| Saturday, 10th February 2024, 2:54 pm

വില്ലനായി പൃഥ്വി; ആക്ഷന്‍ പാക്ക്ഡ്‌ സീക്വന്‍സുമായി ആ ബോളിവുഡ് ചിത്രം; മേക്കിങ് വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്.

ആക്ഷന്‍ പാക്ഡായ സീക്വന്‍സുകള്‍ നിറഞ്ഞ വീഡിയോയുടെ പശ്ചാത്തലത്തില്‍ മഞ്ഞുമൂടിയ പര്‍വതങ്ങളും പച്ചപ്പുമാണുള്ളത്. വായുവിലൂടെ പറക്കുന്ന കാറുകള്‍ മുതല്‍ സാഹസികമായ ഹെലികോപ്റ്റര്‍ രംഗങ്ങള്‍ വരെ ഈ മേക്കിങ് വീഡിയോയിലുണ്ട്.

സംവിധായകന്‍ അലി അബ്ബാസ് സഫര്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരെയും സിനിമയുടെ ക്രൂവിനെയും വീഡിയോയില്‍ കാണാം. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്.

ചിത്രത്തില്‍ മലയാളത്തിന്റെ പൃഥ്വിരാജാണ് കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍.

ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. മുംബൈ, ലണ്ടന്‍, അബുദാബി, സ്‌കോട്ട്ലന്‍ഡ്, ജോര്‍ദാന്‍ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഈ പാന്‍-ഇന്ത്യ സിനിമയില്‍ സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് എന്നിവരാണ് നായികമാര്‍.

രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്‌നാനിയും പൂജ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് അലി അബ്ബാസ് സഫര്‍ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിര്‍മാണം. വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, അലി അബ്ബാസ് സഫര്‍ എന്നിവരാണ് നിര്‍മാതാക്കള്‍.

അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടൈനര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍തന്നെ വരാനിരിക്കുന്നുവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം ഈദ് റിലീസായി ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. വാര്‍ത്ത പ്രചാരണം: പി. ശിവപ്രസാദ്.


Content Highlight: The making video of ‘Bade Miyan Chote Miyan’ has been released

We use cookies to give you the best possible experience. Learn more