സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍
Kerala
സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th October 2020, 3:26 pm

തൃശ്ശൂര്‍: സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നന്ദനാണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ നന്ദനാണ് മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നന്ദനാണ് സനൂപിനെ കുത്തിവീഴ്ത്തിയതെന്നും തലക്കടിച്ച്  പരിക്കേല്‍പ്പിച്ചതെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.

നന്ദന്‍ ജില്ല വിട്ട് പോയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നന്ദനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാടി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.

കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് വിവരം. നന്ദന്‍, ശ്രീരാഗ്, സതീഷ് അഭയജിത്ത് എന്നിവരെ കൂടാതെ വേറെ ചിലര്‍കൂടി കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നതായി ഇവര്‍ പൊലീസിന് മൊഴിനല്‍കിയതായി സൂചനയുണ്ടായിരുന്നു.

നാലുപ്രതികളെ കൂടാതെ കൊലപാതകത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ചശേഷം മടങ്ങുകയായിരുന്ന സനൂപിനും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണമുണ്ടാകുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സനൂപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബി.ജെ.പി.- ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. എട്ടോളം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ വാളും കത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും സി.പി.ഐ.എം പറഞ്ഞു.

Content Highlight: The main accused in the murder of CPI (M) branch secretary has been arrested