എട്ടു ദിവസം കൊണ്ട് മാമാങ്കം നൂറ് കോടി ക്ലബ്ബിലെന്ന് നിര്‍മ്മാതാവ്; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
Malayalam Cinema
എട്ടു ദിവസം കൊണ്ട് മാമാങ്കം നൂറ് കോടി ക്ലബ്ബിലെന്ന് നിര്‍മ്മാതാവ്; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st December 2019, 12:23 pm

കൊച്ചി: റിലീസ് ചെയ്ത് എട്ടാം ദിവസം മമ്മൂട്ടി നായകനായ മാമാങ്കം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍. നിര്‍മ്മാതാവ് തന്നെയാണ് ഈ അവകാശവാദവുമായി രംഗത്ത് എത്തിയത്.

ലോകവ്യാപകമായുള്ള സിനിമയുടെ വ്യാപാരമാണ് നൂറ് കോടിയെന്നാണ് പറയുന്നത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാപകമായി ചിത്രത്തിനെതിരെ ഡീഗ്രേഡിങ് നടക്കുന്നതായി നിര്‍മ്മാതാവ് ആരോപിച്ചിരുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം ചൈനയിലും റീലീസ് ചെയ്യുമെന്നും റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.

മാസ്റ്റര്‍ അച്യൂതന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചന്ദ്രോത്ത് ചന്തുണ്ണിയെന്നാണ് ചിത്രത്തില്‍ അച്യൂതിന്റെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അനന്തരവനാണ്. നിലപാട് തറയുടെ അടുത്തെത്തുന്ന കഥാപാത്രം.