിന്നും തന്നെ രക്ഷിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായിരുന്ന ഡെറിക് ഒബ്രിയാന്‍ ആയിരുന്നുവെന്നും ടെസ് തോമസ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

അതേസമയം യുവതിയുടെ ആരോപണം മുകേഷ് നിഷേധിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് മുകേഷ് പ്രതികരിച്ചത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍, എന്തായാലും ഭരണപക്ഷമല്ലെന്നും മുകേഷ് പ്രതികരിച്ചു. 2018 ൽ തന്നെ ആരോപണങ്ങളിൽ മറുപടി പറഞ്ഞതാണെന്നും മുകേഷ് പറഞ്ഞു.

ഇതിനുപുറമെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചിരുന്നു. പ്രതിപക്ഷവും സിനിമാ മേഖലയില്‍ നിന്നുള്ളവരും ചെലുത്തിയ സമ്മര്‍ദത്തിനൊടുവിലാണ് രഞ്ജിത്ത് രാജിവെച്ചത്.

കൂടാതെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നടന്‍ സിദ്ദിഖും ഇന്ന് രാവിലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. രണ്ട് വരിയിലുള്ള രാജിക്കത്ത് സിദ്ദിഖ് അമ്മ സംഘടന പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറുകയായിരുന്നു.

യുവനടി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെയാണ് സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. ഈ ഘട്ടത്തില്‍ രാജിവെക്കുന്നതാണ് ഉചിതമെന്നും അല്ലാത്തപക്ഷം ഇത് സംഘടനക്ക് അവമതിപ്പുണ്ടാക്കുമെന്നും കാണിച്ചായിരുന്നു രാജി. ഇതിനുപിന്നാലെ രഞ്ജിത്തും രാജി വെക്കണമെന്ന് ആവശ്യം ശക്തമായി ഉയരുകയായിരുന്നു.

Content Highlight: The Me To accusation against Mukesh is again under discussion