| Wednesday, 11th August 2021, 2:45 pm

കൊലയാളികളെ സൃഷ്ടിക്കുന്ന ആണ്‍ബോധം | കെ.പി. ഹാരിസ്

കെ.പി. ഹാരിസ്

കോതമംഗലത്ത് മാനസ എന്ന ഡെന്റല്‍ വിദ്യാര്‍ഥിനി രഖിലിന്റെ വെടിയുണ്ടകളാല്‍ കൊല്ലപ്പെട്ടത് പ്രണയ നൈരാശ്യം കൊണ്ടല്ല മറിച്ച് കീഴടക്കലിന്റെ ആണ്‍ബോധ ഹിംസ നമ്മുടെ സാമൂഹ്യ പരിസരത്ത് ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് കൊണ്ടാണ്. ഇത്തരത്തിലുള്ള കൊലപാതകങ്ങളെ ആഘോഷിക്കുന്ന ഒരു വൈകൃത മനോഭാവത്തിന് കേരളീയ സമൂഹം അടിപ്പെട്ട് പോയതായി തുടര്‍ന്ന് വന്ന വാര്‍ത്തകളെ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവും.

ആഘോഷങ്ങള്‍ക്ക് എരിവും പുളിവും നല്‍കി ഒരു തരത്തിലുള്ള ശവംതീനി മനസ്സ് രൂപപ്പെടുത്താന്‍ ശ്രമിച്ചതിന് മാധ്യമങ്ങളെയാണ് ഒന്നാമത് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്. അത്രമാത്രം അശ്ലീലമായി മരണത്തെ ആഘോഷിക്കുന്ന വാര്‍ത്തകള്‍ നിരന്തരം പ്രക്ഷേപണം ചെയ്ത് സമൂഹത്തെ അസുരത ആഘോഷിക്കുന്നവരാക്കി മാറ്റിതീര്‍ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

ദുരന്തങ്ങളെ ഉത്സവപ്രതീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്ന വൃത്തികെട്ട മാധ്യമ ധര്‍മ്മമാണ് ഇവര്‍ സ്വീകരിച്ചത്. വ്യക്തികളുടെ അല്ലെങ്കില്‍ ജനതയുടെ മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് പകരം അവരുടെ മാനസിക ആരോഗ്യത്തിന് പരിക്കുകള്‍ തീര്‍ക്കുന്ന ഇത്തരം വാര്‍ത്താ പ്രസരണ രീതികള്‍ രോഗാതുരമായ ഒരു സമുഹത്തിന്റെ നിര്‍മ്മിതിക്ക് മാത്രമേ സഹായിക്കുകയുള്ളൂ.

ജീര്‍ണ്ണിച്ച മാധ്യമ മത്സര ഓട്ടത്തിന്റെ ദുരന്തമാണ് ഇത് എന്ന് അറിയുമ്പോഴും ചില ചോദ്യങ്ങള്‍ ഉയരാതെ പോവുന്നത് കൂടുതല്‍ അപകടങ്ങളെ ഉല്‍പാദിപ്പിക്കും എന്നത് നാം മറന്ന്കൂടാ. ഈ കടുത്ത മത്സര ഓട്ടത്തിനിടയില്‍ നിറംപിടിപ്പിച്ച കഥകള്‍ മാധ്യമങ്ങള്‍ക്ക് അനിവാര്യമാക്കുന്നുണ്ടെങ്കിലും എല്ലാ സീമകളും ലംഘിച്ച് അവതരിപ്പിക്കുന്നതിന്റെ നീതിബോധമാണ് മനസ്സിലാവാത്തത്.

മാനസയെ കൊലപ്പെടുത്തിയ രഖില്‍

മുഖ്യാധാര വാര്‍ത്ത മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഇടക്കിടെ പ്രസരിപ്പിക്കുന്ന വാര്‍ത്തകള്‍ ഒരു നന്മയും സമൂഹത്തിന് നല്‍കുന്നില്ല എന്ന് മാത്രമല്ല ഇത്തരം ദുരന്തങ്ങളില്‍ ഉയര്‍ന്ന് വരുന്ന ചര്‍ച്ചകള്‍ അധികവും പ്രതിലോമപരമാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
മാനസയെ വെടിവെച്ച് കൊന്നതിനെ പ്രണയനൈരാശ്യത്തിന്റെ ഇല്ലാകഥകള്‍കൊണ്ട് വിവരിക്കുമ്പോള്‍ അതിക്രമത്തിന് ഇരയാക്കപ്പെട്ട വിദ്യാര്‍ഥിനിയെ ഡീമോറലൈസ് ചെയ്യുന്ന ഒരു പ്രവണതയാണ് കണ്ടത്.

ഇത്തരം കഥകളില്‍ ക്രിമിനലിനെ കാല്പനികവല്‍ക്കരിക്കുവാനും അങ്ങിനെ പ്രതിക്ക് സഹതാപത്തിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്നു. ഇത് അക്രമം നിറഞ്ഞ ഒരു സമൂഹത്തിന് പിന്തുണയും പ്രോല്‍സാഹനവുമാണ് നല്‍കുക എന്ന് മനസ്സിലാക്കുവാനുള്ള സാമാന്യബോധം നമുക്കില്ലാതെപോയി. ഇവിടെ ദുരന്തത്തിന് ഇരയായ പെണ്‍കുട്ടി പുരുഷന്റെ ഇഷ്ടങ്ങളെ നിരസിക്കാന്‍ അവകാശമില്ലാത്തവളാണെന്ന ഒരു ആണ്‍ബോധത്തെയാണ് അറിഞ്ഞോ അറിയാതെയൊ നാം സ്വാംശീകരിക്കുന്നത്. അഥവാ ഇന്നലെവരെ സൗഹൃദത്തിലായിരുന്ന ഒരു പെണ്‍കുട്ടിക്ക് അവളുടെ സുരക്ഷിതബോധത്തിന് സംശയം അനുഭവപ്പെട്ടാല്‍ അത് ഉപേക്ഷിക്കാന്‍ അവള്‍ക്ക് അവകാശമില്ലെന്നും ഇത്തരം തിരസ്‌കാരങ്ങളെ ആണിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നുമുള്ള ഒരു പൊതുബോധം (ആണ്‍ബോധം) നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.

സത്യത്തില്‍ ഇത്തരത്തിലുള്ള ആണ്‍ബോധത്തെ തുറന്ന്കാട്ടാതെ അതിനെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം വൃഥാവിലാവും. കാരണം ആണ്‍ബോധം ഉല്‍പാദിപ്പിച്ച മൂല്യങ്ങളില്‍ മാത്രമെ സ്ത്രീ മുന്നോട്ട് പോവാന്‍ പാടുള്ളൂ എന്നും എന്റെ നിരാസങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിക്കാന്‍ അവള്‍ ബാധ്യസ്തയാണെന്നുള്ള പാഠവുമാണ് ഈ പൊതുബോധം പ്രസരണം ചെയ്യുന്നത്.

ഇതുപോലുള്ള അതിക്രമങ്ങളും കൊലപാതങ്ങളും ഇതിന് മുമ്പ് നടന്നിട്ടുണ്ടെങ്കിലും മാനസയുടെ കൊലപാതകം വ്യത്യസ്തമാക്കുന്നത് ഇതൊരു ഗണ്‍ വയലന്‍സായി വികസിച്ചു എന്നത് കൂടിയാണ്.

അഥവാ ഗണ്‍ ഉപയോഗിച്ചു അതിക്രമം നടത്താനുള്ള സാമൂഹ്യ അവസ്ഥ ഇവിടെ രൂപപ്പെട്ടു എന്നര്‍ഥം. ആഴ്ചകള്‍ക്ക് മുമ്പേ റിവോള്‍വര്‍ വാങ്ങി പരിശീലനം നടത്തി പ്ലാന്‍ ചെയ്ത കൊലപാതകമാണ് ഇതെന്ന് നാം മനസ്സിലാക്കണം. പ്രണയം പൊട്ടിപ്പോയത് കൊണ്ടാണ് കൊലപാതകം നടത്തേണ്ടി വന്നത് എന്നൊക്കെയുള്ള നിയമപാലകരുടെ വിവരണം അങ്ങേയറ്റം അപഹാസ്യമായി പോകുന്നത് ഇവിടെയാണ്. പ്രണയിക്കാനറിയാത്ത ഒരു ക്രിമിനല്‍ നടത്തിയ കീഴടക്കലിനെ പ്രണയം എന്ന് വിശദീകരിക്കുന്നത് തന്നെ അസംബന്ധമാണ്. കീഴ്‌പ്പെടുത്തലിന്റെയും കീഴൊതുങ്ങലിന്റെയും രാസപ്രവര്‍ത്തനമാണ് പ്രണയം എന്ന ബോധം പേറുന്ന ഒരു ജനതയായി നാം മാറിയപ്പോള്‍ പ്രണയിക്കാനറിയാത്ത പ്രണയത്തിന്റെ സൗന്ദര്യം ആസ്വദിക്കാനറിയാത്ത ഒരു സമൂഹം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഇവിടെയാണ് കീഴ്‌പ്പെടുത്താന്‍ ക്രൈം അനിവാര്യമായി തീരുന്ന ഒരു സ്ഥിതിവിശേഷം രൂപപ്പെട്ടത്.

ഇവിടെ ഇരകളാക്കപ്പെടുന്ന സ്ത്രീ സമൂഹത്തോട് നിയമപാലകര്‍ ചെയ്യുന്നത് ഉപദേശങ്ങള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന കലാപരിപാടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സൂക്ഷിക്കണമെന്നും ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലക്ക് തന്നെയാണ് കോട്ടം എന്നിങ്ങനെയൊക്കെയുള്ള സാരോപദേശ കഥകളാണ് പൊലീസ് മേധാവികള്‍ നല്‍കുന്നത്. ആണിനെയും പെണ്ണിനെയും മുള്ള്, ഇല എന്നീ ദ്വന്ദ്വങ്ങളിലൂടെ ഉദാഹരിച്ച് സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ എന്നും സംഭവിക്കാം എന്ന ബോധനിര്‍മിതിയാണ് ഇതിലൂടെ നടക്കുന്നത്.

അതിനാല്‍ പൊതുവിടത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് അപകടകരമാണ് എന്നാണിവര്‍ പറഞ്ഞുവെക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സുള്ളി ഡീല്‍സ് എന്ന പേരില്‍ മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ചുകൊണ്ടുള്ള ഒരു വെബ്‌സൈറ്റ് സംഘി ആണുങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇതില്‍ പേര് വന്നിട്ടുള്ള കേരളത്തില്‍ നിന്നുള്ള ജെ.എന്‍.യുവില്‍ പഠിക്കുന്ന പൗരത്വസമരത്തിനൊക്കെ ഇടപെട്ടിട്ടുള്ള ഒരു വിദ്യാര്‍ഥിനി പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സൂക്ഷിക്കണമെന്ന ഉപദേശം നല്‍കി തിരിച്ചയക്കുകയായിരുന്നു.

ഇത്തരത്തിലുള്ള ഉപദേശികളെ കൊണ്ട് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത ഒരു സാമൂഹ്യപരിസരമാണ് ഇവിടെ ഉള്ളത് എന്ന് പൊലീസ് മേധാവികള്‍ മനസ്സിലാക്കണം. അതിനാല്‍ അക്രമികള്‍ക്ക് രക്ഷപ്പെടുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന പരിപാടികള്‍ അവസാനിപ്പിച്ച് നിയമപാലകര്‍ കൃത്യമായ നിയമനടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. മറിച്ച് ഇരകളാക്കപ്പെടുന്നവരോട് സാരോപദേശ കഥകള്‍ പറഞ്ഞ് തിരിച്ചയക്കുകയല്ല വേണ്ടത്.

ഇരകളാക്കപ്പെടുന്ന സ്ത്രീ സമൂഹത്തോട് ചെയ്യുന്ന മറ്റൊരു അനീതിയാണ് അവള്‍ തേച്ചിട്ട് പോയവളാണ് എന്നുള്ള പരിഹാസം. അഥവാ സ്ത്രീ തേക്കുന്നവളാണെന്നും ആ തേപ്പിന് വിധേയമായ ആണിന് ഇത്തരത്തില്‍ ഹിംസകള്‍ നടത്താനുള്ള അനുമതിയുണ്ട് എന്ന സന്ദേശമാണ് ഇത്തരം പ്രചരണത്തിലൂടെ നടക്കുന്നത്. ഇരകളുടെ നെഗറ്റീവ് കണ്ടെത്തി ഡീമോറലൈസ് ചെയ്യാനുള്ള ഒരു പ്രവണതയാണ് ഇതെന്ന് നാം തിരിച്ചറിയുന്നില്ല.

കുലസ്ത്രീ കുലപുരുഷന്‍ എന്നീ പരികല്പനകളിലൂടെ നോക്കിക്കാണുകയും സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. അഥവാ ചോയ്‌സ് പുരുഷന് മാത്രമാണെന്നും സ്ത്രീക്ക് അനുസരിക്കാനുള്ള അര്‍ഹത മാത്രമെ ഉള്ളൂ എന്നുമുള്ള പാഠമാന്ന് ഇതിലൂടെ പഠിപ്പിക്കുന്നത്. ബന്ധങ്ങളില്‍ സ്ത്രീകളെ എങ്ങിനെ കണക്കാക്കുന്നു എന്ന വലിയ ചോദ്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് വരേണ്ടതാണ്. ഉപദേശിച്ചും ഭയപ്പെടുത്തിയും സ്ത്രീ സമൂഹത്തെ ഇരുത്തിക്കളയാം എന്ന ആണ്‍ബോധം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്.

ലോകത്തെങ്ങും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ അക്രമോത്സുക ഭാവങ്ങള്‍ വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും സ്വാധീനം ചെലുത്തുന്നത് നാം അറിയാതെ പോവരുത്. ഇത്തരത്തിലുള്ള സ്വാധീനങ്ങളുടെ ഫലമായി ക്രൈമിനെ നീതീകരിക്കാനുള്ള പ്രവണതയുണ്ടാവുകയും ഇരയെ അപമാനവീകരിക്കാനും കാരണമാവും.

മനുഷ്യത്വവിരുദ്ധമായ ചില ആശയങ്ങള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സമൂഹത്തില്‍ അരിച്ചിറങ്ങുന്നത് നാം കാണാതെ പോവുന്നത് അത്യന്തം അപകടകരമാണ്. ഒരു തരത്തിലുള്ള നാര്‍സിസ്റ്റ് മാനസികാവസ്ഥയിലേക്ക് നമ്മുടെ യുവാക്കള്‍ മാറുന്നതില്‍ ഇപ്പോഴത്തെ കൊവിഡ് സാഹചര്യവും പഠന വിധേയമാക്കേണ്ടതാണ്.

വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് സോഷ്യലൈസേഷന്‍ ഇല്ലാത്ത ഒന്നരവര്‍ഷമാണ് കടന്നുപോയത്. ഡിജിറ്റല്‍ ജീവിതമാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ നയിക്കുന്നത് എന്നതിനാല്‍ സമൂഹവുമായി ഇടപഴകുമ്പോള്‍ കാണിക്കേണ്ട മര്യാദകള്‍ അന്യം നിന്ന് പോവുന്നു. അടച്ചിടപ്പെട്ട ഒരു വിദ്യാര്‍ഥി സമൂഹത്തില്‍ നിന്ന് ഇത്തരത്തിലുള്ള ക്രിമിനല്‍ ആക്ടിവിറ്റികള്‍ ഉണ്ടാവുന്നതിന് കാമ്പസ് സോഷ്യലൈസേഷന്റെ അഭാവം കാരണമായിട്ടുണ്ടാവാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: The masculinity that creates the killers – KP Haris writes

കെ.പി. ഹാരിസ്

തനിമ കലാ സാഹിത്യ വേദി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more