പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഇന്ത്യയില്‍ ബാലറ്റ് പെട്ടി സ്ഥാപിക്കുമെന്ന് മാലിദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷന്‍
World News
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഇന്ത്യയില്‍ ബാലറ്റ് പെട്ടി സ്ഥാപിക്കുമെന്ന് മാലിദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 9:07 pm

മാലേ: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ബാലറ്റ് പെട്ടികള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സ്ഥാപിക്കുമെന്ന് മാലിദ്വീപ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളിലും ബാലറ്റ് പെട്ടികള്‍ സ്ഥാപിക്കുമെന്നാണ് കമ്മീഷന്റെ പ്രഖ്യാപനം. മൂന്ന് രാജ്യങ്ങളിലായുള്ള നിരവധി ദ്വീപ് പൗരന്മാര്‍ വോട്ടുചെയ്യാന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തിയതിനാലാണ് ഈ തീരുമാനമെടുത്തതെന്നും കമ്മീഷന്‍ അറിയിച്ചു.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തും ശ്രീലങ്കയിലെ കൊളംബോയിലും മലേഷ്യയിലെ ക്വാലാലംപൂരിലുമാണ് ബാലറ്റ് പെട്ടികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പോളിങ് അതോറിറ്റി അറിയിച്ചു.

ഏപ്രില്‍ 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് നിരവധി ആളുകള്‍ ആവശ്യപ്പെട്ടിരുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഏകദേശം 11,000 മാലദ്വീപുകാര്‍ തങ്ങളുടെ പോളിങ് സ്റ്റേഷനുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അതോറിറ്റി പറഞ്ഞു.

ഇന്ത്യയില്‍ തിരുവനന്തപുരത്ത് നിന്ന് 150 പേര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അവിടെ ഒരു ബാലറ്റ് പെട്ടി സ്ഥാപിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് കമ്മീഷന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ വര്‍ഷം വോട്ട് രേഖപ്പെടുത്തുന്നതിന് രജിസ്ട്രേഷന്‍ നടത്തിയവരുടെ എണ്ണം കുറവാണെന്ന് മാലിദ്വീപിന്റെ സെക്രട്ടറി ജനറല്‍ ഹസന്‍ സക്കറിയ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 17ന് ആയിരുന്നു ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റംസാനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഏപ്രില്‍ 21 ലേക്ക് മാറ്റിവെച്ചു.

Content Highlight: The Maldives Election Commission said that the ballot boxes for the upcoming parliamentary elections will be installed in countries including India