ചെകുത്താനും കടലിനും നടുക്ക് ന്യൂസിലാന്‍ഡ്; നിര്‍ണായക മത്സരത്തില്‍ മഴയും വില്ലനായേക്കും
2023 ICC WORLD CUP
ചെകുത്താനും കടലിനും നടുക്ക് ന്യൂസിലാന്‍ഡ്; നിര്‍ണായക മത്സരത്തില്‍ മഴയും വില്ലനായേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th November 2023, 1:21 pm

നവംബര്‍ ഒമ്പതിന് ലോകകപ്പിലെ 41ാം മത്സരത്തില്‍ ന്യൂസിലാന്‍ഡും ശ്രീലങ്കയും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്. എട്ട് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്റുകളുമായി നാലാം സ്ഥാനത്താണ് കിവീസ്. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി നാല് തോല്‍വികളാണ് കേയ്ന്‍ വില്ല്യംസണും സംഘവും ഏറ്റുവാങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ 401 റണ്‍സ് എടുത്തെങ്കിലും മഴ മൂലം നിര്‍ത്തിയ കളിയില്‍ ഡി.ആര്‍.എസ് നിയമപ്രകാരം പാകിസ്ഥാന്‍ വിജയിക്കുകയായിരുന്നു. ഒക്ടോബര്‍ 18ന് അഫ്ഗാനിസ്ഥാനെതിരെ ആയിരുന്നു കിവീസിന്റെ അവസാന വിജയം.

എന്നാല്‍ ഇന്ന് ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റില്‍ ലങ്കയെ തോല്‍പ്പിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയുകയുള്ളു. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി ശ്രീലങ്ക നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. ടൂര്‍മമെന്റില്‍ നിന്നും പുറത്തായെങ്കിലും 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇടം നേടുന്നതിന് ലങ്കയ്ക്കും ഈ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങി ലങ്കയുടെ ഓള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസ് ടൈമ്ഡ് ഔട്ടായി പുറത്താക്കിയതും ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ മഴ സാധ്യത വളരെ ശക്തമാണെന്നാണ്. ഇതില്‍ കിവീസ് നായകന്‍ സംസാരിക്കുകയുമുണ്ടായി.

‘നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് അതിലൊന്നാണ് കാലാവസ്ഥ. നിങ്ങള്‍ അതില്‍ വ്യാകുലപ്പെടുന്നുണ്ടാവും, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ മത്സരം കൃത്യമായി കളിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’കിവീസ് നായകന് ഉദ്ധരിച്ചു റോയിേട്ടഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉച്ച കഴിഞ്ഞ് 69 ശതമാനമാണ് മഴയുടെ സാധ്യത. കൊടുങ്കാറ്റ് സാധ്യതയും രേഖപ്പെടുത്തിയിരുന്നു. വൈകിട്ട് നാല് മണിക്ക് ശേഷം മഴ സാധ്യത കുറയുമെന്നും പറയുന്നുണ്ട്. കിവീസ് നായകന്റെ അവസാന ലോകകപ്പില്‍ ഈ മത്സരം വിജയിക്കുന്നത് കിവീസിന് അനിവാര്യമാണ്.

 

Content Highlight: The match against Sri Lanka is crucial for New Zealand