Kerala News
കേരളാ സാർ, ഹൺഡ്രഡ് പെർസെന്റേജ് ലിറ്ററസി സാർ, പരിഹസിച്ച് ടോക്ക്ഷോ; 'വീ വോട്ട് ഫോർ പീപ്പിൾ നോട്ട് ഫോർ കൗ' സോഷ്യൽമീഡിയ കത്തിച്ച് മലയാളികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 10, 06:03 am
Monday, 10th February 2025, 11:33 am

കോഴിക്കോട്:  ഇന്ത്യാസ് ഗോട്ട് ലാറ്റിന്റ് എന്ന ഷോയിൽ എത്തിയ മലയാളി പെൺകുട്ടിയുടെ മറുപടിയും അതിനെതിരെയുള്ള പാനലിസ്റ്റുകളുടെ പരിഹാസവുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ഷോയിൽ എത്തിയ പെൺകുട്ടിയോട് നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതൃത്വം അല്ലെങ്കിൽ നേതാവ് ആരാണ് ഏത് ഐഡിയോളോജി ആണ് താങ്കൾ പിന്തുണക്കുന്നതെന്ന് പാനലിസ്റ്റ് ആയ റൺവീർ അല്ലാഹ്‌ബാദിയ ചോദിക്കുന്നു. എന്നാൽ  പെൺകുട്ടി ഞാൻ പൊളിറ്റിക്സ് കാണാറില്ല എന്ന മറുപടി നൽകുന്നു. പിന്നാലെ നിങ്ങൾക്ക് എന്തെങ്കിലും പൊളിറ്റിക്കൽ ഒപ്പീനിയൻ ഉണ്ടോ എന്നും നിങ്ങൾ വോട്ട് ചെയ്യാറെങ്കിലും ഉണ്ടോ എന്നും റൺവീർ ചോദിക്കുന്നു.

അല്പം പുച്ഛത്തോടെ പെൺകുട്ടി ഞാൻ വോട്ട് ചെയ്യാനോ ഒരിക്കലും ഇല്ല എന്ന മറുപടി നൽകുന്നു. ഉടനെ തന്നെ പാനൽ പെൺകുട്ടിയുടെ അരാഷ്ട്രീയതയെയും ഒപ്പം കേരളത്തെയും പരിഹസിക്കുന്നു. ‘കേരളാ സാർ ഹൺഡ്രഡ് പെർസെന്റേജ് ലിറ്ററസി സാർ’ എന്നായിരുന്നു പരിഹാസപൂർവ്വം പാനൽ പറഞ്ഞത്.

കേരളത്തിലെ ജനങ്ങൾ സമ്പൂർണ സാക്ഷരരാണ്, പക്ഷേ രാഷ്ട്രീയമില്ല, വോട്ടും ചെയ്യില്ല എന്ന പരിഹാസമാണ് പാനൽ തൊടുത്ത് വിട്ടത്. വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആവുകയും അത് ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള വലിയ വാക്പോരിലേക്ക് മാറുകയും ചെയ്തു.

പിന്നാലെ മറുപടിയുമായി നിരവധി മലയാളികൾ എത്തിയിരിക്കുകയാണ്.

‘ഞങ്ങൾ കേരളത്തിൽ നിന്നുള്ളവരാണ് അതെ ഞങ്ങൾക്ക് നൂറ് ശതമാനം സാക്ഷരതയുണ്ട്. ഞങ്ങൾ ഒരിക്കലും ഏതെങ്കിലും വർഗീയ കക്ഷികൾക്ക് വേണ്ടിയോ പശുവിന് വേണ്ടിയോ വോട്ട് ചെയ്യാറില്ല. ഞങ്ങൾ ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. ഞങ്ങൾ മന്ദിറുകൾക്ക് വേണ്ടിയോ മസ്ജിദുകൾക്ക് വേണ്ടിയോ വോട്ട് ചെയ്യാറില്ല,’ ഇന്ത്യാസ് ഗോട്ട് ലാറ്റന്റിൽ ഷോയ്ക്ക് മറുപടിയായി ഒരു മലയാളി ചെയ്ത വീഡിയോയിൽ പറയുന്നതാണിത്.

കൂടാതെ നിരവധി കമന്റുകളാണ് ഷോയുടെ കമെന്റ് ബോക്സിൽ നിറയുന്നത്. ‘കേരളത്തെ വിമർശിക്കുന്ന വീഡിയോയിൽ ആണ് റൺവീർ ഏറ്റവും കൂടുതൽ ചിരിക്കുന്നത്. എന്തിന്? രൺവീറിന്റെ മിക്കവാറും എല്ലാ വ്യാജ വാർത്തകളും/വിദ്വേഷ പ്രചാരണ വീഡിയോകളും തള്ളിക്കളയുന്നത് മലയാളികൾ മാത്രമാണ്. കേരളത്തെ പരിഹസിക്കാനുള്ള അവസരം അവൻ പാഴാക്കില്ല,’ എക്‌സിൽ ഒരു ഉപഭോക്താവ് കമന്റ് ചെയ്തു.

രാജ്യത്തുടനീളമുള്ള മത്സരാർത്ഥികൾക്ക് അവരുടെ മറഞ്ഞിരിക്കുന്ന കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുന്ന ഷോ ആണ് ഇന്ത്യാസ് ഗോട്ട് ലാറ്റന്റ. സമയ് റെയ്‌ന യൂട്യൂബിൽ ഹോസ്റ്റ് ചെയ്യുന്ന ഈ ഇന്ത്യൻ ഹിന്ദി ഭാഷാ ടാലന്റ് ഷോയിൽ പരസ്പരം റോസ്റ്റ് ചെയ്യുകയും ബ്ലാക്ക് ഹ്യുമർ പങ്കുവെക്കുകയും ചെയ്യും.

 

Content Highlight: The Malayalee girl’s response to the show India’s Got Latin and the panelists’ mockery against it is going viral on social media