ക്രിസ്തുവിന്റെ കല്യാണം....
Discourse
ക്രിസ്തുവിന്റെ കല്യാണം....
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2012, 5:24 am

ഒരു ചിത്രശലഭം പോലും തന്നെ നോക്കുന്നത് താന്‍ അറിയുന്നു. അത്രക്ക് സൗമ്യമായ പൂമ്പാറ്റ നോട്ടം ..യേശുവിന്റെ ഉടലില്‍ കുളിരു കോരി.. ഒരു പെണ്‍കുട്ടിക്ക് എന്തേ ഒരു പൂവിനെപ്പോലെ തന്നെ നോക്കാന്‍ ആവുന്നില്ലാ..?യേശുവിനെ മനസ്സു തുടിച്ചു…സൂര്യന്‍ എഴുതുന്നു..

 


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


ഒലീവുമരത്തിന്‍ തണലില്‍ ആകാശത്തേക്ക് മിഴിയുറപ്പിച്ചിരിക്കുന്ന മകനെ മറിയം നിര്‍ന്നിമേഷം നോക്കി നിന്നു. തോള്‍ കവിയുന്ന ചുരുള്‍ മുടി, നെഞ്ചിനെ ഉമ്മവെക്കുന്ന സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ഇടതൂര്‍ന്ന താടി..അലസമായ് മേല്‍ച്ചുണ്ടില്‍ പടര്‍ന്ന് കിടക്കുന്ന മീശ. കണ്ണുകള്‍ ആകാശത്ത് എന്തിനെയോ തിരയുന്നു.. മറിയത്തിന്റെ മാറുചുരന്നു…[]

അവള്‍ പതിയെ അവന്റെ അടുത്തെത്തി. പിന്നീട് അവനരുകിലിരുന്ന് പതിയെ അവന്റെ മുടിയിഴകളില്‍ തലോടി, യേശു മുഖം തിരിച്ച് അമ്മയെ നോക്കി പുഞ്ചിരിച്ചു. നിരയൊത്ത പല്ലുകള്‍, അവയില്‍ നിന്നും നിലാവൊഴുകി അമ്മയുടെ കണ്ണില്‍ പതിച്ചു.. ഉണ്ണിയായിരിക്കേ തന്റെ മുല കുടിച്ച് വയറ് നിറഞ്ഞ് ഉണ്ണി അവളെ നോക്കി ചിരിച്ചത് പോലെ മറിയത്തിന് തോന്നി. ഇടതൂര്‍ന്ന മുടി പകുത്തുമാറ്റി മറിയം അവന്റെ തലയില്‍ പേനുണ്ടോ എന്ന് അന്വേഷിച്ചു. തലമുടിയില്‍ ദേവദാരുപ്പൂമണം… മരങ്ങള്‍ എന്തേ ഇവനെ കാണുമ്പോള്‍ പൂക്കള്‍ പൊഴിക്കുന്നുവെന്ന് മറിയം അതിശയിച്ചു. ഇത്തവണയും യേശു ചിരിച്ചു. അത് അമ്മ കണ്ടില്ലാ.. അമ്മ അവനോട് പറയാനൊരുവാക്ക് തിരയുകയായിരുന്നു…

അങ്ങനെ നോക്കിയിരുന്നെങ്കില്‍ അവര്‍ക്കും ഒരു ജോടി വര്‍ണ്ണച്ചിറകുകള്‍ മുളക്കുകയും അതുമായ് ആകാശത്ത് പറന്നു നടക്കാനും ആവുമായിരുന്നില്ലേ…?

“ഇനിയും ഇങ്ങനെ പറ്റില്ലാ..”യേശു മുഖമുയര്‍ത്തി
“യാക്കൂബിന്റെ മകളെ നീ അറിയില്ലേ…?”

ചന്തയിലെ പലചരക്ക് വ്യാപാരി… യാക്കൂബിനെ അറിയാം.. മകളെ അറിയില്ലെന്ന് യേശു മറുപടി പറഞ്ഞു.”

നല്ലൊരു കുട്ടിയാ, നല്ല ചന്തം. നല്ല പെരുമാറ്റം. എന്നെക്കാണുമ്പോഴൊക്കെ നിന്നെക്കുറിച്ച് ചോദിക്കുന്നു.”
യേശു മറിയത്തിന്റെ കൈ എടുത്ത് പതിയെ തലോടി…
“വിവാഹം കഴിക്കണം..”ഒരു ശിശുവിനെപ്പോലെ യേശു അമ്മയെ നോക്കി..

വിവാഹം ? യേശുവിന് മനസ്സിലായില്ലാ…

യേശു നിര്‍ത്താതെ പുഞ്ചിരിച്ചു… മറിയത്തിന്റെ മുഖത്ത് ആകുലത നിറഞ്ഞു

ഒരു ചിത്രശലഭം പോലും തന്നെ നോക്കുന്നത് താന്‍ അറിയുന്നു. അത്രക്ക് സൗമ്യമായ പൂമ്പാറ്റ നോട്ടം ..യേശുവിന്റെ ഉടലില്‍ കുളിരുകോരി.. ഒരു പെണ്‍കുട്ടിക്ക് എന്തേ ഒരു പൂവിനെപ്പോലെ തന്നെ നോക്കാന്‍ ആവുന്നില്ലാ..?യേശുവിന്റെ മനസ്സുതുടിച്ചു…

അങ്ങനെ നോക്കിയിരുന്നെങ്കില്‍ അവര്‍ക്കും ഒരു ജോഡി വര്‍ണ്ണച്ചിറകുകള്‍ മുളക്കുകയും അതുമായ് ആകാശത്ത് പറന്നു നടക്കാനും ആവുമായിരുന്നില്ലേ…? വര്‍ണ്ണച്ചിറകുള്ളൊരു പെണ്‍കൊടി!

യേശു നിര്‍ത്താതെ പുഞ്ചിരിച്ചു… മറിയത്തിന്റെ മുഖത്ത് ആകുലത നിറഞ്ഞു….ഇനി വിവാഹത്തെക്കുറിച്ച് പറഞ്ഞാല്‍ യേശു നിര്‍ത്താതെ ചിരിക്കുമെന്നും … അത് തനിക്ക് മനസ്സ് തകര്‍ക്കുന്ന ഒന്നായ് തീരുമെന്നും മനസ്സിലാക്കി… മറിയം യേശുവിനെ പതിയെ ഒലീവുമരത്തിന്റെ വേരിലേക്ക് ചാരിക്കിടത്തി വീട്ടിലേക്ക് നടന്നു..
യേശു അകാശത്തിന്റെ അനന്തതയിലേക്ക് തന്റെ മിഴികളെടുത്തുവെച്ച്.. ആര്‍ദ്രമായ ഏതോ സംഗീതം ശ്രവിച്ച് കിടന്നു.


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍