കേരളത്തിലും തരംഗമാവാന്‍ കാന്താര; മലയാളം ട്രെയ്‌ലര്‍ പുറത്ത്
Film News
കേരളത്തിലും തരംഗമാവാന്‍ കാന്താര; മലയാളം ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th October 2022, 1:58 pm

കന്നഡയില്‍ വമ്പന്‍ വിജയമായ കാന്താരയുടെ മലയാളം ട്രെയ്‌ലര്‍ പുറത്ത്. ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുന്നത്. നായകനായ ശിവയിലൂടെയും അവന്റെ ഗ്രാമത്തിലൂടെയുമാണ് ട്രെയ്‌ലര്‍ കടന്നുപോകുന്നത്.

ഒക്ടോബര്‍ 20നാണ് റിഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ റിലീസ് ചെയ്യുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കെ.ജി.എഫിന് ശേഷം ഹോംബാലെ ഫിലിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് കാന്താര. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

കര്‍ണാടകക്ക് പുറത്തേക്കും വലിയ ചര്‍ച്ചയായതോടെയാണ് കാന്താര മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചത്. ചിത്രത്തെ പുകഴ്ത്തി പ്രഭാസും രംഗത്തെത്തിയിരുന്നു. ‘കാന്താര രണ്ടാം തവണയും കണ്ടു, എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കണ്‍സെപ്റ്റും ത്രില്ലിങ് അനുഭവവും. നിര്‍ബന്ധമായും തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രം,’ എന്നാണ് പ്രഭാസ് സമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 30ന് കര്‍ണാടകയില്‍ റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് സംസ്ഥാനത്ത് നിന്ന് 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: The Malayalam trailer of Kannada hit Kantara is out