| Monday, 22nd March 2021, 6:29 pm

'ദ മാരീഡ് വുമന്‍' കലുഷിതമായ ഇന്ത്യനവസ്ഥയിലെ ഒരു വിവാഹിതയുടെ കഥ | SERIES REVIEW

ഹരിദാസ് കൊളത്തൂര്‍

ഈ അടുത്ത് റിലീസ് ആയ ഒരു വെബ് സീരീസിനെ കുറിച്ചാണീ കുറിപ്പ്. ഇത്തവണ ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ ഒരു സുഹൃത്താണ് ഇതിനെ കുറിച്ച് പറഞ്ഞതും, കാണാന്‍ പ്രേരിപ്പിച്ചതും. ‘THE MARRIED WOMAN’ (വിവാഹിത) എന്ന ഈ വെബ് സീരീസില്‍ 13 എപ്പിസോഡുകള്‍ ആണുള്ളത്.

മഞ്ചു കപൂര്‍ എന്ന പ്രശസ്ത നോവലിസ്റ്റിന്റെ THE MARRIED WOMAN’ന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ വെബ് സീരീസ്. ഒരു സ്ത്രീ പക്ഷ ദൃശ്യാവിഷ്‌കാരം. എന്നാല്‍ നാം കണ്ടു ശീലിച്ച സ്ത്രീ പക്ഷ സിനിമകളില്‍ നിന്നും, സീരിയലുകളില്‍ നിന്നുമെല്ലാം ഏറെ വ്യത്യസ്തം. പോരാത്തതിന് ഒരു രാഷ്ട്രീയ മാനം കൂടി ഈ ദൃശ്യാവിഷ്‌കരണത്തിനുണ്ട്.

ഡല്‍ഹിയിലെ ഒരു മധ്യ വര്‍ഗ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് മാരീഡ് വിമന്‍ ആരംഭിക്കുന്നതും പുരോഗമിക്കുന്നതും. ഡല്‍ഹി നഗരം അശാന്തിയിലായിരുന്ന തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് തൊട്ടു മുമ്പ്. കര്‍ഫ്യുവും, 144ഉം ഒക്കെയായി നഗരമാകെ കലാപ കലുഷിതമായ ഒരു പശ്ചാത്തലം.

സ്വന്തമായി അഭിപ്രായങ്ങളും, വ്യക്ത്വവും, സര്‍ഗാത്മകതയുമൊക്കെയുള്ള ഉദ്യോഗസ്ഥ(അധ്യാപിക)യായ ഒരു കുടുംബിനിയായ ആസ്താ, ഒരു യാഥാസ്ഥിതിക (ഉപരി) മധ്യവര്‍ഗ കുടുംബത്തില്‍ അനുഭവിക്കുന്ന വീര്‍പ്പുമുട്ടലുകളുടെയും, അസ്വസ്തകളുടെയും, മാനസിക സംഘര്‍ഷങ്ങളുടെയുമൊക്കെ കഥയാണ് ഈ സീരീസ് എന്ന് പറയാം.

അധ്യാപിക ജോലിചെയ്യുന്ന കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒരു നാടകം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. നാടകത്തിന്റെ സ്‌ക്രിപ്റ്റ് അധ്യാപികയുടേതാണ്. നാടകത്തിന്റെ സംവിധായകന്‍ ഇമാദ്ഷായുമായുള്ള സംവാദങ്ങള്‍ അവളുടെ ജീവിതമാകെ മാറ്റിമറിക്കുന്നുണ്ട്. അവളറിയാതെ, അവളകപ്പെട്ടിരിക്കുന്ന തടവറയുടെ അതിര്‍വരമ്പുകളെ ഭേദിക്കാന്‍, സ്വയം കണ്ടെത്താന്‍ സംവിധായകനുമായുള്ള സംവാദങ്ങള്‍ അവളെ ശക്തയാക്കുന്നുണ്ട്. സ്വാഭാവികമായും അത് അവരുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിനിടയില്‍ മുസ്‌ലിം നാമധാരിയായ സംവിധായകന്‍ വര്‍ഗീയ (ആര്‍.എസ്.എസ്) കലാപകാരികളാല്‍ വധിക്കപ്പെടുന്നു.

ചിത്രകാരിയായ സംവിധായകന്റെ ഭാര്യ പീപ്‌ലികയെ അദ്ദേഹത്തിന്റെ മരണശേഷം കണ്ടുമുട്ടുന്ന അധ്യാപിക, അവളുമായി സുഹൃദ് ബന്ധത്തിലാകുന്നു. ക്രമേണ അവരുടെ സുഹൃദ് ബന്ധം ഏറെ ദൃഢമാവുകയും, അതൊരു ലെസ്ബിയന്‍ ബന്ധത്തില്‍ കലാശിക്കുകയും ചെയ്യുന്നു. അവളെ തിരിച്ചറിയുന്ന, അവളുടെ വികാരങ്ങളും, വിചാരങ്ങളും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്ന ലോകത്തെ ഏക മനുഷ്യ ജീവി ചിത്രകാരി പീപ്‌ലികയാണെന്ന് മനസിലാക്കിയ ആസ്താ അവളോട് കൂടുതല്‍ അടുക്കുന്നു.

ഇവരുടെ ബന്ധം (ലെസ്ബിയന്‍ ബന്ധമടക്കം) ഭര്‍ത്താവായ ഹേമന്തും കുടുംബവും മനസ്സിലാക്കുന്നു. അത് ആ കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അതിന്റെ പര്യവസാനവും, സ്വാഭാവികമായും ഏറെ സങ്കീര്‍ണമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുവാന്‍ വിസ്താരഭയത്താല്‍ ഈ ചെറു കുറിപ്പില്‍ ഉദ്ദേശിക്കുന്നില്ല.

ഇവരുടെ ‘വിചിത്രമായ’ ബന്ധത്തോടുള്ള, കുടുംബത്തിലെ ഓരോരുത്തരുടെയും പ്രതികരണങ്ങള്‍ അതിമനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പരസ്പരമുള്ള പ്രണയത്തിനും, മനസ്സിലാക്കലിനും, ജാതിയോ മതമോ, ലൈംഗികതയോ, ലിംഗമോ(gender) തടസമാകുന്നില്ലെന്ന് മാരീഡ് വിമന്‍ അതിമനോഹരമായ രീതിയില്‍ പറഞ്ഞുവെക്കുന്നു. ഇത്തരം ദൃശ്യാവിഷ്‌കാരങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തല്‍ എളുപ്പമല്ലല്ലോ. ശരിയായ ആസ്വാദനത്തിനു കാണുക തന്നെ വേണം.

സാഹിര്‍ രാസയാണ് മാരീഡ് വിമന്റെ സംവിധായകന്‍. ഈ യുവ സംവിധായകന്റെ ആദ്യ സംരംഭമാണിതെന്നത് അവിശ്വസനീയമായി തോന്നാം. ഏറെ സങ്കീര്‍ണവും, വ്യത്യസ്തവുമായ ഒരു വിഷയം, വളരെ അനായാസമായി അവതരിപ്പിക്കാന്‍ സാഹിറിനു കഴിഞ്ഞിട്ടുണ്ട്. മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ട റിധി ഡോഗ്രയും, മോണിക്ക ഡോഗ്രയും (ആസ്ത, പീപ്‌ലിക) വളരെ തന്മയത്വത്തോടെ അവരുടെ കഥാ പാത്രങ്ങളെ അവതരിപ്പിച്ചു.

എക്താ കപൂര്‍ ആണ് ഈ വെബ് സീരീസിന്റെ നിര്‍മാതാവ്. സിനിമയിലുപയോഗിച്ചിരിക്കുന്ന സംഗീതത്തിനും ഏറെ പുതുമ തോന്നി. മാരീഡ് വിമന്‍ എന്തുകൊണ്ട് ഒരു ഫീച്ചര്‍ ഫിലിം ആയില്ലെന്ന ചോദ്യം അവശേഷിക്കുന്നു. സെന്‍സര്‍ ബോഡിനെ ഭയന്നാണോ അതോ സാമ്പത്തികമോ? എന്തായാലും ഒരു നല്ല ദൃശ്യാനുഭവമായി ദ മാരീഡ് വിമന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highligh: The Married Woman web series on Zee 5 Review

ഹരിദാസ് കൊളത്തൂര്‍

We use cookies to give you the best possible experience. Learn more