Advertisement
national news
ഗ്യാന്‍വാപിയില്‍ കണ്ടത് ശിവലിംഗമല്ലെന്നും ജലസംഭരണി ടാങ്കിലെ ഫൗണ്ടറെന്ന് മസ്ജിദ് കമ്മിറ്റി; മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാന്‍ ഉത്തരവിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 16, 03:32 pm
Monday, 16th May 2022, 9:02 pm

മഥുര: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മസ്ജിദ് അധികൃതര്‍. ശിവലിംഗം കണ്ടെത്തിതായി പറയുന്നത് ശരിയല്ലെന്നും നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി(ഹൗദ്/വുസു ഖാന)യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണിതതെന്നും മസ്ജിദ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍, ശിവലിംഗം കണ്ടെത്തിയെന്ന ആരോപണത്തോടെ മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടു. മസ്ജിദിന്റെ വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് വാരണാസി ജില്ലാ സിവില്‍ കോടതിയുടെ ഉത്തരവ്.

മസ്ജിദിന് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ശിവലിംഗമാണെന്ന് പറയപ്പെടുന്നത് കണ്ടെത്തിയ മസ്ജിദിന്റെ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ ആളുകളെ നമസ്‌ക്കരിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കണ്ടെത്തിയെന്ന് പറയുന്നത് മുഗള്‍കാല നിര്‍മിതിയായ മസ്ജിദിന്റെ വുസു ഖാനയിലുള്ള വാട്ടര്‍ ഫൗണ്ടന്റെ ഭാഗമാണെന്നും ഇതുവ്യക്തമാക്കി മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഗ്യാന്‍വാപി മസ്ജിദിന്റെ സംരക്ഷണചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോ. സെക്രട്ടറി സയിന്‍ യാസീന്‍ പറഞ്ഞു. ദ ഹിന്ദുവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലില്‍ തീര്‍ത്തതാണ് ഫൗണ്ടന്‍. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണര്‍ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടനുള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

അതേസമയം, പള്ളിയിലും പരിസരത്തും വിശദമായ പരിശോധന നടത്തി ക്ഷേത്രത്തിന് ആധാരമായ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി രവികുമാര്‍ ദിവാകര്‍ നേരത്തേ കമീഷനെ നിയോഗിച്ചിരുന്നു.