നടനായും അവതാരകനായും എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ജി.പിയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജി.പി അവതാരകനായി തിളങ്ങുന്നത്. ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നയാളാണ് ജി.പി. തന്റെ യാത്രകളെ കുറിച്ചും പ്രൊജക്ടകളെ കുറിച്ചുമെല്ലാം താരം സംസാരിക്കാറുണ്ട്.
2018 ല്‍ മുണ്ടുടുത്ത് യു.എസിലെ ലാസ് വെഗസില്‍ എത്തിയ ജി.പിയുടെ ചിത്രം സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ആഘോഷമാക്കിയിരുന്നു. ‘നാട്ടിലെവിടെയാ’ എന്നെഴുതിയ ടീഷര്‍ട്ടും മുണ്ടുമുടുത്തായിരുന്നു ജി.പി ലാസ് വെഗാസിന്റെ നഗരവീഥിയിലൂടെ നടന്നത്.
അന്ന് എന്തുകൊണ്ടായിരുന്നു അത്തരത്തിലൊരു വേഷം ധരിച്ചത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തനി മലയാളിയായി ലാസ് വെഗാസിലൂടെ നടന്നതിനെ കുറിച്ച് ജി.പി മനസുതുറന്നത്.
‘ ഞാന്‍ അവിടെ ഒരു പാന്റും ഇട്ട് പോയാല്‍ ഈയൊരു ചോദ്യം വരുമായിരുന്നോ? ഒരു സംസാരവിഷയമാക്കാന്‍ വേണ്ടി തന്നെയായിരുന്നു അങ്ങനെ ചെയ്തത്’ എന്നായിരുന്നു ജി.പിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.
” എന്റെ ഉള്ളിലെ ഷോ മാന്‍ പുറത്തുവന്നതാണ്. അവതാരകന്‍, ആക്ടര്‍ എന്നുപറയുന്ന ആള്‍ക്ക് അറ്റന്‍ഷന്‍ സീക്കിങ് ആയിട്ടുള്ള ചില കാര്യങ്ങള്‍ അവരുടെ പേഴ്‌സണാലിറ്റിയില്‍ ഉണ്ടാകും. അതുകൊണ്ടാണ് അവര്‍ അതാകുന്നത്. ഒരു നാര്‍സിസിസ്റ്റ് സ്വഭാവം. അങ്ങനെയൊരു എലമന്റ് ഉണ്ടാകുന്നത് നല്ലതാണ്.
എന്നാല്‍ അത് ഓവര്‍ ആകാനും പാടില്ല. അത് ബാലന്‍സ് ചെയ്യാന്‍ പറ്റണം. മറ്റുള്ളവരെ വെറുപ്പിക്കുന്ന രീതിയില്‍ ആയിക്കഴിഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ്. ലാസ് വെഗസ് വരെ പോയിട്ട് അവിടെ എന്തെങ്കിലും ക്രിയേറ്റീവായ ഒരു വ്യത്യസ്തത കൊണ്ടുവരണമെന്ന് വിചാരിച്ചിരുന്നു. മുണ്ട് മാത്രമല്ല നാട്ടില്‍ എവിടെയാ എന്നെഴുതിയ ഒരു ടീഷര്‍ട്ടും ഇട്ടാണ് അവിടെ നിന്നത്.
മലയാളികള്‍ ഉണ്ടെങ്കില്‍ മാത്രമേ എന്നെ അവിടെ ആരെങ്കിലുമൊക്കെ സാധാരണ നിലയില്‍ തിരിച്ചറിയാറുള്ളൂ. പക്ഷേ ഈ മുണ്ടിട്ട് നടക്കുമ്പോള്‍ അങ്ങനെയുള്ള വസ്ത്രം അവിടെ ആരും ധരിക്കാത്തതുകൊണ്ട് പുറത്തുനിന്നുള്ള വിദേശികളൊക്കെ ഇങ്ങനെ നോക്കുന്നുണ്ടായിരുന്നു. പിന്നെ നമുക്ക് ഇങ്ങനെ അറ്റന്‍ഷന്‍ കിട്ടുന്നതും ഇഷ്ടമുള്ള കാര്യമാണല്ലോ,” ജി.പി ചോദിക്കുന്നു.