|

ജോലി വാഗ്ദാനം ചെയ്ത് മലയാളികളെ കംബോഡിയയിലെത്തിച്ചു; തട്ടിപ്പിനിരയാക്കിയവര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കംബോഡിയയിലെത്തിച്ച് മലയാളികളെ തൊഴില്‍ തട്ടിപ്പിനിരായക്കിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാങ്കോക്കില്‍ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് കൊണ്ടുപോയെന്ന പരാതിയിലാണ് കേസ്. പേരാമ്പ്ര പൊലീസിന്റേതാണ് നടപടി.

തട്ടിപ്പിനിരയായ പേരാമ്പ്ര സ്വദേശി അബിന്‍ ബാബുവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

അബിന് ബാബു ഇപ്പോഴും തൊഴില്‍ തട്ടിപ്പിനിരയായി കംബോഡിയയില്‍ കുടുങ്ങികിടക്കുകയാണ്. തട്ടിപ്പിനിരയാക്കിയ അനുരാഗ്, ഫെമില്‍, തിരിച്ചറിയാന്‍ കഴിയാത്ത മറ്റൊരാള്‍ക്കുമെതിരെയാണ് അബിന്റെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.

യുവാക്കളെ തട്ടിപ്പിനിരയാക്കിയ മൂന്ന് പേരുടെയും മറ്റ് വിവരങ്ങളൊന്നും ബന്ധുക്കള്‍ക്കോ തട്ടിപ്പിനിരയായ യുവാക്കള്‍ക്കോ അറിയില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതികള്‍ മൂന്ന് പേരും നിലവില്‍ കംബോഡിയയില്‍ തന്നെയാണെന്നും ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

സെപ്തംബര്‍ ഏഴിനാണ് അബിന്‍ ബാബു ബാങ്കോക്കില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത്. രണ്ടാം പ്രതിയായ ഫെമിലാണ് അബിനെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. പിന്നാലെ ബാങ്കോക്കില്‍ കൊണ്ടുപോവാതെ ജോലി സ്ഥലം കംബോഡിയയിലാണെന്ന പറഞ്ഞ് തട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

തൊഴില്‍ തട്ടിപ്പിനിരയായ വടകര സ്വദേശികളായ ഏഴ് യുവാക്കളെ കംബോഡിയയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നു. അബിനെയും തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് ഏഴ് യുവാക്കളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് വടകര സ്വദേശികളായ യുവാക്കളെ തൊഴില്‍ തട്ടിപ്പിനിരയാക്കിയത്. ബെംഗളൂരുവില്‍ നിന്ന് തായ്‌ലാന്റിലേക്കും അവിടെ നിന്ന് കംബോഡിയയിലേക്കും യുവാക്കളെ കൊണ്ടുപോവുകയായിരുന്നു.

പിന്നാലെ സൈബര്‍ തട്ടിപ്പ് ജോലികള്‍ ചെയ്യാന്‍ ഇവരെ നിര്‍ബന്ധിക്കുകയും ജോലി ചെയ്യാന്‍ വിസമ്മതിച്ച യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെയും സര്‍ക്കാരിന്റയും ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചെത്തിച്ചത്.

Content Highlight: The Malayalees were brought to Cambodia with the promise of work; Case against fraudsters