| Saturday, 24th September 2022, 10:31 pm

തെലുങ്കിനൊപ്പം ഗോഡ്ഫാദറിന്റെ മലയാളം വേര്‍ഷനും റിലീസ് ചെയ്യും; വിചിത്രമായ തീരുമാനം; എന്തിനെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയില്‍ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ റീമേക്കാണ് ഗോഡ്ഫാദര്‍.

ഇപ്പോഴിതാ വിചിത്രമായൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോഡ്ഫാദറിന്റെ അണിയറപ്രവര്‍ത്തകര്‍. തെലുങ്കിനൊപ്പം ചിത്രത്തിന്റെ മലയാളം വേര്‍ഷനും റിലീസ് ചെയ്യും. മലയാളത്തില്‍ നിന്ന് തന്നെ റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ എന്തിനാണ് റിലീസ് ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് തെലുങ്കില്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ഹിന്ദി വേര്‍ഷനും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.

ഗോഡ്ഫാദറിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ വലിയ വിമര്‍ശനം മലയാളി പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നിരുന്നു. തെലുങ്ക് ചിത്രങ്ങളുടെ പ്രത്യേകതയായ ആക്ഷന്‍ രംഗങ്ങളിലെ അതിമാനുഷികതയാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാനമായും കാരണമായത്.

ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഗോഡ്ഫാദര്‍. മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് നയന്‍താരയാണ്.

ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ്. തമന്‍ ആണ് സംഗീതം. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു.

ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. സുജീത്ത്, വി.വി. വിനായക് എന്നീ പേരുകള്‍ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവര്‍ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങള്‍ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടര്‍ന്നാണ് തമിഴ് സംവിധായകന്‍ മോഹന്‍രാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. എന്‍.വി. പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മിക്കുന്നത്.

Content Highlight: The Malayalam version of the film godfather will also be released along with Telugu

We use cookies to give you the best possible experience. Learn more